Connect with us

Sports

കോസിന്‍ലെ പുറത്ത്; ലോകകപ്പില്‍ ഫ്രാന്‍സിന്റെ സെന്റര്‍ ബാക്കില്‍ ഇനിയാര് ?

Published

|

Last Updated

കോസിന്‍ലെ പരുക്കിന്റെ വേദനയില്‍

മാഡ്രിഡ്: യൂറോപ ലീഗ് സെമിയില്‍ ആഴ്‌സണല്‍ ഡിഫന്‍ഡര്‍ ലോറന്റ് കോസിന്‍ലെ പരുക്കേറ്റ് വീണപ്പോള്‍ പിടഞ്ഞത് ഫ്രാന്‍സിന്റെ നെഞ്ചകമാണ്. റഷ്യയില്‍ ലോകകപ്പ് കിക്കോഫിന് ആറാഴ്ചയില്ല.

അപ്പോഴാണ്, ടീമിന്റെ നെടുംതൂണായ ഡിഫന്‍ഡര്‍ പരുക്കേറ്റ് ലോകകപ്പില്‍ നിന്ന് പുറത്താകുന്നത്. മുപ്പത്തിരണ്ടുകാരനായ കോസിന്‍ലെ കണ്ണീരോടെയാണ് കളം വിട്ടത്. ലോകകപ്പ് കളിക്കാന്‍ സാധിക്കില്ലെന്ന ബോധ്യം കോസിന്‍ലെയെ തളര്‍ത്തുന്നതായി. കണങ്കാലിനാണ് പരുക്കേറ്റിരിക്കുന്നത്. ഇതത്ര പെട്ടെന്ന് സുഖപ്പെടില്ല.

അത്ഭുതങ്ങള്‍ സംഭവിച്ചാലെ, ലോകകപ്പിന് മുമ്പ് തിരിച്ചുവരവ് സാധ്യമാകൂ – ആഴ്‌സണല്‍ കോച്ച് ആര്‍സെന്‍ വെംഗറുടെ സ്ഥിരീകരണം നടുക്കത്തോടെയാണ് ഫ്രാന്‍സ് ഫുട്‌ബോള്‍ പ്രേമികള്‍ ഉള്‍ക്കൊണ്ടത്.

ജൂണ്‍ പതിനാറിന് ആസ്‌ത്രേലിയക്കെതിരെയാണ് ഫ്രാന്‍സിന്റെ ആദ്യ മത്സരം. 2011 ലാണ് കോസിന്‍ലെ ഫ്രാന്‍സിനായി അരങ്ങേറിയത്. 51 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചു. ദെഷാംസ് ഫ്രാന്‍സിന്റെ കോച്ചായതിന് ശേഷം കോസിന്‍ലെ ടീമിലെ സ്ഥിരം കണ്ണിയായിരുന്നു.

 

പരിചയ സമ്പന്നനായ സെന്റര്‍ ബാക്ക് ലോറന്റ് കോസിന്‍ലെക്ക് പകരക്കാരനെ കണ്ടെത്തുക എന്നതാണ് കോച്ച് ദെഷാംസിന് മുന്നിലെ ആദ്യ വെല്ലുവിളി. പകരക്കാരാകാന്‍ ഇവര്‍ തയ്യാറാണ്..

1-ക്ലെമന്റ് ലെന്‍ഗ്ലെറ്റ്

സ്പാനിഷ് ലാ ലിഗയില്‍ സെവിയ്യയുടെ സെന്റര്‍ ബാക്ക്. ഇരുപത്തിരണ്ട് വയസുകാരന്‍ ക്ലബ്ബ് സീസണില്‍ സെവിയ്യക്കായി 47 മത്സരങ്ങള്‍ കളിച്ചു. നാല് ഗോളുകളും നേടി. ബാഴ്‌സലോണയുടെ ട്രാന്‍സ്ഫര്‍ റഡാറില്‍ ഇടം പിടിച്ചുവെന്നതില്‍ നിന്ന് മനസ്സിലാക്കാം ഫ്രഞ്ച് ഡിഫന്‍ഡറുടെ മൂല്യം.

2- അയ്‌മെറിക് ലപോര്‍ടെ

അത്‌ലറ്റിക്കോ ബില്‍ബാവോയില്‍ നിന്ന് ജനുവരി ട്രാന്‍സ്ഫറില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിയ താരം.
ഇരുപത്തിമൂന്ന് വയസുകാരന്‍ പെപ് ഗോര്‍ഡിയോള എന്ന പരിശീലകന്റെ മുഖ്യ ആയുധമാണ്. 250 ടോപ് ഡിവിഷന്‍ മത്സരം കളിച്ചതിന്റെ പരിചയ സമ്പത്തുണ്ട്.
പാസിംഗിലുള്ള കൃത്യതയും അതിവേഗതയും ലപോര്‍ട്ടെയെ വ്യത്യസ്തനാക്കുന്നു. ലെഫ്റ്റ് ബാക്കായും ഉപയോഗിക്കാം.
ടാക്ലിംഗില്‍ അത്ര നൈപുണ്യമില്ലെങ്കിലും മികച്ച പൊസിഷനിംഗാണ് പ്രത്യേകത.

