Connect with us

Articles

സങ്കീര്‍ണമായ ഇന്ത്യന്‍ തൊഴില്‍ രംഗം

Published

|

Last Updated

തൊഴിലും തൊഴില്‍സുരക്ഷയും തൊഴിലാളികളുടെ അവകാശങ്ങളും നിഷേധിക്കപ്പെടുകയും സാമൂഹിക സാമ്പത്തിക രംഗങ്ങളിലെ അതിഗുരുതരമായ പ്രതിസന്ധികള്‍ ജനങ്ങളുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സാര്‍വദേശീയതൊഴിലാളി ദിനം വന്നെത്തിയിരിക്കുന്നത്. വര്‍ഗീയതയും അസഹിഷ്ണുതയും ജാതീയമായ ആക്രമണങ്ങളും ഒരുഭാഗത്ത്. പെരുകുന്ന ദാരിദ്ര്യവും അസമത്വവും മറുഭാഗത്ത്.

സ്ഥിരം തൊഴില്‍ എന്നത് സങ്കല്‍പം മാത്രമായി മാറുകയാണ്. തന്നിഷ്ടം പോലെ നിയമിക്കാനും തോന്നുമ്പോള്‍ പിരിച്ചുവിടാനും ഉടമകള്‍ക്ക് അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ തൊഴില്‍ നിയമഭേദഗതി കൊണ്ടുവന്നുകഴിഞ്ഞു. തൊഴിലാളികള്‍ക്കുണ്ടായിരുന്ന നിയമപരമായ എല്ലാ പരിരക്ഷയും നിഷേധിക്കുകയും കുത്തകകള്‍ക്കും കോര്‍പറേറ്റുകള്‍ക്കും എല്ലാ സംരക്ഷണവും നല്‍കുകയുമാണ് കേന്ദ്ര സര്‍ക്കാര്‍. നിയമപരമായ ഒരാനുകൂല്യവുമില്ലാത്ത തൊഴിലാളികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. തൊഴില്‍ നിയമങ്ങളുടെ സംരക്ഷണം, കൂലിയും ഇതര ആനുകൂല്യങ്ങളും, സാമൂഹിക സുരക്ഷ തുടങ്ങി തൊഴിലാളികള്‍ക്കു ലഭിച്ചുവന്ന ആനുകൂല്യങ്ങളും പരിരക്ഷയുമൊക്കെ മാറ്റിയെഴുതുകയാണ്. വേതനം മരവിപ്പിക്കലും വെട്ടിക്കുറക്കലും പിരിച്ചുവിടലും വ്യാപകമായി. പ്രതിവര്‍ഷം രണ്ടു കോടി തൊഴിലവസരമാണ് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത്. പുതിയ തൊഴിലവസര ങ്ങള്‍ സൃഷ്ടിക്കപ്പെട്ടില്ലെന്നു മാതമല്ല, ലക്ഷക്കണക്കിനു തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. കാര്‍ഷിക തകര്‍ച്ചയാകട്ടെ കൃഷിക്കാരെ വഴിയാധാരമാക്കുന്നതിനൊപ്പം ലക്ഷക്കണക്കിനു തൊഴില്‍രഹിതരെയാണ് സൃഷ്ടിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണത്തിന് വേഗതയേറി. തന്ത്രപ്രധാനമായ പ്രതിരോധ മേഖല ഉള്‍പ്പെടെ വിദേശമൂലധനശക്തികള്‍ക്ക് തുറന്നിട്ടുകൊടുത്തിരിക്കുന്നു. പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നില്ല.

കേരളത്തിലെ കേന്ദ്രപൊതുമേഖലാസ്ഥാപനങ്ങളും വില്‍പ്പനക്കുവെച്ചിരിക്കുകയാണ്. അയ്യായിരത്തോളം ജീവനക്കാരുള്ള ഹിന്ദുസ്ഥാന്‍ ലൈഫ് കെയര്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് തുടങ്ങിയവ വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നു. പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക്ക് കെമിക്കല്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ കേന്ദ്രം അടച്ചുപൂട്ടാന്‍ ശ്രമിച്ചെങ്കിലും സംസ്ഥാനം ഏറ്റെടുത്ത് സംരക്ഷിച്ചു.
സങ്കീര്‍ണമായ ഈ പരിതസ്ഥിതിയിലും ജനപക്ഷ ബദല്‍നയങ്ങളുമായി കേരളം രാജ്യത്തിന് വഴികാട്ടുകയാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും തൊഴില്‍സുരക്ഷിതത്വവും സാമൂഹിക സുരക്ഷയും ഉറപ്പുവരുത്തുന്നതിലും അഭിമാനകരമായ നേട്ടങ്ങളാണ് സര്‍ക്കാര്‍ കൈവരിച്ചത്. എല്‍ഡിഎഫ് അധികാരമേല്‍ക്കുമ്പോള്‍ പൊതുമേഖലാവ്യവസായങ്ങളുടെ മൊത്തം നഷ്ടം 131 കോടി രൂപയായിരുന്നു. എന്നാല്‍ നഷ്ടത്തില്‍ നിന്ന് കരകയറാനും ഇതിനകം 31 കോടി രൂപ ലാഭം കൈവരിക്കാനും പൊതുമേഖലാവ്യവസായങ്ങള്‍ക്ക് കഴിഞ്ഞു. തൊഴിലാളിക്ഷേമത്തിന്റെയും സുരക്ഷിതത്വത്തിന്റെയും തൊഴില്‍ സൗഹൃദാന്തരീക്ഷത്തിന്റെയും മെച്ചപ്പെട്ട തൊഴിലാളിതൊഴിലുടമാ ബന്ധത്തിന്റെയും നേട്ടങ്ങളുയര്‍ത്തിപ്പിടിച്ച് കേരളം രാജ്യത്തിന് മാതൃകയായി മുന്നേറുന്നു.

