Connect with us

Kerala

ലിഗയുടെ മരണം: അറസ്റ്റ് ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച ശേഷം

Published

|

Last Updated

തിരുവനന്തപുരം: വിദേശവനിത ലിഗ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശാസ്ത്രീയ പരിശോധനാ ഫലം ലഭിച്ച ശേഷമേ അറസ്റ്റ് രേഖപ്പെടുത്താനാകൂ. ലിഗ കൊല്ലപ്പെടുന്നതിന് മുമ്പ് മാനഭംഗത്തിനിരയായിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതിനാല്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം പുറത്തുവരാത്തതാണ് പ്രതികളുടെ അറസ്റ്റ് വൈകുന്നത്. ഇന്ന് വൈകുന്നേരം രാസപരിശോധനാ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് ശേഷമേ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് പോലീസ് കടക്കുകയുള്ളൂ. മൃതദേഹത്തിന്റെ സമീപത്ത് നിന്ന് ലഭിച്ച മുടിയിഴകളുടെ ഫോറന്‍സിക് പരിശോധനാ ഫലവും ലഭിക്കേണ്ടതുണ്ട്.

പ്രദേശത്തെ വീടുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെന്ന് സംശയിക്കുന്നവര്‍ പോലീസിന്റെ വലയിലായത്. നിലവില്‍ മൂന്ന് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഒരാള്‍ നിരീക്ഷണത്തിലുമാണ്. കസ്റ്റഡിയിലുള്ളവരെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തില്‍ ഇവര്‍ പങ്കാളികളായതിന് സാഹചര്യത്തെളിവുകള്‍ മാത്രമാണ് നിലവില്‍ പോലീസിന്റെ കൈവശമുള്ളത്. ഇതിനിടെ പ്രതികള്‍ തെളിവുകള്‍ തീയിട്ട് നശിപ്പിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

അതേസമയം, കസ്റ്റഡിയില്‍ ഉണ്ടായിരുന്ന അഞ്ച് പേരില്‍ പ്രതിയെന്ന് സംശയിച്ചിരുന്ന യോഗാ പരിശീലകന്‍ ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് വിട്ടയച്ചു. തെളിവുകളുടെ അഭാവത്തെ തുടര്‍ന്നാണ് യോഗാ പരിശീലകനായ പാറവിള സ്വദേശി അനില്‍ കുമാര്‍, ലാലു എന്നിവരെ വിട്ടയച്ചത്. ഹരി, ഉമേഷ്, ഉദയന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ലിഗയെ പൂനംതുരുത്തില്‍ എത്തിച്ചുവെന്ന് പറയപ്പെടുന്ന ഉമേഷിന്റെ ഫൈബര്‍ വള്ളത്തില്‍ നിന്ന് ചില തെളിവുകള്‍ പോലീസ് ശേഖരിച്ചെങ്കിലും അതില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ലെന്നാണ് സൂചന. പൂനംതുരുത്തിലെ വള്ളിപ്പടര്‍പ്പുകളില്‍ തെളിവുകള്‍ക്കായി പോലീസ് ഞായറാഴ്ചയും ഇന്നലെയും വിശദമായ തിരച്ചില്‍ നടത്തി. പ്രദേശവാസികളായ മൂന്ന് പേരുടെ സഹായത്തോടെ സമീപത്തെ പുഴയിലും തിരച്ചില്‍ നടന്നു. കാര്യമായ തെളിവുകള്‍ ലഭിച്ചില്ല.

ലിഗയുടെ മൃതദേഹം കണ്ടെത്തി 10 ദിവസം പിന്നിടുമ്പോഴും കൃത്യമായ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിന് കഴിയാത്തത് അന്വേഷണത്തിന് തിരിച്ചടിയായിട്ടുണ്ട്. കസ്റ്റഡിയിലുള്ളവര്‍ ലിഗക്ക് ഒപ്പം സഞ്ചരിച്ചത്തിന്റെ തെളിവുകളോ സാക്ഷിമൊഴികളോ ഇതുവരെ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ല.

ഇതിനിടെ, ലിഗയുടെ കൊലപാതകത്തില്‍ ലഹരി സംഘാംഗങ്ങളുടെ പങ്ക് വെളിപ്പെടുത്തി സംഭവത്തില്‍ പോലീസ് ചോദ്യം ചെയ്തു വിട്ടയച്ച യോഗാ പരിശീലകന്‍ അനില്‍കുമാര്‍ രംഗത്തുവന്നു. തനിക്കൊപ്പം കസ്റ്റഡിയിലുണ്ടായിരുന്ന നാല് പേര്‍ ലിഗയെ നേരിട്ട് കണ്ടതായി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് അനില്‍ കുമാര്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു. ഇവര്‍ സുഹൃത്തുക്കളും കഞ്ചാവ് ഉപയോഗിക്കുന്നവരുമാണെന്നും ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലം ഇവരുടെ താവളമാണെന്നും അനില്‍കുമാര്‍ വ്യക്തമാക്കി.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പോലീസ് വിട്ടതിന് പിന്നാലെയാണ് കുറ്റം നിഷേധിച്ച് ഇയാള്‍ രംഗത്തുവന്നത്. ലിഗയെ കാണാതായ ദിവസം തിരുവനന്തപുരത്ത് തന്നെ ഉണ്ടായിരുന്നുവെന്നും അനില്‍ കുമാര്‍ സമ്മതിച്ചു. ഈ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ അനില്‍ കുമാറിനെ വീണ്ടും പോലീസ് ചോദ്യം ചെയ്‌തേക്കും.

Latest