3- കുര്‍ട് സൗമ

ചെല്‍സി വായ്പയായി സ്റ്റോക് സിറ്റിക്ക് നല്‍കിയ ഡിഫന്‍ഡര്‍. പ്രീമിയര്‍ ലീഗില്‍ സ്റ്റോക്കിനായി 32 മത്സരങ്ങള്‍ കളിച്ചു.
ബോക്‌സിനുള്ളില്‍ ഹെഡര്‍ ബോളുകള്‍ ക്ലിയര്‍ ചെയ്യുന്നതില്‍ മിടുക്കന്‍. ഓരോ മത്സരത്തിലും മൂന്ന് ആകാശപ്പോരാട്ടങ്ങളില്‍ ഒന്നില്‍ ജയിക്കുന്നുവെന്നതാണ് സൗമയുടെ ഡിഫന്‍ഡിംഗ് സ്റ്റാറ്റിസ്റ്റിക്‌സ്.
ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തി നില്‍ക്കുന്ന ലിവര്‍പൂളിനെതിരെ ആന്‍ഫീല്‍ഡില്‍ തകര്‍പ്പന്‍ ഡിഫന്‍ഡിംഗ് കാഴ്ചവെച്ചത് കുര്‍ട് സൗമയിലെ പ്രതിഭാപ്രകാശനമായിരുന്നു.

4- ആദില്‍ റാമി

ഫ്രഞ്ച് ലീഗ് ഒന്നില്‍ മാഴ്‌സെയുടെ താരമാണ് ആദിര്‍ റാമി. ഒത്ത ഉയരക്കാരനായ റാമിയെ പന്തിനായുള്ള ആകാശപ്പോരില്‍ പരാജയപ്പെടുത്തുക ദുഷ്‌കരം. നടപ്പ് സീസണില്‍ 33 ലീഗ് മത്സരങ്ങള്‍ കളിച്ചു.
190 സെന്റിമീറ്റര്‍ ഉയരമുള്ള ആദില്‍ റാമി എതിര്‍ ഹാഫില്‍ നിന്ന് വരുന്ന ലോംഗ് ബോളുകള്‍ അഡ്വാന്‍സ് ചെയ്ത് പിടിച്ചെടുക്കുന്നതില്‍ മിടുക്കനാണ്. മുപ്പത്തിരണ്ടാം വയസിലും വിശ്രമമില്ലാതെ കുതിക്കാന്‍ റാമിക്ക് പ്രയാസമില്ല. അനാവശ്യമായി ഫൗള്‍ കളിക്കില്ലെന്നതാണ് റാമിയുടെ ഗുണം. ബോക്‌സിനുള്ളില്‍ ഏറ്റവും ശ്രദ്ധയോടെ ഡിഫന്‍ഡ് ചെയ്യുന്ന റാമി ഫ്രാന്‍സിന് മുതല്‍ക്കൂട്ടാണ്.

5- ബെഞ്ചമിന്‍ സ്റ്റാംബോലി

മിഡ്ഫീല്‍ഡറായിരുന്നു. പിന്നീട് ഡിഫന്‍ഡറായി മാറി. ജര്‍മനിയില്‍ ഷാല്‍ക്കെയുടെ താരം. സീസണില്‍ ഇരുപത് തവണ സെന്റര്‍ ബാക്ക് ആയി ആദ്യ ലൈനപ്പില്‍ ഇടം പിടിച്ചു.
മറ്റ് മത്സരങ്ങളില്‍ സെന്റര്‍ മിഡ്ഫീല്‍ഡറായി കളിച്ചു. ഡ്രിബിള്‍ ചെയ്യും, ലോംഗ് റേഞ്ച് ഷൂട്ടിലൂടെ ഗോളിയെ പരീക്ഷിക്കും. ബെഞ്ചമിനുണ്ടെങ്കില്‍ ഫ്രാന്‍സ് കോച്ച് ദെഷാംസിന് ഒന്നിലധികം പൊസിഷനില്‍ കളിപ്പിക്കാവുന്ന മറ്റൊരു താരത്തെ അന്വേഷിക്കേണ്ടതില്ല.

Latest