തൊഴിലാളികളുടെ ജീവിതസുരക്ഷ സാമൂഹിക ഉത്തരവാദിത്വമായി ഏറ്റെടുത്ത സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ ഏതാണ്ടെല്ലാ തൊഴില്‍ മേഖലകളെയും ക്ഷേമനിധി ബോര്‍ഡുകള്‍ക്കു കീഴില്‍ കൊണ്ടുവരികയും തൊഴിലാളികള്‍ക്ക് പെന്‍ഷനും ഇതരആനുകൂല്യങ്ങളും നല്‍കുകയും ചെയ്യുന്നു. ക്ഷേമപെന്‍ഷനുകള്‍ 600ല്‍ നിന്ന് 1100 രൂപയായി ഉയര്‍ത്തി. രണ്ടു വര്‍ഷത്തിനിടയില്‍ 986.68 കോടി രൂപയാണ് ക്ഷേമനിധി പെന്‍ഷനായി നല്‍കിയത്. സര്‍ക്കാര്‍ ധനസഹായത്തോടെ 1,52,857 ഗുണഭോക്താക്കള്‍ക്കായി 345.79 കോടി രൂപയും ക്ഷേമനിധി ബോര്‍ഡുകളുടെ തനതുഫണ്ടുപയോഗിച്ച് 3,03,738 ഗുണഭോക്താക്കള്‍ക്ക് 640.89 കോടി രൂപയും ഇതിനകം നല്‍കാന്‍കഴിഞ്ഞു. ക്ഷേമനിധി ആനുകൂല്യങ്ങളെല്ലാം കാലോചിതമായി വര്‍ധിപ്പിച്ചു. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ അര്‍ഹതാ വരുമാനപരിധി 11,000 രൂപയില്‍ നിന്ന് ഒരു ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. അസംഘടിത മേഖലകളിലെ എല്ലാ തൊഴിലാളികളെയും ഏതെങ്കിലുമൊരു ക്ഷേമ പദ്ധതിയുടെ പരിധിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടുണ്ട്.
വിവിധ മേഖലകളിലെ തൊഴില്‍സാഹചര്യവും വേതനവ്യവസ്ഥയും പരിശോധിച്ച് തൊഴിലാളികളുടെ ഏറ്റവും കുറഞ്ഞ വേതനം 600 രൂപയായി നിജപ്പെടുത്തുന്നത്് സര്‍ക്കാര്‍പരിഗണിച്ചുവരികയാണ്. ലക്ഷക്കണക്കിനു ഇതര സംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികളായി കേരളം കണക്കാക്കുന്നു. ഇവര്‍ക്ക് 15,000 രൂപയുടെ സൗജന്യചികിത്സയും രണ്ട് ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സും നല്‍കുന്ന ആവാസ് പദ്ധതി അന്താരാഷ്ട്ര ശ്രദ്ധനേടി. ഇവര്‍ക്കായി തിരുവനന്തപുരത്തും പെരുമ്പാവൂരിലും ഫെസിലിറ്റേഷന്‍ സെന്ററുകള്‍ ആരംഭിച്ചു. എല്ലാ ജില്ലയിലും സെന്റര്‍ തുടങ്ങും. അതിഥി തൊഴിലാളികള്‍ക്ക് താമസസൗകര്യം നല്‍കുന്നതിന് അപ്‌നാഘര്‍ പദ്ധതി ആരംഭിച്ചു.

