സയ്യിദ് ഖലീലുല്‍ ബുഖാരിക്ക് യുഎസ് ഇന്ത്യന്‍ കൂട്ടായ്മകളുടെ സ്വീകരണം

Posted on: May 4, 2018 11:44 am | Last updated: May 4, 2018 at 11:44 am
SHARE
മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിക്ക് നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്‌ലിം അസോസിയേഷന്റെ (നന്മ) നേതൃത്വത്തില്‍ ന്യൂജേഴ്‌സിയില്‍ നല്‍കിയ സ്വീകരണം

വാഷിംഗ്ടണ്‍: മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള അമേരിക്കന്‍ നോളജ് ഹണ്ടിനെത്തിയ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിക്ക് വിവിധ നഗരങ്ങളിലെ ഇന്ത്യന്‍ കൂട്ടായ്മകള്‍ സ്വീകരണം നല്‍കി.
ന്യൂയോര്‍ക്കില്‍ നോര്‍ത്ത് അമേരിക്കയിലെയും കാനഡയിലെയും വിവിധ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയായ നന്മ (നോര്‍ത്ത് അമേരിക്കന്‍ നെറ്റ്‌വര്‍ക്ക് ഓഫ് മലയാളി മുസ്‌ലിം അസോസിയേഷന്‍) ന്യൂജേഴ്‌സിയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസിഡന്റ് യു.എ നസീര്‍ അധ്യക്ഷത വഹിച്ചു. മഅ്ദിന്‍ അക്കാദമിയുടെ വിവിധ പദ്ധതികള്‍ വിശദീകരിച്ച അദ്ദേഹം വിവിധ സംഘടനകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള നന്മയുടെ പ്രവര്‍ത്തനങ്ങള്‍ കാലം ആവശ്യപ്പെടുന്നതാണെന്ന് അഭിപ്രായപ്പെട്ടു. ഹനീഫ എരഞ്ഞിക്കല്‍, സമദ് പൊന്നേരി, മഹ്ബൂബ് കിഴക്കേപുര, നൗഫല്‍, ശിഹാബ്, ഇഖ്ബാല്‍, മുസ്തഫ കമാല്‍, ശംസുദ്ദീന്‍ സംസാരിച്ചു.

വാഷിംഗ്ടണില്‍ നടന്ന സ്വീകരണത്തില്‍ നിരാര്‍ കുന്നത്ത് അധ്യക്ഷനായിരുന്നു. വ്യക്തികള്‍ തമ്മിലുള്ള ഇടപെടലുകളിലും, ശാരീരികമാനസിക സൗഖ്യത്തിലും അമേരിക്കന്‍ സമൂഹം കാണിക്കുന്ന ശ്രദ്ധ തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഖലീല്‍ തങ്ങള്‍ പറഞ്ഞു. അറിവു പകരുന്നതിനും അതിനെ ഏറ്റവും മികവുറ്റതാക്കാനുള്ള യജ്ഞത്തിലും ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന ജാഗ്രത മാതൃകയാക്കേണ്ടതാണ്. വിവിധ സര്‍വ്വകലാശാലകളിലെ സന്ദര്‍ശനങ്ങളും അക്കാദമിക് വ്യക്തിത്വങ്ങളുമായുള്ള ഇടപെടലുകളും ഇക്കാര്യം തന്നെ ബോധ്യപ്പെടുത്തി. ഇന്ത്യയുടെ അംബാസഡര്‍മാരാണ് പ്രവാസികളെന്നും വൈവിധ്യപൂര്‍ണമായ ഇന്ത്യയിലെ ജീവിതാനുഭവങ്ങളില്‍ നിന്നുള്ള നന്മകള്‍ അമേരിക്കന്‍ സമൂഹത്തിനും പകര്‍ന്നു കൊടുക്കാന്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിക്ക് വാഷിംഗ്ടണില്‍ നന്മയുടെയും വിവിധ ഇന്ത്യന്‍ സംഘടനകളുടെയും പ്രതിനിധികള്‍ സ്വീകരണം നല്‍കിയപ്പോള്‍

വാഷിംഗ്ടണില്‍ നടന്ന പരിപാടിയില്‍ മലയാളികള്‍ക്കു പുറമെ ശ്രീലങ്ക, തമിഴ്‌നാട്, യു.പി, തെലുങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സംബന്ധിച്ചു.
യൂത്ത് സംസ്ഥാനത്തെ സാള്‍ട്ട് ലൈക് സിറ്റിയിലെ ബി.വൈ.യു യൂണിവേഴ്‌സിറ്റിയിലെ മൂന്നു ദിവസത്തെ പരിപാടികള്‍ക്കു ശേഷം വെള്ളിയാഴ്ച മുതല്‍ ഖീലില്‍ തങ്ങളുടെ നേതൃത്വത്തിലുള്ള മഅ്ദിന്‍ സംഘം സാന്‍ഫ്രാന്‍സിസ്‌കോ, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ പര്യടനം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here