Connect with us

Articles

സി എം പിയും കമ്യൂണിസ്റ്റ് പുനരേകീകരണവും

Published

|

Last Updated

എം വി രാഘവന്റെ നേതൃത്വത്തില്‍ സി എം പി രൂപവത്കൃതമായിട്ട് മൂന്ന് പതിറ്റാണ്ടും രണ്ട് വര്‍ഷവും പിന്നിട്ടിരിക്കുകയാണ്. രാഘവനു ശേഷം പാര്‍ട്ടിയെ നയിച്ച കെ ആര്‍ അരവിന്ദാക്ഷന്‍ ഇതിനകം കാലയവനികക്കുള്ളില്‍ മറഞ്ഞു. സംസ്ഥാന-ദേശീയ-സാര്‍വദേശീയ രംഗങ്ങളില്‍ വളരെ വലിയ രാഷ്ട്രീയ മാറ്റങ്ങളും സംഭവിച്ചു. ഈ പാര്‍ട്ടിയുടെ 9 -ാം പാര്‍ട്ടി കോണ്‍ഗ്രസാണ് മെയ് 6, 7, 8 തീയതികളില്‍ തൃശൂരില്‍ ചേരുന്നത്.

ലോകത്തെ നവലിബറല്‍ നയങ്ങള്‍ ഏറ്റവും രൂക്ഷമായ അസമത്വം ആഗോളതലത്തില്‍ തന്നെ ഉണ്ടാക്കിയിട്ടുണ്ട്. ലോകത്തിലെ ആകെ സമ്പത്തിന്റെ പകുതിയും ജനസംഖ്യയില്‍ ഒരു ശതമാനം മാത്രം വരുന്ന അതിസമ്പന്നന്‍മാരുടെ കൈകളിലാണ്. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് രാഷ്ട്രീയ അസ്ഥിരത ബാധിച്ച പല രാഷ്ട്രങ്ങളും ഇപ്പോള്‍ ഇടതുപക്ഷ നേതൃത്വത്തില്‍ സാമ്രാജ്യത്വത്തിനെതിരെ സമരത്തിലാണ്. നാറ്റോ അമേരിക്കന്‍ സാമ്രാജ്യത്വ മുന്നേറ്റത്തെ ഒരു പരിധി വരെയെങ്കിലും തടഞ്ഞുനിര്‍ത്തി ഇടതു ചേരിയിലുള്ള രാഷ്ട്രങ്ങള്‍ക്ക് കുറച്ചെങ്കിലും ആശ്വാസം നല്‍കുന്നത് റഷ്യയാണ്. പല രാജ്യങ്ങളിലും ഐ എസും തീവ്രവാദി സംഘടനകളും ശക്തിപ്പെട്ടിട്ടുണ്ട്. സിറിയയില്‍ മാത്രം മുക്കാല്‍ ലക്ഷത്തോളം പേരെയാണ് ഈ തീവ്രവാദികള്‍ കശാപ്പ് ചെയ്തിരിക്കുന്നത്.

സാമൂഹിക സേവനം, സുരക്ഷാമേഖല തുടങ്ങിയ മര്‍മപ്രധാന മേഖലകളില്‍ കടുത്ത സാമ്പത്തിക വെട്ടിക്കുറവ് മുതലാളിത്വ രാജ്യങ്ങളില്‍ വരുത്തിയിരിക്കുകയാണ്. അമേരിക്കന്‍ സാമ്രാജ്യത്വവും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. അമേരിക്കയുടെ വിദേശ കടത്തിന്റെ നാലിലൊന്നും ചൈനക്ക് നല്‍കേണ്ടതാണ്.

