ലിഗയുടെ മൃതദേഹം ദഹിപ്പിക്കരുതെന്ന മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം പാലിച്ചില്ല

കമ്മീഷന്‍ നാടിന് ശാപമെന്ന് മന്ത്രി കടകംപള്ളി
Posted on: May 4, 2018 6:14 am | Last updated: May 3, 2018 at 11:55 pm

തിരുവനന്തപുരം: കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ കൃസ്ത്യന്‍ ആചാര പ്രകാരം സംസ്‌കരിച്ചു. കൊല്ലപ്പെട്ട യുവതിയുടെ ബന്ധുക്കളും സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി കടകംപളളി സുരേന്ദ്രന്‍ അടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. മുന്‍ നിശ്ചയിച്ച പ്രകാരം സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നതിനിടെ മൃതദേഹം ദഹിപ്പിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഉത്തരവ് ലഭിച്ചില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിനെക്കുറിച്ച് ചൂണ്ടിക്കാണിച്ചപ്പോള്‍ ഈ കമ്മീഷന്‍ നാടിന്റെ ശാപമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇങ്ങനെയൊരു ഉത്തരവ് ശ്രദ്ധയില്‍പെട്ടിട്ടില്ല. ഇനി അങ്ങനെയൊന്നുണ്ടെങ്കില്‍ത്തന്നെ അത് മനുഷ്യത്വമില്ലാത്ത ഉത്തരവാണെന്ന് മന്ത്രി പറഞ്ഞു. കമ്മീഷന്‍ തരം താണ രാഷ്ട്രീയം കളിക്കുകയാണ്. മൃതദേഹം ദഹിപ്പിച്ചത് അവരുടെ സഹോദരിയുടെ ആഗ്രഹപ്രകാരമാണ്. വിറക് അടുപ്പില്‍ത്തന്നെ ദഹിപ്പിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹമെന്ന് മന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കുമാണ് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി മോഹന്‍ദാസ് ഉത്തരവ് നല്‍കിയത്. ഒരാഴ്ചക്കകം നടപടി റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഉത്തരവിറങ്ങാത്ത സാഹചര്യത്തിലാണ് സംസ്‌ക്കാരം നടത്തിയതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. മൃതദേഹം സംസ്‌ക്കരിക്കുന്നത് കേസിലെ തെളിവുകള്‍ നശിപ്പിക്കുന്നതിനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി ബി ജെ പി ജില്ലാ പ്രസിഡന്റ്്് എസ് സുരേഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം വന്നത്. ക്രിസ്തീയ ആചാരപ്രകാരമുള്ള ചടങ്ങുകള്‍ക്കു ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്.

തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ യുജിന്‍ എച്ച് പെരേരയുടെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. യുവതിയുടെ ചിതാഭസ്മം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു. തിടുക്കത്തില്‍ ശവസംസ്‌കാര ചടങ്ങ് നടത്തുന്നതില്‍ ദുരൂഹതയുണ്ടെന്ന് വി മുരളീധരന്‍ എം പി പറഞ്ഞു.