Connect with us

National

യോഗിയുടെ ഭരണത്തിന്‍ കീഴില്‍ ഏറ്റുമുട്ടലില്‍ മരിച്ചവരുടെ എണ്ണം 50 ആയി

Published

|

Last Updated

ലക്‌നോ: ഉത്തര്‍ പ്രദേശില്‍ ബി ജെ പി അധികാരമേറ്റ് ഒരു വര്‍ഷം പൂര്‍ത്തിയായതിനിടെ അമ്പതാമത്തെ ഏറ്റുമുട്ടല്‍ കൊല റിപ്പോര്‍ട്ട് ചെയ്തു. മുസാഫര്‍നഗറിലാണ് ഒടുവിലത്തെ ഏറ്റുമുട്ടല്‍ കൊലപാതകം റിപ്പോര്‍ട്ട് ചെയ്തത്. ക്രിമിനല്‍ പ്രതിയാണ് ഏറ്റുമുട്ടലില്‍ മരിച്ചതെന്ന് പോലീസ് അറിയിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

മുകീം കാല സംഘാംഗമായ രിഹാന്‍ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ തലക്ക് അര ലക്ഷം രൂപ വിലയിട്ടിരുന്നു. കൊലപതാകം, കൊലപാതക ശ്രമം ഉള്‍പ്പെടെ ഇയാള്‍ക്കെതിരെ 15 കേസുകളാണുള്ളത്. കൂട്ടാളിക്കെതിരെയുള്ള കേസിലെ സാക്ഷികളാണെന്ന് സംശയിച്ച് 45കാരിയെയും 11കാരനായ ഇവരുടെ മകനെയും ആക്രമിക്കാന്‍ പ്രാദേശിക ആശുപത്രിയിലേക്ക് പോകുംവഴിയാണ് ഏറ്റുമുട്ടലുണ്ടായത്. കൂട്ടാളിക്കൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ഇയാള്‍. കഴിഞ്ഞ ഡിസംബര്‍ 15ന് ഇവരെ രിഹാന്‍ ആക്രമിച്ചിരുന്നു. അന്ന് മുതല്‍ നോട്ടമിട്ടിരിക്കുകയായിരുന്നുവെന്ന് മുസാഫര്‍നഗര്‍ എസ് എസ് പി ആനന്ദ് ദിയോ പറഞ്ഞു. ആശുപത്രിയില്‍ വെച്ച് രിഹാന്‍ യുവതിയെ ആക്രമിക്കുമെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ചര്‍തവാല്‍- പീന റോഡില്‍ പോലീസ് ഇവരെ കാത്തിരുന്നു. ഇരുകൂട്ടരും തമ്മിലുണ്ടായ രൂക്ഷ വെടിവെപ്പില്‍ രിഹാന് പരുക്കേല്‍ക്കുകയും കൂട്ടാളി രക്ഷപ്പെടുകയും ചെയ്തു. ആശുപത്രിയില്‍ വെച്ചാണ് രിഹാന്‍ മരിച്ചത്. രണ്ട് പിസ്റ്റളുകള്‍ കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ യു പിയില്‍ അധികാരമേറ്റതിന് ശേഷം 1700 ഏറ്റുമുട്ടലില്‍ 50 പേരാണ് മരിച്ചത്. ഇവയില്‍ നാലെണ്ണത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണം നടത്തുന്നുണ്ട്. വ്യാജ ഏറ്റുമുട്ടലാണെന്ന പരാതിയെ തുടര്‍ന്നാണിത്.