മണ്ടന്‍ പരാമര്‍ശങ്ങള്‍ മാനക്കേടായി; ബിപ്ലവ് കുമാറിനെ മോദി ഡല്‍ഹിക്ക് വിളിപ്പിച്ചു

Posted on: April 30, 2018 9:52 am | Last updated: April 30, 2018 at 9:52 am

അഗര്‍ത്തല: തുടര്‍ച്ചയായി മണ്ടന്‍ പരാമര്‍ശങ്ങള്‍ നടത്തി മാധ്യമങ്ങളില്‍ ‘നിറഞ്ഞു നില്‍ക്കുന്ന’ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. മേയ് രണ്ടിന് ഡല്‍ഹിയിലെത്തുന്ന ബിപ്ലവ് പ്രധാനമന്ത്രിയേയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായേയും കാണും. അടുത്തിടെ ബിപ്ലവ് കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദങ്ങളും പാര്‍ട്ടിക്ക് മാനക്കേടുമുണ്ടാക്കിയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

മഹാഭാരത കാലത്ത് ഇന്റര്‍നെറ്റ് ഉണ്ടായിരുന്നു, സിവില്‍ സര്‍വീസ് എടുക്കേണ്ടത് സിവില്‍ എന്‍ജിനീയര്‍മാരാണ്, അല്ലാതെ മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരല്ല, യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്ക് കാത്തിരിക്കാതെ പശുവിനെ കറക്കുന്ന ജോലിക്ക് പോകണം തുടങ്ങിയ വിവാദ പരാമര്‍ശങ്ങളാണ് ബിപ്ലവ് നടത്തിയത്.

ഈ പരാമര്‍ശങ്ങള്‍ പാര്‍ട്ടിക്ക് വലിയ നാണക്കേടാണ് സമ്മാനിച്ചത്. തുടര്‍ന്ന് എന്തിനും ഏതിനും പ്രതികരിച്ച് മാധ്യമങ്ങള്‍ക്ക് മസാല നല്‍കരുതെന്ന് ബി ജെ പി നേതാക്കള്‍ക്കും എം പിമാര്‍ക്കും എം എല്‍ എമാര്‍ക്കും നരേന്ദ്ര മോദി ഉപദേശം നല്‍കുകയുമുണ്ടായി. പാര്‍ട്ടിയുടെ അഭിപ്രായം അതിനായി നിശ്ചയിക്കപ്പെട്ട വക്താക്കള്‍ പറയും. പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യാന്‍ മിടുക്കുള്ള വലിയ സാമൂഹിക ശാസ്ത്രജ്ഞരും വിദഗ്ധരുമാണെന്ന ഭാവത്തിലാണ് ചിലര്‍ സംസാരിക്കുന്നത്. ക്യാമറ കാണുമ്പോള്‍തന്നെ നിങ്ങള്‍ വായ തുറക്കുന്നു. ബോധ്യമില്ലാത്ത കാര്യങ്ങളാണ് വിളിച്ചുപറയുന്നതെന്നുമായിരുന്നു മോദിയുടെ വാക്കുകള്‍. കഴിഞ്ഞ മാസമാണ് ബിപ്ലവ് കുമാര്‍ ദേവ് ത്രിപുര മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്.