Connect with us

Gulf

ഹഖുല്ലൈല രാവിനെ വരവേല്‍ക്കാനൊരുങ്ങി ഇമാറാത്തി സമൂഹം

Published

|

Last Updated

ദുബൈ: വിശുദ്ധ റമസാന് മുന്നോടിയായുള്ള പ്രധാന ദിനമായ ശഅബാന്‍ 15-ാം രാവിലെ “ഹഖുല്ലൈല” ആഘോഷത്തിനൊരുങ്ങി ഇമാറാത്തി സമൂഹം. ഇമാറാത്തിന്റെ പൈതൃകത്തിലലിഞ്ഞു ചേര്‍ന്ന സുപ്രധാന ആഘോഷമാണ് “ബറാഅത് രാവ്” എന്ന് കേരളീയ മുസ്‌ലിം സമൂഹത്തിനിടയില്‍ അറിയപ്പെടുന്ന ഹഖുല്ലൈല. ആഗോള മുസ്‌ലിം സമൂഹം വലിയ പ്രാധാന്യം കല്‍പിക്കുന്ന രാവാണിത്.

കുട്ടികള്‍ കൂട്ടമായി അയല്‍പക്ക വീടുകളില്‍ ചെന്ന് അറബി ഭാഷയിലുള്ള ദൈവസ്തുതി കീര്‍ത്തനം പാടി മധുരം ശേഖരിക്കുന്നത് ആഘോഷത്തിന്റെ പ്രധാന ഭാഗമാണ്. തങ്ങളുടെ വീടുകളിലുണ്ടാക്കിയ മധുര പലഹാരങ്ങള്‍ അയല്‍വാസികള്‍ക്ക് കൈമാറുകയും ചെയ്യും. “ഞങ്ങള്‍ക്ക് നല്‍കൂ, അല്ലാഹു നിങ്ങള്‍ക്ക് പ്രതിഫലം നല്‍കുകയും മക്കയിലെ വിശുദ്ധ ഗേഹം സന്ദര്‍ശിക്കാന്‍ സഹായിക്കുകയും ചെയ്യും” എന്ന് അര്‍ഥം വരുന്ന അറബി കീര്‍ത്തനമാണ് കുട്ടികള്‍ ആലപിക്കുന്നത്.

ദുബൈയില്‍ ഹംദാന്‍ ബി ന്‍ മുഹമ്മദ് പൈതൃക കേന്ദ്രം ഇന്ന് (തിങ്കള്‍) വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ശൈഖ സല്‍മാ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെയും ശൈഖ ശമ്മ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെയും രക്ഷാകര്‍തൃത്വത്തിലാണ് ആഘോഷ പരിപാടികള്‍. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ഹംദാന്‍ ബിന്‍ മുഹമ്മദ് പൈതൃക കേന്ദ്രം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. ദുബൈയിലെ വിവിധ കേന്ദ്രങ്ങളില്‍ ട്രക്കുകള്‍ ഒരുക്കും. ദ ബീച്ചില്‍ ഉച്ചക്ക് 12 മുതല്‍ ഉച്ചക്ക് രണ്ടു വരെയും ലാ മിര്‍ (ഉച്ചക്ക് 2.30-വൈകുന്നേരം 4.30), സിറ്റി വാക്ക് (വൈകിട്ട് അഞ്ച്-വൈകിട്ട് ഏഴ്), ദ യാര്‍ഡ് (രാത്രി എട്ട്-രാത്രി 10) എന്നിങ്ങനെയാണ് സമയക്രമം.

രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ വിപുലമായ പരിപാടികളും നടക്കും.
കഴിഞ്ഞ ദിവസം ഷാര്‍ജ പരിസ്ഥിതി സംരക്ഷണ മേഖലാ അതോറിറ്റി ഷാര്‍ജ ഇസ്‌ലാമിക് ബോട്ടണിക്കല്‍ ഗാര്‍ഡന്‍, ഡെസേര്‍ട് പാര്‍ക് എന്നിവിടങ്ങളില്‍ വിപുലമായ ആഘോഷം സംഘടിപ്പിച്ചു. നിരവധി കുട്ടികളും സ്ത്രീകളും പങ്കെടുത്തു. സാമൂഹിക വികസന മന്ത്രാലയത്തിന് കീഴില്‍ അബുദാബിയിലും ഉമ്മുല്‍ ഖുവൈനിലെ സാമൂഹിക വികസന കേന്ദ്രത്തിലും വിപുലമായി ആഘോഷിച്ചു. റാസ് അല്‍ ഖൈമയില്‍ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ കെയര്‍ ആന്‍ഡ് റീ ഹാബിലിറ്റേഷന്‍ സെന്ററിലെ കുട്ടികളോടൊപ്പമായിരുന്നു ആഘോഷം.

യു എ ഇ അടക്കമുള്ള മുഴുവന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് സൂര്യന്‍ അസ്തമിച്ചാലാണ് ഏറെ പുണ്യമുള്ള ബറാഅത്ത് രാവ് ആചരിക്കുക. പരിശുദ്ധ റമസാനിനെ വരവേറ്റ് മനസ്സും ശരീരവും സ്രഷ്ടാവില്‍ അര്‍പിക്കുന്ന ദിനം കൂടിയാണിത്.

വിശുദ്ധ ഖുര്‍ആന്‍ പാരായണം, പാപമോചനവും ജീവിതത്തിലെ ഐശ്വര്യവും തേടിയുള്ള പ്രത്യേക പ്രാര്‍ഥന, മധുര പലഹാരങ്ങള്‍ പാകം ചെയ്ത് പരിസരവാസികള്‍ക്ക് നല്‍കല്‍ തുടങ്ങിയ ആരാധനകളും ആചാരങ്ങളും മുസ്‌ലിം സമൂഹത്തില്‍ ഈ രാവില്‍ നടന്നുവരുന്നു. ശഅബാന്‍ പതിനഞ്ചിന്റെ പകലില്‍ നോമ്പെടുക്കലും സുന്നത്താണ്. യു എ ഇയില്‍ തിങ്കളാഴ്ച അസ്തമിച്ച രാത്രിയാണ് ബറാഅത് രാവ്. ചൊവ്വാഴ്ച പകലിലാണ് നോമ്പനുഷ്ഠിക്കേണ്ടത്. ശഅബാന്‍ 15ന്റെ രാവില്‍ സ്രഷ്ടാവിന്റെ പ്രത്യേക കാരുണ്യം സൃഷ്ടികളുടെ മേല്‍ കണക്കില്ലാതെ വര്‍ഷിക്കുമെന്നും ബഹുദൈവ വിശ്വാസിയും മതിയായ കാരണങ്ങളില്ലാതെ ഉറ്റവരുമായി പിണങ്ങിക്കഴിയുന്നവരുമല്ലാത്തവര്‍ക്കെല്ലാം അന്ന് പാപങ്ങള്‍ പൊറുക്കപ്പെടും” എന്ന് തുടങ്ങിയ നിരവധി പ്രവാചക വചന (ഹദീസ്)ങ്ങളാണ് ഈ രാവിന് മുസ്‌ലിം ലോകം പുണ്യം കല്‍പിക്കാന്‍ നിദാനം.

Latest