കത്വ സംഭവത്തെ നിസ്സാരമാക്കി പുതിയ ബി ജെ പി ഉപമുഖ്യമന്ത്രി

Posted on: April 30, 2018 7:19 pm | Last updated: April 30, 2018 at 11:42 pm
കവിന്ദര്‍ ഗുപ്ത

ശ്രീനഗര്‍: കത്വയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ ന്യായീകരിച്ച് രംഗത്ത് വന്ന ബി ജെ പി. എം എല്‍ എ ജമ്മു കശ്മീര്‍ മന്ത്രിസഭയില്‍. കത്വയില്‍ നിന്നുള്ള ബി ജെ പി. എം എല്‍ എയും ഹിന്ദു ഏക്താ മഞ്ച് സജീവ പ്രവര്‍ത്തകനുമായ രാജീവ് ജസ്‌റോട്ടിയയെയാണ് കാബിനറ്റ് റാങ്കോടെ മന്ത്രിസഭയിലെത്തിച്ചിരിക്കുന്നത്. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടും അന്വേഷണത്തില്‍ ദുരൂഹത ആരോപിച്ചും പ്രകടനം നയിച്ചവരിലൊരാളാണ് ജസ്‌റോട്ടിയ. ഇദ്ദേഹമടക്കം എട്ട് പേരെ പുതുതായി ഉള്‍പ്പെടുത്തിയാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ചത്.

മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പി ഡി പി- ബി ജെ പി സഖ്യ മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗ് ഇന്നലെ രാജിവെച്ചിരുന്നു.

ഗാന്ധിനഗര്‍ എം എല്‍ എയും മുന്‍ സ്പീക്കറുമായ കവിന്ദര്‍ ഗുപ്തയാണ് പുതിയ ഉപമുഖ്യമന്ത്രി. താന്‍ ആര്‍ എസ് എസുകാരനായിരിക്കുന്നതില്‍ അഭിമാനം കൊള്ളുന്നുവെന്ന് സ്പീക്കര്‍ പദവിയിലിരുന്നു കൊണ്ട് പ്രഖ്യാപിച്ചയാളാണ് കവിന്ദര്‍.

കത്വ പീഡനക്കേസിലെ പ്രതികളെ പിന്തുണച്ചുള്ള പ്രകടനത്തില്‍ പങ്കെടുത്ത വനം മന്ത്രി ലാല്‍ സിംഗും വ്യവസായമന്ത്രി ചന്ദര്‍ പ്രകാശും രാജ്യമൊന്നാകെ പ്രതിഷേധവുമായി രംഗത്തിറങ്ങിയപ്പോള്‍ പിടിച്ചു നില്‍ക്കാനാകാതെ രാജിവെച്ചിരുന്നു. ഇതിന് പിറകേയാണ് കൂടുതല്‍ തീവ്രഹിന്ദുത്വ വാദികളെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചിരിക്കുന്നത്. പി ഡി പി- ബി ജെ പി വടംവലിയുടെ ഭാഗമാണ് ഈ പുനഃസംഘടനയെന്നും വിലയിരുത്തപ്പെടുന്നു.

അതേസമയം, കത്വയില്‍ എട്ട് വയസ്സുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി മന്ത്രിസഭാ പുനഃസംഘടനക്ക് യാതൊരു ബന്ധവുമില്ലെന്ന് ബി ജെ പി ജനറല്‍ സെക്രട്ടറി റാം മാധവ് അവകാശപ്പെട്ടു.

അതിനിടെ, കത്വയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി രാജ്യത്തിനാകെ മാനക്കേട് ഉണ്ടാക്കിയ സംഭവം ചെറിയ പ്രശ്‌നം മാത്രമാണെന്ന് പുതുതായി ചുമതലയേറ്റ ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി കവിന്ദര്‍ ഗുപ്ത പറഞ്ഞു. കത്വ സംഭവം ചെറിയ പ്രശ്‌നമാണ്. അതിന് വലിയ പ്രാധാന്യമൊന്നും നല്‍കേണ്ടതില്ലെന്നാണ് അധികാരമേറ്റെടുത്ത ശേഷം ഉപമുഖ്യമന്ത്രി പറഞ്ഞത്. മന്ത്രിസഭ അഴിച്ചുപണിയാന്‍ കാരണം കത്വ സംഭവമല്ലേ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗുപ്ത.