പാക്കിസ്ഥാനില്‍ രണ്ട് കല്‍ക്കരി ഖനികള്‍ തകര്‍ന്ന് 18 മരണം

Posted on: May 6, 2018 11:20 am | Last updated: May 6, 2018 at 3:40 pm

ഇസ്്‌ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ രണ്ട് കല്‍ക്കരി ഖനികള്‍ തകര്‍ന്ന് 18 പേര്‍ മരിച്ചു. അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റുവെന്നും അധിക്യതര്‍ പറഞ്ഞു. പ്രവിശ്യാ തലസ്ഥാനമായ ക്വറ്റക്ക് സമീപം മാര്‍വാറിലെ ഒരു ഖനിയിലുണ്ടായ വാതക സ്‌ഫോടനത്തെത്തുടര്‍ന്ന് പത്തിലധികം തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുകയാണ്. അപകടത്തില്‍ 16പേര്‍ മരിച്ചുവെന്ന് ക്വറ്റയിലെ ഡപ്യൂട്ടി കമ്മീഷണര്‍ ഫാറൂഖ് അതിഖ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. ഖനിയില്‍നിന്നും ഇവരുടെ മ്യതദേഹങ്ങള്‍ പുറത്തെടുത്തുവെന്നും ഇദ്ദേഹം പറഞ്ഞു. ഇവിടെ ഖനിയില്‍ കുടുങ്ങിപ്പോയ ആറ് പേരെ പുറത്തെടുത്തുവെന്നും ഒരാളെ ഇപ്പോഴും രക്ഷപ്പെടുത്താനായിട്ടില്ലെന്നും അതിഖ് പറഞ്ഞു.

അതേ സമയം ഷംഗ്ല ജില്ലയിലെ പാക്തുണ്‍ഖയിലെ ഖനിയില്‍ മരിച്ച നിരവധി പേരുടെ മ്യതദേഹങ്ങള്‍ പുറത്തെടുക്കാനായിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൊഴിലാളികള്‍ ഖനിക്കുള്ളില്‍ ജോലിയെടുക്കവെയുണ്ടായ വാതക സ്‌ഫോടനത്തെത്തുടര്‍ന്നാണ് ഖനിയിടിഞ്ഞ് അപകടമുണ്ടായത്. ക്വറ്റക്ക് സമീപം പാക്കിസ്ഥാന്‍ മിനറല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഖനിയിലുണ്ടായ അപകടത്തില്‍ ഒമ്പത് തൊഴിലാളികള്‍ ഇപ്പോഴും ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെനിന്നും രണ്ട് തൊഴിലാളികളുടെ മ്യതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഖനികള്‍ ആധുനിക വത്കരിക്കാത്തതിനാലും പരിശീലനത്തിന്റേയും ഉപകരണങ്ങളുടേയും അഭാവത്തില്‍ പാക്കിസ്ഥാനില്‍ ഖനിയപകടങ്ങള്‍ തുടര്‍ക്കഥയാണ്. രാജ്യത്ത് വര്‍ഷംതോറം ഖനിയപകടങ്ങളില്‍ നൂറ് മുതല്‍ ഇരുന്നൂറ് പേര്‍വരെ മരിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.