ജസ്റ്റിസ് കെ എം ജോസഫിനായുള്ള കൊളീജിയം ശിപാര്‍ശയില്‍ ഉറച്ച് നില്‍ക്കും: ജസ്റ്റിസ് കുര്യന്‍ ജോസഫ്

Posted on: April 30, 2018 3:04 pm | Last updated: April 30, 2018 at 3:51 pm

ന്യൂഡല്‍ഹി: ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള ശിപാര്‍ശയില്‍ ഉറച്ചുനില്‍ക്കുമെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായ കെ എം ജോസഫിന്റെ പേര് ബുധനാഴ്ച ചേരുന്ന കൊളീജിയം വിണ്ടും ശിപാര്‍ശചെയ്യുമെന്ന സൂചനകള്‍ക്കിടെയാണ് ജസ്റ്റിസ് കുര്യന്‍ ജോസഫ്് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ശിപാര്‍ശ മടക്കി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ കത്തിന് വസ്തുതകളുടേയും കീഴ്‌വഴക്കങ്ങളുടേയും അടിസ്ഥാനത്തില്‍ മറുപടി നല്‍കുമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

2017ല്‍ കെ എം ജോസഫിനെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താന്‍ കൊളീജിയം ശിപാര്‍ശ ചെയ്തുവെങ്കിലും കേന്ദ്രം പരിഗണിച്ചില്ല. ശാരീരിക പ്രശ്‌നമുള്ളതിനാല്‍ തണുത്ത കാലാവസ്ഥയുള്ള ഉത്തരാഖണ്ഡില്‍നിന്നും ജസ്റ്റിസ് കെ എം ജോസഫിനെ ആന്ധ്രപ്രദേശിലേക്ക് മാറ്റണമെന്ന കൊളീജിയം ശിപാര്‍ശയും കേന്ദ്രം തള്ളിയെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.