ഇനിയെന്തിന് ഫാസിസത്തെ കുറിച്ച് തര്‍ക്കിക്കണം?

Posted on: May 5, 2018 6:00 am | Last updated: May 5, 2018 at 2:00 pm

ഇന്ത്യയില്‍ ഫാസിസം അതിന്റെ തനി സ്വരൂപത്തില്‍ വന്നുകഴിഞ്ഞോ അതോ ഇന്ത്യ ഫാസിസത്തിലേക്ക് അതിവേഗം നടന്നടുക്കുകയാണോ? ഇങ്ങനെയൊരു ചോദ്യത്തിനിപ്പോള്‍ സാംഗത്യമുള്ളത്  ഇന്ത്യയിലെ ചില ബി ജെ പി ഇതര രാഷ്ട്രീയ കക്ഷികളില്‍ മാത്രമാണ്.  സാധാരണക്കാരായ ഒരു വിഭാഗം ജനങ്ങളെ സംബന്ധിച്ചിടത്തോളം  ഈ ചോദ്യത്തിന്റെ പ്രസക്തി നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണ്. കാരണം ഒരു ഫാസിസ്റ്റ് ഭരണത്തിന്‍ കീഴില്‍ അവര്‍ ലക്ഷ്യം വെക്കുന്ന ഇരകള്‍ അനുഭവിച്ചു തീര്‍ക്കേണ്ട ദുരന്തങ്ങള്‍ ഒന്നൊന്നായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഫാസിസത്തിന്റെ വംശീയ വൈരത്തിന്റെ ഏറ്റവും ക്രൂരമായ ഒരു മുഖം കശ്മീരിലെ കത്വ  ബലാത്സംഘത്തിലൂടെ ലോക മനഃസാക്ഷിയെത്തന്നെ ഞെട്ടിച്ചുകൊണ്ട് പുറത്ത് വന്നു. കശ്മീരിലെ ഒരു ഹിന്ദു ഭൂരിപക്ഷ പ്രദേശത്തു നിന്ന് ബക്കര്‍വാല്‍ മുസ്‌ലിംകളായി അറിയപ്പെടുന്ന നാടോടി സമൂഹത്തെ ആട്ടി ഓടിക്കാന്‍ അവര്‍കണ്ട പേടിപ്പെടുത്തലിന്റെ ഭാഗം കൂടിയാണത്രെ ഇത്രയും നീചമായ കൊടും ക്രൂരതക്ക് ഒരു എട്ട് വയസ്സുകാരിയെ സഞ്ജി റാം എന്നൊരാള്‍ പോലീസിന്റെയും ഫാസിസ്റ്റ് കക്ഷിയുടെയും (ഇവിടെയെങ്കിലും അങ്ങനെ വിശേഷിപ്പിക്കാതെ തരമില്ല) നേതാക്കളുടെ സഹായത്തോടെ സമാനതയില്ലാത്ത ക്രൂരതക്ക് വിധേയമാക്കി കൊന്നുകളഞ്ഞത്. ഇത് ഏതായാലും അവസാനത്തെ അരുതായ്മയായി തള്ളിക്കളയാനാവില്ല. കാരണം ആ കുറ്റകൃത്യത്തെ ന്യായീകരിക്കാനും തെരുവിലിറങ്ങി കുറ്റവാളികള്‍ക്ക് വേണ്ടി ഒച്ചവെക്കാനും നേതാക്കളും അഭിഭാഷകരും സ്ത്രീജനങ്ങള്‍ പോലും തയാറാവുന്നുവെങ്കില്‍ ഫാസിസത്തിന്റെ എറ്റവും വലിയ ചൂണ്ടയായ വംശീയ വൈരം ആളിക്കത്തിക്കല്‍ എന്ന അജന്‍ഡയെ വിജയിപ്പിച്ചെടുക്കാന്‍ അവര്‍ക്കായി എന്നു തന്നെ വിലയിരുത്തണം.