കുറഞ്ഞ വേതനക്കാരായ തൊഴിലാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ രണ്ട് കിടപ്പുമുറികളുള്ള ഫഌറ്റ് പണിതുനല്‍കുന്ന ജനനി പദ്ധതിയുടെ ഭാഗമായി ഇടുക്കി അടിമാലിയില്‍ 215 ഫഌറ്റ് പൂര്‍ത്തിയായി. എറണാകുളം പെരുമ്പാവൂരില്‍ ജനനി പദ്ധതിയില്‍ 296 ഫഌറ്റുകളുടെ നിര്‍മാണം ആംരംഭിച്ചു. ഭവനം ഫൗണ്ടേഷന്‍ വഴി വിവിധ മേഖലകളിലെ തുഛവരുമാനക്കാരായ തൊഴിലാളികള്‍ക്ക് പാര്‍പ്പിടസൗകര്യം ഒരുക്കും. തോട്ടം മേഖലയിലെ ഭവനരഹിതരായ തൊഴിലാളികള്‍ക്ക് 400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നല്‍കുന്ന പദ്ധതി ആവിഷ്‌കരിച്ചു. അസംഘടിതമേഖലയിലെ വിവിധ വിഭാഗം തൊഴിലാളികള്‍ക്ക് വേതനം ഉറപ്പുവരുത്തുന്നതിനും വേതനം ബേങ്ക് വഴി നല്‍കുന്നതിനുമുള്ള വേതന സുരക്ഷാപദ്ധതി (ഇപെയ്‌മെന്റ്) നടപ്പാക്കി. കടകളിലും വാണിജ്യസ്ഥാപനങ്ങളിലും മറ്റുമേഖലകളിലും തൊഴിലാളികളുടെ അവകാശങ്ങളും സൗകര്യങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു. മിനിമം വേതനം, ഓവര്‍ടൈം വേതനം, ആഴ്ച അവധി, ശമ്പളത്തോടുകൂടിയ ദേശീയ ഉത്സവ അവധി ദിനങ്ങള്‍, സ്ത്രീജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ എന്നിവ നല്‍കുന്നുണ്ടോയെന്ന് പരിശോധിക്കുന്നു. തൊഴിലാളികള്‍ക്ക് ഇരിക്കുന്നതിന് ജോലിസ്ഥലത്ത് തന്നെ സൗകര്യം ഏര്‍പ്പെടുത്താന്‍ വ്യവസ്ഥചെയ്തുകൊണ്ട് കേരള കടകളും വാണിജ്യസ്ഥാപനങ്ങളും നിയമത്തില്‍ ഭേദഗതി വരുത്താനും നടപടിയെടുത്തു.

സംസ്ഥാനത്തെ 80 തൊഴില്‍മേഖലകള്‍ മിനിമം വേതനനിയമത്തിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായ എല്ലാ മിനിമം വേതനവിജ്ഞാപനങ്ങളും പുതുക്കി നിശ്ചയിച്ചു. നഴ്‌സുമാര്‍ ഉള്‍പ്പെടെ സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് 30 മുതല്‍ 102 ശതമാനം വരെ വേതനവര്‍ധനവ് ഉറപ്പാക്കി കഴിഞ്ഞദിവസം വിജ്ഞാപനം പുറപ്പെടുവിച്ചു. തോട്ടം മേഖലയിലെ പ്രതിസന്ധി പരിഹരിച്ച് തൊഴിലാളികളെ ശോചനീയാവസ്ഥയില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. തൊഴില്‍തര്‍ക്കങ്ങളില്ലാതെ സംസ്ഥാനത്ത് സമാധാനപരമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. കേരളത്തെ തൊഴില്‍സൗഹൃദവും നിക്ഷേപകസൗഹൃദവുമാക്കി മാറ്റാനുള്ള ദൗത്യത്തിലാണ് സര്‍ക്കാര്‍. തൊഴില്‍മേഖലയിലെ ഒറ്റപ്പെട്ട അനാരോഗ്യ പ്രവണതകള്‍ തുടച്ചുനീക്കുന്നതിന് തൊഴിലാളികളുടെയും ട്രേഡ്‌യൂനിയനുകളുടെയും പൂര്‍ണ സഹകരണം സര്‍ക്കാറിന് ലഭിക്കുന്നു. ഇതിന്റെ ഭാഗമായാണ് ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപ്പെടുന്ന പ്രവണത അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ തീരുമാനം ഇന്നു മുതല്‍ നടപ്പില്‍ വരികയാണ്.

സംസ്ഥാന സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാറും വര്‍ഗീയപ്രതിലോമശക്തികളും നടത്തുന്ന നീക്കങ്ങള്‍ ചെറുക്കുമെന്ന് ഈ തൊഴിലാളി ദിനത്തില്‍ പ്രതിജ്ഞയെടുക്കാം.
മെയ്ദിന ആശംസകള്‍

(തൊഴില്‍ മന്ത്രി)

---- facebook comment plugin here -----

Latest