നാടകീയം യുവെ

Posted on: April 30, 2018 6:16 am | Last updated: April 29, 2018 at 11:55 pm

റോം: ഇറ്റാലിയന്‍ സിരി എയില്‍ കിരീടമുറപ്പിക്കാന്‍ വാശിയേറിയ പോരാട്ടം തുടരുന്നു. രണ്ട് ഓണ്‍ഗോളുകളും ഒരു ചുവപ്പുകാര്‍ഡുമായി നാടകീയത മുറ്റിനിന്ന നിര്‍ണായക മത്സരത്തില്‍ യുവെന്റസ് ഇന്റര്‍മിലാനെ പരാജയപ്പെടുത്തി.

രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം. അവസാന ഘട്ടത്തില്‍ അര്‍ജന്റീന താരം ഹിഗ്വെയ്‌നാണ് യുവെന്റസിന് ജയം സമ്മാനിച്ചത്.
13ാം മിനുട്ടില്‍ ഡഗ്ലസ് കോസ്റ്റയിലൂടെ യുവെന്റസാണ് ഗോളടിക്ക് തുടക്കമിട്ടത്. 52ാം മിനുട്ടില്‍ ഇക്കാര്‍ഡി ഗോള്‍ മടക്കി. 65ാം മിനുട്ടില്‍ ബര്‍സാഗ്ലിയുടെ ഓണ്‍ഗോളില്‍ ഇന്റര്‍ മുന്നിലെത്തി. ഇന്റര്‍ വിജയത്തിലേക്കെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ 87ാം മിനുട്ടില്‍ സ്‌ക്രിനിയറിന്റെ ഓണ്‍ഗോളില്‍ മത്സരം സമനിലയില്‍. രണ്ട് മിനുട്ടിനുള്ളില്‍ ഹിഗ്വെയിന്റെ തകര്‍പ്പന്‍ ഗോളില്‍ യുവെന്റസ് ജയം പിടിച്ചെടുത്തു.

കിരീടപ്പോരാട്ടത്തില്‍ മേല്‍ക്കൈ നേടാന്‍ ജയത്തോടെ യുവെന്റസിന് കഴിഞ്ഞു. മൂന്ന് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ രണ്ടാം സ്ഥാനത്തുള്ള നാപ്പോളിയേക്കാള്‍ മൂന്ന് പോയിന്റ് മുന്നിലാണ് അവര്‍. 35 മത്സരങ്ങള്‍ കളിച്ച യുവെന്റസിന് 88 പോയിന്റും ഒരു മത്സരം കുറച്ച് കളിച്ച നാപ്പോളിക്ക് 84 പോയിന്റുമാണുള്ളത്. 70 പോയിന്റുമായി റോമ മൂന്നാം സ്ഥാനത്താണ്.