വടക്കേയറ്റത്ത് നടന്ന ഈ വംശീയ കൊലയുടെ പേരില്‍ ഇന്ത്യയൊട്ടുക്കും വമ്പിച്ച പ്രതിഷേധങ്ങള്‍ നടന്നു എന്നൊന്നും പറഞ്ഞു കൂടാ.  നടന്നിടത്തൊക്കെ അതിനെ സാമുദായികമായി തരംതിരിച്ച്  പ്രതിഷേധത്തിന്റെ അന്തഃസത്തയെത്തന്നെ താഴ്ത്തിക്കെട്ടാനുള്ള ശ്രമവും രാജ്യത്തെമ്പാടുമുണ്ടായി. ഇങ്ങ് തെക്ക് മതേതരത്വത്തിന്റെ തുരുത്ത് എന്നൊക്കെ അവകാശപ്പെടാവുന്ന കേരളത്തില്‍ പോലും ഇരയേയും വേട്ടക്കാരേയും ജാതീയമായി വേര്‍തിരിച്ചു നിറുത്തുന്നതില്‍ വിജയംകണ്ടു എന്നത് നിസ്സാരമായി തള്ളിക്കളയാവുന്ന ഒന്നല്ല. അതിനര്‍ഥം എതിര്‍ശബ്ദങ്ങളെ വെടിയുണ്ട കൊണ്ടും തങ്ങള്‍ക്കിഷ്ടമില്ലാത്ത ഭക്ഷണം ശീലമാക്കിയവര്‍ക്കെതിരെ കൊലക്കത്തി കൊണ്ടും  തങ്ങളുടെ കിരാത നീതി നടപ്പാക്കി വിജയം കണ്ടവര്‍ അവരുടെ റിഹേഴ്‌സല്‍ ക്യാമ്പുകള്‍ ഏതാണ്ട് അവസാനിപ്പിച്ച് ആക്ഷനുകള്‍ നിര്‍ഭയമായി നടപ്പാക്കി തുടങ്ങിക്കഴിഞ്ഞു എന്നു തന്നെയാണ്.    ന്യൂനപക്ഷങ്ങളുടെയും ആദിവാസി, ദളിത് വിഭാഗങ്ങളുടെയും അരക്ഷിതാവസ്ഥ ദിനം ചെല്ലുംതോറും വര്‍ധിച്ചുവരികയും ചെറുത്തുനില്‍പ്പ് പ്രസ്ഥാനങ്ങളുടെ ശക്തി കൂടുതല്‍ കൂടുതല്‍ ക്ഷയിച്ചു വരികയും ചെയ്യുന്ന പുതിയ ഇന്ത്യയില്‍  ഇറ്റലിയിലും ജര്‍മ്മനിയിലും  നടമാടിയിരുന്ന ഫാസിസത്തിന്റെ തനിയാവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്ന് ഇഴകീറി പരിശോധിക്കേണ്ട കാലമല്ല ഇപ്പോള്‍. അവിടെ ജൂതരെയും കമ്മ്യൂണിസ്റ്റുകളേയുമൊക്കെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളിലേക്ക് തെളിച്ചു കൊണ്ടുപോയി ഉന്‍മൂലനം ചെയ്തിരുന്നുവെങ്കില്‍ ഇവിടെ   ജനാധിപത്യത്തിന്റെ മേല്‍വിലാസം ഉപയോഗിച്ചുകൊണ്ടു തന്നെ ലെജിസ്ലേറ്റീവ്, ജൂഡീഷ്യറി…. തുടങ്ങിയ ഡമോക്രസിയുടെ അടിസ്ഥാന സ്തംഭങ്ങളെയെല്ലാം  ഫാസിസത്തിന്റെ വരുതിയിലേക്ക് ചുരുക്കിക്കെട്ടിക്കൊണ്ടിരിക്കുന്നു.

പാര്‍ലിമെന്റിനേയും പല ഘട്ടങ്ങളിലും  സുപ്രീം കോടതിയെ പോലും  നോക്കുകുത്തിയാക്കി  നിഷ്‌ക്രിയമാക്കി നിറുത്തുന്നതില്‍ ഭരണകൂടം വിജയിക്കുന്നുവെങ്കില്‍  ഇന്ത്യന്‍ ഫാസിസത്തിന്റെ ശൈലി യൂറോപ്പില്‍ നടമാടിയ ഫാസിസത്തില്‍ നിന്നും വേറിട്ട ഒരു രീതിയെ സ്വീകരിക്കുന്നു എന്നേയുള്ളൂ. എതിര്‍പ്പുകള്‍ക്കു നേരെ കടുത്ത മൗനം അവലംഭിക്കുകയും വീണ്ടും വീണ്ടും ഇരകള്‍ക്കു നേരെ കടന്നാക്രമണങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന ഒരു രീതി ആവര്‍ത്തിക്കുകയാണ് ഇന്ത്യയില്‍.   ഒരവിശ്വാസ പ്രമേയത്തിന് മതിയായ എം പി മാരുടെ ഒപ്പും ശേഖരിച്ച് പാര്‍ലിമെന്റില്‍ അവതരിപ്പിച്ചിട്ടും അത് ചര്‍ച്ചക്കെടുക്കാന്‍ പോലും സന്നദ്ധമാവാതിരുന്ന ഭരണകൂടവും അതിനെ താങ്ങിനിറുത്തുന്ന ജൂഡീഷ്യറിയും ഒരു കാര്യത്തിലും മറിച്ചൊരഭിപ്രായവും രേഖപ്പെടുത്താനില്ലാതെ വിനീതവിധേയത്വം പ്രകടിപ്പിക്കുന്ന രാഷ്ട്രപതിയും ഒക്കെയുള്ള ഒരു സംവിധാനത്തിനകത്തിരുന്നു കൊണ്ടാണ്  ഇന്ത്യന്‍ ഫാസിസം അതിന്റെ കരുക്കള്‍ സമര്‍ഥമായി നീക്കിക്കൊണ്ടിരിക്കുന്നത്.