അമേരിക്കയിലെ വാള്‍സ്ട്രീറ്റ് സമരത്തിന്റെ ആവേശം ചോര്‍ന്നുപോയെങ്കിലും അതിന്റെ അന്തഃസത്ത ഇപ്പോഴും ദൃഡമായി നിലനില്‍ക്കുകയാണ്. യുവ സമൂഹത്തിലും തൊഴിലാളികള്‍ക്കിടയിലും വാള്‍സ്ട്രീറ്റ് സമരം ഇപ്പോഴും സജീവമായിത്തന്നെയുണ്ട്. ഇരു കൊറിയകളുടെയും ഐക്യപ്പെടല്‍ ലോകത്തെ സുപ്രധാനമായ ഒരു സംഭവവികാസമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ഇടത്-തൊഴിലാളി വര്‍ഗ പാര്‍ട്ടികളുടെയും സഹകരണവും യോജിപ്പും തന്നെയാണ് സമാധാനത്തിനും പുരോഗതിക്കും, പൗരാവകാശ-ജനാധിപത്യ സംരക്ഷണത്തിനും അനിവാര്യമായിട്ടുള്ളതെന്ന് ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.

നമ്മുടെ രാജ്യം അക്ഷരാര്‍ഥത്തില്‍ ഫാസിസത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. മോദി ഭരണം ഏറ്റവും കടുത്ത രീതിയിലുള്ള വര്‍ഗീയതയെ താലോലിക്കുകയും രാജ്യത്തെ നിലവിലുള്ള മതേതരത്വം തകര്‍ക്കപ്പെടുകയും ചെയ്തിരിക്കുന്നു. സര്‍ക്കാര്‍ നേരിട്ട് ഗവണ്‍മെന്റിനെ നിയന്ത്രിക്കുന്നതിന് പകരം സംഘ് ്പരിവാര്‍ സംഘടനകളാണ് സര്‍ക്കാറിന്റെ ചുക്കാന്‍ പിടിച്ചിരിക്കുന്നത്.

എല്ലാ ജനക്ഷേമ പദ്ധതികളും അവതാളത്തിലായി. സാമൂഹിക സേവന മേഖലയിലെ ചെലവും ഗണ്യമായി വെട്ടിക്കുറച്ചിരിക്കുകയാണ്. അഴിമതി സാര്‍വത്രികമാകുകയും ചെയ്തു. ന്യൂനപക്ഷങ്ങളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും, ദളിതരുടേയും ആദിവാസികളുടേയും നീറുന്ന പ്രശ്‌നങ്ങള്‍ കാണാതെ ഹിന്ദുത്വ അജന്‍ഡ മാത്രം കൊണ്ടു നടക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. നിലവിലുള്ള പിന്നാക്ക സംവരണത്തെ തച്ചുതകര്‍ക്കാനാണ് കേന്ദ്ര നീക്കം.

രാജ്യത്തെ വന്‍കിട കോര്‍പറേറ്റുകളെ പ്രീതിപ്പെടുത്താന്‍ അവര്‍ക്ക് വന്‍ നികുതി ഇളവും, പൊതുമേഖലാ ബേങ്കുകളില്‍ നിന്നും ശതകോടികളുടെ വായ്പകളും അനുവദിച്ച് കൊടുത്തിരിക്കുന്നു. ഈ വായ്പകളൊന്നും തിരിച്ചുപിടിക്കാന്‍ കഴിയുന്നതല്ല. കോടികള്‍ കടമെടുത്ത തട്ടിപ്പുകാര്‍ ഇപ്പോള്‍ രാജ്യം തന്നെ വിട്ടുകഴിഞ്ഞിരിക്കുകയാണ്.

സ്വകാര്യവത്കരണം രാജ്യരക്ഷാമേഖലയടക്കം എല്ലാ മേഖലകളിലും ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ചെങ്കോട്ട അടക്കമുള്ള ഏറ്റവും പ്രമുഖമായ ചരിത്ര സ്മാരകങ്ങള്‍ പോലും സ്വകാര്യ കുത്തകകള്‍ക്ക് പതിച്ചു നല്‍കുന്നതാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വ്യാവസായിക രംഗത്തെ കുത്തകകള്‍ക്കു വേണ്ടി രാജ്യത്തെ നിലവിലുള്ള തൊഴില്‍ നിയമങ്ങളാകെ തിരുത്തി എഴുതുന്നു. തൊഴിലവകാശങ്ങളും, മൗലിക അവകാശങ്ങളുമെല്ലാം ചോരയില്‍ മുക്കികൊല്ലപ്പെട്ടിരിക്കുകയാണ്.

