ലിഗയുടെ കൊലപാതകം: പ്രതികള്‍ കുറ്റം സമ്മതിച്ചു; ഇന്ന് അറസ്റ്റിന് സാധ്യത

Posted on: May 3, 2018 6:04 am | Last updated: May 3, 2018 at 12:11 am

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ലഭിക്കാത്തതാണ് അറസ്റ്റ് രേഖപ്പെടുത്തല്‍ വൈകുന്നതിന് കാരണം. പോലീസ് കസ്റ്റഡയിലുള്ള രണ്ട് പേര്‍ കുറ്റംസമ്മതിച്ചതായാണ് വിവരം.

അതേസമയം രണ്ട് പേരും കൊലപാതകത്തിന് രണ്ട് കാരണങ്ങള്‍ പറയുന്നത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ലിഗയുമായി മല്‍പ്പിടുത്തമുണ്ടായെന്ന് സമ്മതിച്ച രണ്ട് പേരും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കുന്നത്.

അതുകൊണ്ടുതന്നെ ശാസ്ത്രീയ പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ അറസ്റ്റുണ്ടാവുകയുള്ളൂ. ലിഗയുടെ മൃതദേഹം കണ്ടെത്തിയ വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ സ്ഥരിമായി ഒത്തുകൂടുന്ന നാല് പ്രദേശവാസികളെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവരില്‍ രണ്ട് പേരില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയത്. പക്ഷേ ഇവരുടെ മൊഴികളില്‍ വൈരുധ്യമുണ്ട്.

ലിഗ പൊന്തകാട്ടില്‍ എത്തിയതാണെന്നും മയക്കുമരുന്നു നല്‍കിയെന്നും പണം നല്‍കാത്തതിന്റെ പേരില്‍ പിടിവലിയുണ്ടായപ്പോള്‍ പിടിച്ചു തള്ളിയെന്നുമാണ് ഒരാളുടെ മൊഴി.

എന്നാല്‍ കൈയേറ്റ ശ്രമമുണ്ടായെന്നാണ് രണ്ടാമത്തെയാളുടെ മൊഴി. കോവളത്തെത്തിയ ലിഗയെ ഇവരുടെ സുഹൃത്ത് ബോട്ടിംഗിനെന്ന പേരില്‍ കണ്ടല്‍ക്കാടിലെക്ക് കൊണ്ടുവന്നു.

ഇയാള്‍ ഈ കാര്യം മറ്റ് രണ്ട് പേരെ അറിയിച്ചു. കാട്ടിലെത്തിയ ഇവര്‍ ലിഗക്ക് സിഗരറ്റ് നല്‍കി. തുടര്‍ന്ന് കൂടുതല്‍ പണം ലിഗയില്‍ നിന്ന് കൈക്കലാക്കാന്‍ ശ്രമിച്ചത് തര്‍ക്കത്തിനും കൊലക്കും കാരണമായെന്നാണ് ഒരാളുടെ മൊഴി. കാട്ടിലെത്തിയ ലിഗയുമായി സൗഹൃദത്തിലായശേഷം പീഡനത്തിന് ശ്രമിച്ചെന്നും എതിര്‍പ്പിനിടയില്‍ കൊലപ്പെടുത്തിയെന്നും മറ്റൊരാള്‍ വിശദീകരിക്കുന്നു.

ഈ വൈരുധ്യം നീക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ആന്തരികാവയവങ്ങളുടെ പരിശോധാഫലവും സ്ഥലത്ത് നിന്നും കിട്ടിയ മുടിയുടെയും വിരലടയാളങ്ങളുടെയും ശാസ്ത്രീയ പരിശോധനാ ഫലവും കിട്ടിയാലെ കൂടുതല്‍ വ്യക്തത വരൂ.
കൃത്യമായ തെളിവുകള്‍ ലഭിച്ചാല്‍ ഇന്ന് തന്നെ അറസ്റ്റുണ്ടാകും.

മുഖ്യമന്ത്രിയോട് ക്ഷമ ചോദിച്ച് ഇല്‍സി
സംസ്‌കാരം ഇന്ന് ശാന്തികവാടത്തില്‍

തിരുവനന്തപുരം: കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗ സ്‌ക്രോമന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകീട്ട് ശാന്തി കവാടത്തില്‍ സ്വകാര്യ ചടങ്ങായാണ് സംസ്‌കാരം നടത്തുക. സഹോദരിയുടെ മരണവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഇടപെടലുകള്‍ വിവാദമായ സാഹചര്യത്തില്‍ ഇല്‍സി ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. കേസുമായി ബന്ധപ്പെട്ട ചില തെറ്റിദ്ധാരണകള്‍ വന്നെന്നും സര്‍ക്കാര്‍ നല്‍കിയ പിന്തുണക്കു നന്ദി അറിയിക്കുന്നുവെന്നും ഇല്‍സി മുഖ്യമന്ത്രിയെ അറിയിച്ചു. വിഷമഘട്ടത്തില്‍ സര്‍ക്കാറില്‍ നിന്ന് എല്ലാവിധ പിന്തുണയും ലഭിച്ചിട്ടുണ്ട്. ചില മാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെ തെറ്റായ പ്രചാരണം വന്നതില്‍ അതിയായ ദു: ഖമുണ്ട്. അതിന് മുഖ്യമന്ത്രിയോട് ക്ഷമ ചോദിക്കാന്‍ കൂടിയാണ് താന്‍ വന്നതെന്നും ഇല്‍സി പറഞ്ഞു.

സര്‍ക്കാര്‍ ലിഗയുടെ കുടുംബത്തോടൊപ്പമുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഇല്‍സിയെ ആശ്വസിപ്പിച്ചു. തെറ്റായ വാര്‍ത്തകളും പ്രചാരണവും ഉണ്ടായതില്‍ വിഷമിക്കേണ്ടെന്നും അതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇല്‍സിയോട് പറഞ്ഞു. ദു:ഖകരമായ സംഭവത്തില്‍ സര്‍ക്കാറിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രനോടൊപ്പമാണ് ഇല്‍സി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചിന് ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലിഗ അനുസ്മരണം സംഘടിപ്പിക്കുന്നുണ്ട്.