ഇനിയിപ്പൊ വന്ന ഫാസിസം ഹിറ്റ്‌ലര്‍ മോഡല്‍ പത്തരമാറ്റോ മുസോളിനി മോഡല്‍ 22 കാരറ്റോ എന്നുള്ള താരതമ്യത്തിനും തര്‍ക്കത്തിനും ഒന്നും ഇടമുണ്ടാകേണ്ടതില്ല. ഫാസിസത്തെ കുറിച്ച് ഏറ്റവും നന്നായി വസ്തുനിഷ്ഠ പഠനങ്ങള്‍ നടത്തിയ എം എന്‍ വിജയന്‍ മാഷ് ഉണര്‍ത്തിയ ഒരു കാര്യമുണ്ട്. ‘മീന്‍ പിടിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഒരു അതിര്‍ത്തിയേ ഉള്ളൂ. അത് കടലാണ്. അവര്‍ക്കൊരു ജീവിതമേയുള്ളു അത് കടലാണ്.’ എന്നതുപോലെ ഇന്ത്യയിലെ സവര്‍ണ ഫാസിസം ലക്ഷ്യം വെക്കുന്ന ഇരകളുടെ മുമ്പില്‍ ഒരു വഴിയേ ഉള്ളൂ. അത് ദുരിതത്തിന്റേതു മാത്രമാണ്. അവരുടെ ജീവിതവും ദുരിതത്തിന്റേതാണ്. എങ്ങനെ ഈ ദുരിതക്കടല്‍ നീന്തിക്കടക്കാം എന്നതിനെപ്പറ്റിയേ ഇപ്പോള്‍ ചിന്തിക്കേണ്ടതുള്ളൂ. പ്രതിവിധിയായി ജനം ഉണര്‍ന്നു പ്രവര്‍ത്തിക്കുക എന്നൊക്കെ നമ്മള്‍ക്ക് വലിയ വായില്‍ പറയാമെന്നുമാത്രം.

ഫാസിസം തീവ്ര ദേശീയതയടക്കമുള്ള ചില വൈകാരികത ആളിക്കത്തിച്ച് ഒരു വിഭാഗത്തെ എന്നും ഉറക്കത്തില്‍ നിന്നും ഉണര്‍ത്തി അക്രമ സജ്ജരായി നിറുത്തിയിട്ടുണ്ടാവും.  അവര്‍ക്കിടയിലേക്കാണ് ഒരു വോട്ടറല്ലാത്ത രാമനെക്കൊണ്ട് നിരവധി വോട്ടുകള്‍ സൃഷ്ടിച്ചെടുക്കാമെന്ന് ഫാസിസ്റ്റുകള്‍  മനസ്സിലാക്കുന്നത് (വിജയന്‍ മാഷിന്റെ ഒരു പ്രയോഗ മാ യി രു ന്നു ഇതും).  ബി ജെ പി, സംഘ്പരിവാര്‍ ഇതര കക്ഷികള്‍ക്കിടയില്‍ പല കാരണങ്ങളാലും ഉടലെടുത്തേക്കാവുന്ന ഭിന്നതകളെയും ഭരണസ്വാധീനത്തിന്റെ മറവില്‍  കൃത്രിമങ്ങളടക്കം നടത്തി ഒരു വട്ടം കൂടി  തിരഞ്ഞെടുപ്പിനെ നേരിടുകയല്ലാതെ  ഇന്ത്യന്‍ ഫാസിസത്തിന് മുന്നോട്ടുപോകാനാവില്ല. അത് ഇന്ത്യയിലെ വോട്ടര്‍മാരായ ജനതയെ പേടിച്ചിട്ടായിരിക്കില്ല. അന്താരാഷ്ട്ര മര്യാദ എന്ന ഒരേര്‍പാടിനെ തീര്‍ത്തും വിലവെക്കാതെ മുന്നോട്ട് പോകാനാകാത്ത അവസ്ഥ ജനാധിപത്യത്തിന്റെ കപട മേല്‍വിലാസമുള്ള ഇന്ത്യന്‍ ഫാസിസത്തിന്റേയും മുമ്പില്‍ ഒരു കടമ്പയായുണ്ട്.
ആ കടമ്പ കടക്കുന്ന സമയത്ത് ഫാസിസത്തിനെതിരെയുള്ള ഒരു വിശാല സഖ്യത്തില്‍   ഇന്ത്യയിലെ ഫാസിസ്റ്റിതര രാഷ്ട്രീയ പാര്‍ട്ടികള്‍ യോജിച്ച് നിന്ന് പൊരുതി നോക്കുക മാത്രമേ ഇനി ജനാധിപത്യത്തേയും മതേതരത്വത്തേയും വീണ്ടെടുക്കാന്‍  ഒരു വഴി തെളിയുന്നുള്ളൂ. അല്ലാതെ ഫാസിസത്തിന്റെ അളവിനെയും തൂക്കത്തെയും കുറിച്ചുള്ള തര്‍ക്കം ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റേയും സമ്പൂര്‍ണനാശത്തില്‍ കലാശിക്കലാവും ഫലം.