നൂറ് രൂപ നോട്ടിന് ക്ഷാമം

Posted on: May 7, 2018 6:05 am | Last updated: May 6, 2018 at 11:36 pm

പൂനെ: നൂറ് രൂപ നോട്ടുകള്‍ക്ക് അനുഭവപ്പെടുന്ന ക്ഷാമം വരും ദിവസങ്ങളില്‍ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ഇടവരുത്തുമെന്ന് ബേങ്കുകള്‍ക്ക് ആശങ്ക. ലഭ്യമായ നൂറ് രൂപ നോട്ടുകള്‍ മുഷിഞ്ഞവ ആയതിനാല്‍ എ ടി എമ്മുകളില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നില്ല. ഇതോടൊപ്പം പുതിയ 200, 500, 2000 രൂപ നോട്ടുകള്‍ ആവശ്യത്തിന് ലഭ്യമല്ലാതായതും പ്രതിസന്ധി രൂക്ഷമാക്കുകയാണ്.

കീറിയതും 2005ന് മുമ്പ് ഇറക്കിയതുമായ 100 രൂപ നോട്ടുകളാണ് എ ടി എം മെഷീനികളില്‍ നിക്ഷേപിക്കാന്‍ സാധിക്കാത്തത്. എന്നാല്‍, 200, 500 രൂപ നോട്ടുകളുടെ ക്ഷാമം കാരണം എ ടി എം മെഷീനുകളില്‍ കൂടുതല്‍ 100 രൂപ നോട്ടുകള്‍ ആവശ്യമായി വരികയും ചെയ്യുന്നതായി ബേങ്ക് വൃത്തങ്ങള്‍ പറയുന്നു. നിലവിലുണ്ടായിരിക്കുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് വിവിധ ബേങ്കുകള്‍ റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ ബി ഐ) ശ്രദ്ധയില്‍പ്പെടുത്തി.

നോട്ട് നിരോധനം നടപ്പാക്കിയതിന് പിന്നാലെ, പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വലിയ അളവില്‍ നൂറ് രൂപ നോട്ടുകള്‍ ആര്‍ ബി ഐ പുറത്തിറക്കിയിരുന്നു. 2016- 17 വര്‍ഷം 5,500 ദശലക്ഷം നോട്ടുകള്‍ പുറത്തിറക്കിയപ്പോള്‍ കഴിഞ്ഞ വര്‍ഷം അത് 5,738 ദശലക്ഷമാക്കി ഉയര്‍ത്തി. പ്രതിസന്ധി പരിഹരിക്കാന്‍ ബേങ്കുകളിലെ മുഷിഞ്ഞ നൂറ് രൂപ നോട്ടുകള്‍ക്ക് കൂടി വിനിമയ അനുമതി നല്‍കുകയും ചെയ്തിരുന്നു.

അതുകൊണ്ട് തന്നെ നിലവില്‍ പ്രചാരത്തിലുള്ള നൂറ് രൂപ നോട്ടുകളില്‍ ഭൂരിഭാഗവും കീറിയതോ ഉപയോഗം കൊണ്ട് മുഷിഞ്ഞതോ ഒക്കെയാണ്. ഇവ കൈകാര്യം ചെയ്യുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുവെന്ന് ഒരു പൊതുമേഖലാ ബേങ്കിന്റെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

2,000 രൂപക്ക് ചില്ലറ നല്‍കേണ്ടിവരുന്നതും 500 രൂപ നോട്ടുകള്‍ ആവശ്യത്തിന് ഇല്ലാത്തതും കാരണമാണ് നൂറ് രൂപക്ക് വലിയ ചെലവ് വരുന്നത്. ആര്‍ ബി ഐയുടെ കണക്കുകളും ഈ വിലയിരുത്തലിനെ സാധൂകരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍, നൂറ് രൂപ ഉള്‍പ്പെടെയുള്ള പഴകിയ നോട്ടുകള്‍ നശിപ്പിക്കുന്നതിന്റെ തോത് ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് 2016- 17 സാമ്പത്തിക വര്‍ഷത്തില്‍ ഇത് പകുതിയായി കുറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ 5,100 ദശലക്ഷം പഴകിയ മൂറ് രൂപ നോട്ടുകളാണ് നശിപ്പിച്ചത്. എന്നാല്‍, 2016-17 വര്‍ഷത്തില്‍ 2,586 ദശലക്ഷമായി ചുരുങ്ങി. ഇക്കാരണങ്ങള്‍ കൊണ്ട്, നൂറിന്റെ 19.3 ശതമാനം നോട്ടുകള്‍ ഇപ്പോള്‍ അധികമായി വിനിമയം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതേസമയം, ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന എ ടി എമ്മുകള്‍ വഴി ഇവ വിതരണം ചെയ്യാന്‍ സാധിക്കുന്നുമില്ല.

അമ്പതും അതില്‍ താഴെയുമുള്ള നോട്ടുകളുടെ സ്ഥിതിയും മറിച്ചല്ല. ഈ നോട്ടുകളുടെ ബേങ്ക് വിനിമയ നിരക്ക് 2017 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 7.3 ശതമാനമായി ഉയര്‍ന്നിരുന്നു.