Connect with us

International

മ്യാന്മറിലേക്ക് സുരക്ഷിത മടക്കം ഉറപ്പുവരുത്തണമെന്ന് ആവശ്യം

Published

|

Last Updated

ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പില്‍ സന്ദര്‍ശനം നടത്താനെത്തിയ യു എന്‍ പ്രതിനിധി സംഘത്തിന് മുമ്പില്‍ നീതി വേണമെന്നെഴുതിയ ബാനറുകളുമായി റോഹിംഗ്യന്‍ വംശജര്‍

ധാക്ക: മ്യാന്മറിലേക്ക് സുരക്ഷിത മടക്കം ഉറപ്പുവരുത്തണമെന്ന് ഐക്യരാഷ്ട്ര സഭ രക്ഷാസമിതി പ്രതിനിധി സംഘത്തോട് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ആവശ്യപ്പെട്ടു. ബംഗ്ലാദേശിലെ കോക്‌സ് ബസാര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പില്‍ സന്ദര്‍ശനം നടത്താനെത്തിയ സംഘത്തോടാണ് അഭയാര്‍ഥികള്‍ ആവശ്യം മുന്നോട്ടുവെച്ചത്. യു എന്‍ സംഘത്തിലെ പ്രതിനിധികള്‍ അഭയാര്‍ഥികളുമായി നേരിട്ട് സംഭാഷണത്തിലേര്‍പ്പെട്ടിരുന്നു. ചില അഭയാര്‍ഥി ക്യാമ്പുകളില്‍ നൂറുകണക്കിന് റോഹിംഗ്യനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഞങ്ങള്‍ക്ക് നീതിവേണം എന്നെഴുതിയ ബാനറുകളുയര്‍ത്തിയായിരുന്നു പ്രതിഷേധം. റാഖിനെ സംസ്ഥാനത്ത് അന്താരാഷ്ട്ര സുരക്ഷാ സൈന്യത്തിന്റെ സംരക്ഷണമേര്‍പ്പെടുത്തുക, ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യം ഒരുക്കുക, മ്യാന്മര്‍ പൗരത്വം അനുവദിച്ചു നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ റോഹിംഗ്യനുകള്‍ സംഘത്തിന് മുമ്പാകെ സമര്‍പ്പിച്ചു.

പ്രതിസന്ധിയില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കില്ലെന്നും എന്നാല്‍ നേരിടേണ്ടിവരുന്ന വെല്ലുവിളി വലുതാണെന്നും യു എന്നിലെ റഷ്യന്‍ അംബാസഡര്‍ ദിമിത്രി പോളിയാന്‍സ്‌കി അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ അഭയാര്‍ഥി ക്യാമ്പ് സന്ദര്‍ശിച്ച സംഘത്തിന് മുമ്പാകെ തങ്ങള്‍ അനുഭവിച്ച പീഡനങ്ങളും മാനഭംഗങ്ങളും റോഹിംഗ്യന്‍ സ്ത്രീകള്‍ കണ്ണീരോടെ തുറന്നുപറഞ്ഞു. യു എന്‍ പ്രതിനിധി സംഘത്തിന്റെ കണ്ണുതുറപ്പിക്കുന്ന കാഴ്ചകളാണ് ബംഗ്ലാദേശില്‍ നേരിടേണ്ടിവന്നതെന്ന് പ്രതിനിധി സംഘം ചൂണ്ടിക്കാട്ടി.

റോഹിംഗ്യനുകള്‍ക്കെതിരെ കൃത്യമായ വംശഹത്യയാണ് അരങ്ങേറിയതെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിരുന്നു.