എന്റെ ഭാവി യോഗി ആദിത്യനാഥിന്റെ കൈയില്‍: ഡോ. കഫീല്‍ ഖാന്‍

Posted on: April 30, 2018 6:12 am | Last updated: April 29, 2018 at 11:07 pm

ലക്‌നോ: യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും തന്റെ ഭാവി ജീവിതമെന്ന് ഡോ. കഫീല്‍ ഖാന്‍. ഗോരഖ്പൂര്‍ ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത ഡോ. കഫീല്‍ അഹമ്മദ് ഖാനിന് അലഹബാദ് ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിച്ചിരുന്നത്. ജയിലില്‍ കിടക്കുമ്പോള്‍ താന്‍ പല തവണ ചിന്തിച്ചത് എന്താണ് ചെയ്ത തെറ്റെന്നാണ്. സ്വന്തം നിലയില്‍ സിലിന്‍ഡറുകള്‍ എത്തിച്ച് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിച്ചതാണോ താന്‍ ചെയ്ത തെറ്റെന്ന് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചേദിച്ചു. ചികിത്സയില്‍ കഴിയുന്ന കുട്ടികളെ രക്ഷിക്കാന്‍ സ്വന്തം പണം മുടക്കി ഓക്‌സിജന്‍ സിലിന്‍ഡര്‍ എത്തിച്ച കഫീല്‍ ഖാനിനെ കേസില്‍ കുടുക്കുകയായിരുന്നു.

ജയിലില്‍ നിന്നിറങ്ങിയ കഫീല്‍ ഖാനെ സ്വീകരിക്കാന്‍ കുടുംബം എത്തിയിരുന്നു. മതാവിനെയും ഭാര്യയെയും മകളെയും ചേര്‍ത്ത് പിടിച്ച് വിതുമ്പുന്ന ഖഫീല്‍ അഹമ്മദ് ഖാന്‍ നിന്ന കാഴ്ച നൊമ്പരപ്പെടുത്തുന്നതായിരുന്നു. മകളെ കണ്ടതോടെയാണ് കഫീല്‍ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞത്.
ജയിലിലെ ജീവിതം ഭീകരമായിരുന്നുവെന്നും ക്രിമിനലുകള്‍ക്കൊപ്പം കഴിഞ്ഞിരുന്ന നാളുകള്‍ ഇപ്പോഴും പേടിപ്പെടുത്തുന്നുണ്ടെന്നും കഫീല്‍ പറഞ്ഞു. തന്റെ ഭാവി ഇനി യോഗി ആദിത്യനാഥിന്റെ കൈകളിലാണ്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാല്‍ ജോലിയില്‍ കയറണമെന്നാണ് തന്റെ ആഗ്രഹമെന്നും കഫീല്‍ പറഞ്ഞു.

തന്നെ ഭരണകൂടം ബലിയാടാക്കുകയായിരുന്നുവെന്ന് അടുത്തിടെ ജയിലില്‍ നിന്നെഴുതിയ കത്തില്‍ ഖാന്‍ ആരോപിച്ചിരുന്നു. ആശുപത്രിയില്‍ ദുരന്തം നടന്ന ആഗസ്റ്റ് 10ന് അവധിയിലായിരുന്നിട്ട് കൂടി, ഒരു ഡോക്ടറെന്ന നിലയിലും ഇന്ത്യന്‍ പൗരനെന്ന നിലയിലും തനിക്ക് കഴിയാവുന്നതിലേറെ ചെയ്തു. ഓക്‌സിജന്റെ അഭാവം മൂലമുണ്ടായ ദുരന്തത്തിന്റെ വ്യാപ്തി കുറക്കാനാണ് താന്‍ ഇത്രയൊക്കെ ചെയ്തത്. ഓക്‌സിജന്‍ വിതരണ കമ്പനിക്ക് കുടിശ്ശിക നല്‍കാത്ത ഉദ്യോഗസ്ഥരാണ് ഈ ദുരന്തത്തിന്റെ കാരണക്കാര്‍. സ്വയം രക്ഷപ്പെടാന്‍ അവര്‍ തന്നെ ബലിയാടാക്കുകയായിരുന്നു.