ആന്ധ്രയില്‍ ആധാര്‍ ചോര്‍ച്ച തുടരുന്നു: ഇരുപത് ലക്ഷം ഗര്‍ഭിണികളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍

Posted on: May 1, 2018 6:01 am | Last updated: April 30, 2018 at 10:44 pm

ഹൈദരാബാദ്: ആന്ധ്രാ പ്രദേശില്‍ ലക്ഷക്കണക്കിന് പേരുടെ ആധാര്‍ വിവരങ്ങള്‍ ചോരുന്നത് തുടരുന്നു. 20 ലക്ഷത്തിലേറെ ഗര്‍ഭിണികളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നതാണ് പുതിയ സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ 70 ലക്ഷം കുട്ടികളുടെയും 90 ലക്ഷം മുതിര്‍ന്നവരുടെയും ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നിരുന്നു. ആന്ധ്രാ സര്‍ക്കാറിന്റെ മൂന്ന് വ്യത്യസ്ത വെബ്‌സൈറ്റുകളില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഗവേഷകന്‍ കണ്ടെത്തി.

ഗര്‍ഭിണികളുടെ പ്രത്യുത്പാദന വിവരം, ശിശുക്കള്‍ക്കുള്ള കുത്തിവെപ്പ് വിവരം അടക്കമുള്ളവയാണ് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ വെബ്‌സൈറ്റിലെ പോഷകാഹാര, ആരോഗ്യ ട്രാക്കിംഗ് സംവിധാനം, പ്രത്യുത്പാദന, ശിശു ആരോഗ്യ വിഭാഗം എന്നിവയിലാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്. മാസമെത്താതെയുള്ള പ്രസവം, പ്രശ്‌നങ്ങള്‍, തുടര്‍ പരിചരണങ്ങള്‍ തുടങ്ങി ഗര്‍ഭഛിദ്രത്തിന്റെ വരെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭരണപരമായ അധ്വാനം കുറക്കുമെന്നതിനാല്‍ എല്ലാം ആധാറുമായി ബന്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ താത്പര്യപ്പെടുന്നതെന്ന് സൈബര്‍ സുരക്ഷാ ഗവേഷകന്‍ ശ്രീനിവാസ് കൊദാലി പറഞ്ഞു. ഇത് വിവരം ചോരുന്നതിന് പ്രധാന കാരണമാകുന്നതായും അദ്ദേഹം പറഞ്ഞു. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ എന്റോള്‍ ചെയ്തവരുടെ വിവരങ്ങളാണ് നേരത്തെ പരസ്യമായത്. ശ്രീനിവാസ് ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം വിവര ചോര്‍ച്ച മാസ്‌ക് ചെയ്ത് സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ആനുകൂല്യ വിതരണ പോര്‍ട്ടലിലെ പേര്, ഗ്രാമം, തൊഴില്‍ കാര്‍ഡ് നമ്പര്‍, ആധാര്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങളാണ് ചോര്‍ന്നത്. സംസ്ഥാന ഹൗസിംഗ് കോര്‍പറേഷനില്‍ വിവരങ്ങള്‍ ചോര്‍ന്നതിന്റെ പിറ്റേന്നാണ് മറ്റൊരു സര്‍ക്കാര്‍ പോര്‍ട്ടലില്‍ നിന്ന് കൂടി ആധാര്‍ വിവരങ്ങള്‍ അന്ന് പുറത്തായത്.