കേന്ദ്രത്തിലെ എന്‍ ഡി എ സര്‍ക്കാറിന്റെ നഗ്നമായ ഈ ജനവിരുദ്ധ നടപടികള്‍ക്കെതിരായി ഏറ്റവും വിപുലമായ കമ്യൂണിസ്റ്റ്- ഇടത്- മതേതര ഐക്യം കെട്ടിപ്പടുക്കുകയാണ് ഈ കാലഘട്ടത്തിന്റെ അടിയന്തര ആവശ്യം. ഇതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് വളരെ സുപ്രധാന പങ്കാണ് നിര്‍വഹിക്കാനുള്ളത്. കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യംമാത്രമല്ല; കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പുനരേകീകരണമാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നത്. നേപ്പാളിലെ പ്രമുഖ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ലയനം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നിശ്ചയമായും ഒരു വഴികാട്ടിയാണ്. സി എം പിയുടെ പാര്‍ട്ടി കോണ്‍ഗ്രസ് ഇത്തരം വിഷയങ്ങള്‍ വളരെ ഗൗരവമായി ചര്‍ച്ച ചെയ്യും.

കേരളത്തിലെ ഇടതു മുന്നണി ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ കൂടുതല്‍ വിപുലപ്പെടുത്തേണ്ടിയിരിക്കുകയാണ്. ന്യൂനപക്ഷങ്ങളേയും ദളിത്-പിന്നാക്ക വിഭാഗങ്ങളേയും ആദിവാസികളെയും ഇടതു ചേരിയിലേക്ക് കൊണ്ടുവരുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ ഇടതു നേതൃത്വം കൈക്കൊള്ളേണ്ടിയിരിക്കുകയാണ്. ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ബാധ്യതപ്പെട്ട പ്രസ്ഥാനമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി. ഇടത് വിരുദ്ധചേരിയില്‍ നില്‍ക്കുന്ന ന്യൂനപക്ഷ പ്രസ്ഥാനങ്ങളെ ഈ ചേരിയിലേക്ക് കൊണ്ടുവരുന്നതിനുള്ള അടവുകള്‍ക്കും തന്ത്രങ്ങള്‍ക്കും രൂപം കൊടുക്കാന്‍ ഇടതു ചേരിക്ക് കഴിയണം.

ന്യൂനപക്ഷങ്ങള്‍ ഇന്ന് രാഷ്ട്രീയമായി തന്നെ സുസംഘടിതരാണ്. ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ സംസ്ഥാനത്ത് ഒരു യാഥാര്‍ഥ്യവുമാണ്. അതു കൊണ്ടുതന്നെ ന്യൂനപക്ഷ പാര്‍ട്ടികളുമായുള്ള സഹകരണം കൊണ്ടു മാത്രമേ സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളെ ഇടതു ചേരിയുമായി ബന്ധപ്പെടുത്താന്‍ സാധിക്കൂ എന്നതാണ് യാഥാര്‍ഥ്യം. ഈ വസ്തുത വിസ്മരിച്ചുകൊണ്ട് ന്യൂനപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ സഹകരണമില്ലാതെ തന്നെ ന്യൂനപക്ഷങ്ങളെ കൂടെനിര്‍ത്താന്‍ കഴിയുമെന്ന ചില ഇടത് നേതാക്കളുടെ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. യു ഡി.എഫില്‍ നിലകൊള്ളുന്ന പല പാര്‍ട്ടികളെയും ഇടതു മുന്നണിയുമായി സഹകരിപ്പിക്കാന്‍ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യം സമര്‍ഥമായി പ്രയോജനപ്പെടുത്തുകയാണ് ഇടത് നേതൃത്വം ചെയ്യേണ്ടത്.

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest