കേന്ദ്രത്തിന്റെ വാക്കുകള്‍ എങ്ങനെ വിശ്വസിക്കുമെന്ന് സുപ്രീം കോടതി; തമിഴ്‌നാടിന് നാല് ടിഎംസി ജലം നല്‍കണം

Posted on: May 3, 2018 1:18 pm | Last updated: May 3, 2018 at 3:23 pm

ന്യൂഡല്‍ഹി: കാവേരി നദിയില്‍ നിന്ന് നാല് ടി.എം.സി ജലം തമിഴ്‌നാടിന് അടിയന്തരമായി വിട്ടുകൊടുക്കണമെന്ന് കര്‍ണാടകയോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ഉത്തരവ് പാലിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കേന്ദ്രത്തിന്റെ വാക്കുകള്‍ എങ്ങനെ വിശ്വസിക്കുമെന്ന് ചൂണ്ടിക്കാട്ടിയ കോടതി കുടിവള്ളമില്ലാതെ കഷ്ടപ്പെടുന്ന തമിഴ്‌നാട്ടുകാരോട് എന്തു പറയുമെന്നും ചോദിച്ചു. കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കുന്നതിനുള്ള കരടിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം കിട്ടാനുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയെ അറിയിച്ചു.

കരട് പദ്ധതി രേഖ സമര്‍പ്പിക്കാന്‍ കേന്ദ്രം പത്ത് ദിവസത്തെ സമയം തേടി. അതുവരെ നാല് ടിഎംസി ജലം തമിഴ്‌നാടിന് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. ജലം വിട്ടു കൊടുക്കാന്‍ ഫെബ്രുവരി 16ന് കോടതി ഉത്തരവിട്ടിരുന്നെങ്കിലും കര്‍ണാടക സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കാവേരി മാനേജ്‌മെന്റ ബോര്‍ഡ് രൂപവത്കരിക്കാന്‍ കേന്ദ്രത്തോടും നിര്‍ദേശിച്ചിരുന്നു. ഇതും നടപ്പായില്ല. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി കേന്ദ്രം വീണ്ടും ഒഴിവ് കഴിവ് പറഞ്ഞു. എതിനെ സുപ്രീം കോടതി വിമര്‍ശിച്ചു. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് തങ്ങളെ ബാധിക്കുന്ന വിഷയമല്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് പറഞ്ഞു.

ചൊവ്വാഴ്ചയ്ക്കകം ബോര്‍ഡ് രൂപവത്കരിക്കണമെന്ന് അന്ത്യശാസനവും കോടതി നല്‍കി. ചൊവ്വാഴ്ചക്കകം കാവേരി മാനേജുമെന്റ് ബോര്‍ഡ് രൂപവത്കരിക്കാനുള്ള നടപടികള്‍ കേന്ദ്രം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. തമിഴ്‌നാടിന് വെള്ളം വിട്ട് നല്‍കിയില്ലെങ്കില്‍ സ്വമേധയ കോടതി അലക്ഷ്യത്തിന് കേസെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. കോടതി ഉത്തരവ് ഉണ്ടായിട്ടും ജലം വിട്ടുനല്‍കുന്നില്ലെന്ന് ആരോപിച്ച് തമിഴ്‌നാട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.