ഹിമാചലില്‍ ഉദ്യോഗസ്ഥയെ വെടിവെച്ചുകൊന്ന സംഭവം: ഹിമാചല്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണം

Posted on: May 4, 2018 6:18 am | Last updated: May 3, 2018 at 11:49 pm

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിലെ കസോലിയില്‍ സ്വകാര്യ ഹോട്ടലുകള്‍ കൈയേറി നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മേല്‍നോട്ടം വഹിക്കാനെത്തിയ ടൗണ്‍ പ്ലാനിംഗ് ഉദ്യോഗസ്ഥയെ വെടിവച്ചുകൊന്ന സംഭവത്തില്‍ ഹിമാചല്‍ സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശം. ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. കോടതി വിധി നടപ്പാക്കാന്‍ പോയ മറ്റ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഹിമാചല്‍ സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറിലിനോട് കോടതി ചോദിച്ചു. ഉദ്യോഗസ്ഥയെ വെടിവെച്ച് കൊന്ന പ്രതി വിജയ് സിംഗിനെ പിടികൂടുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ മറുപടി നല്‍കി അടുത്ത വാദം കേള്‍ക്കുന്ന ഈ മാസം ഒമ്പതിന് സ്റ്റാറ്റസ് റിപ്പോര്‍ട്ടും സത്യവാങ്മൂലവും സമര്‍പ്പിക്കണമെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ദിവസം സുപ്രീംകോടതി വിഷയത്തില്‍ സ്വമേധയാ കേസെടുത്ത് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ പരിഗണനക്ക് വിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്ന് കേസ് പരിഗണിച്ചത്.

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനായി പോയ ഷെയല്‍ ബാല ശര്‍മ എന്ന ടൗണ്‍ പ്ലാനിംഗ് അസിസ്റ്റന്റ് ഓഫീസറെയാണ് കൈയേറി നിര്‍മിച്ച കെട്ടിട ഉടമ വെടിവെച്ച് കൊന്നത്. വിഷയത്തില്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം രൂക്ഷമായിട്ടാണ് പ്രതികരിച്ചിരുന്നത്. ജനങ്ങളെ കൊല്ലാനാണു പോകുന്നതെങ്കില്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതു നിര്‍ത്താമെന്നായിരുന്നു കോടതി പറഞ്ഞത്. ഹിമാചല്‍ പ്രദേശ് തലസ്ഥാനമായ ഷിംലയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ കസോലിയില്‍ 13 ഹോട്ടലുകളുടെ നിയമവിരുദ്ധ നിര്‍മാണങ്ങള്‍ പൊളിച്ചു നിക്കണമെന്ന് കഴിഞ്ഞ ഏപ്രില്‍ 17നാണ് സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. ഈ ഹോട്ടലുകളില്‍ ഒന്നായ നാരായണി ഗസ്റ്റ് ഹൗസിന്റെ ഉടമ വിജയ് സിംഗാണ് ഉദ്യോഗസ്ഥയെ വെടിവെച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച കെട്ടിടങ്ങള്‍ പൊളിക്കുന്നതിനായി സ്ഥലത്തെത്തിയപ്പോള്‍ സംഘത്തിന് നേരെ മൂന്ന് റൗണ്ട് വെടിവെക്കുകയായിരുന്നു. വെടിവെപ്പില്‍ ഉദ്യോഗസ്ഥ ഷെയ്ല്‍ ബാല ശര്‍മ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പി ബ്ലയുഡി തൊഴിലാളി ഗുലാബ് സിംഗിനും വെടിയേറ്റിരുന്നു.