Connect with us

Gulf

വര്‍ഷാവസാനമാകുമ്പോള്‍ ദുബൈയില്‍ തുറക്കുന്നത് 70 അമര്‍ സെന്ററുകള്‍

Published

|

Last Updated

ദുബൈ: വിസ, മെഡിക്കല്‍, ലേബര്‍, ഇമിഗ്രേഷന്‍, ഹെല്‍ത്ത് കാര്‍ഡ് തുടങ്ങിയവക്കു വേണ്ടിയുള്ള ടൈപ്പിംഗ് ലഭ്യമാക്കുന്ന എല്ലാ സേവനങ്ങളും ഇനി അമര്‍ സെന്ററുകള്‍ വഴി. ഓരോ അറബിക്, ഇംഗ്ലീഷ് ടൈപ്പിംഗ് മെഷിനുകള്‍, ഫോട്ടോ കോപ്പി യന്ത്രം, ഫാക്‌സ് മറ്റനവധി കടലാസുകളും മേശപ്പുറത്ത് കാണാറുണ്ടായിരുന്ന സ്വകാര്യ ടൈപ്പിംഗ് സെന്ററുകള്‍ ഓര്‍മയാകും.

സ്വകാര്യ ടൈപ്പിംഗ് സെന്ററുകളില്‍, പുറത്തെ ചില്ലു വാതിലില്‍ എഴുതി വെച്ച സേവനങ്ങളുടെ നീണ്ട നിരയേക്കാള്‍ വിപുലമായിരുന്നു സേവനങ്ങള്‍. വിസ, മെഡിക്കല്‍ സര്‍വീസുകള്‍ക്ക് പുറമെ, ബയോഡാറ്റ, തര്‍ജമ, പരാതികള്‍ തയ്യാറാക്കല്‍, പാസ്‌പോര്ട്ട് പുതുക്കല്‍, ഇന്ന് അന്യം നിന്ന് പോയ വിസ ഫാക്‌സ് അയക്കല്‍ തുടങ്ങി നിരവധി ആവശ്യങ്ങള്‍ക്ക് സാധാരണക്കാരും കമ്പനി പ്രതിനിധികളും ഉടമസ്ഥരും അറബികളും അനറബികളും ആശ്രയിച്ചിരുന്നത് ജനകീയ കേന്ദ്രമായിരുന്ന ടൈപ്പിംഗ് സെന്ററുകളെ ആയിരുന്നു.

യു എ ഇയുടെ കുതിപ്പിനും വളര്‍ച്ചക്കും സാക്ഷിയായ ടൈപ്പിംഗ് സെന്ററുകള്‍. ഈ അടുത്ത കാലം വരെ പരിഷ്‌കരിക്കപ്പെടുന്ന നിയമങ്ങളും മാറ്റം വരുന്ന വിസ ഫീസുകളും ഇത്തരം ടൈപ്പിംഗ് സെന്ററുകളെ ജനങ്ങള്‍ ആശ്രയിച്ചിരുന്നത്. ഈ മേഖലയിലെ ജീവനക്കാരും ഉടമസ്ഥരും ഏറെയും മലയാളികളാണ് എന്ന പ്രത്യേകതയും ടൈപ്പിംഗ് സെന്ററുകള്‍ക്കുണ്ട്.

സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ഏറെ സഹായകമായിരുന്നു ടൈപ്പിംഗ് സെന്ററുകള്‍. തൊഴിലധിഷ്ടിത കോഴ്‌സു്കള്‍ പൂര്‍ത്തിയാക്കാത്ത ഇടത്തരം വിദ്യാഭ്യാസം നേടിയ ആളുകള്‍ക്ക് പ്രയോജനപ്രദമായ ഒരു പരിശീലനക്കളരി കൂടി ആയിരുന്നു. ഒന്നോ രണ്ടോ വര്‍ഷം ടൈപ്പിംഗ് സെന്ററുകളില്‍ ജോലി ചെയ്ത് പരിശീലനം പൂര്‍ത്തിയാക്കവര്‍ക്ക് വലിയ കമ്പനികളില്‍ എളുപ്പത്തില്‍ ജോലി ലഭിച്ചിരുന്നു. ദുബൈയിലെ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ മാനവ വിഭവ ശേഷി, പബ്ലിക് റിലേഷന്‍ വിഭാഗങ്ങളില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന നിരവധി പേര്‍ ടൈപ്പിംഗ് സെന്ററുകളില്‍ പ്രാഥമിക പരിശീലനം പൂര്‍ത്തിയാക്കിയവരാണ്. അറബി, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി ഭാഷകള്‍ എളുപ്പത്തില്‍ പഠിക്കാന്‍ ഏറ്റവും മികച്ച ഒരു തൊഴില്‍ മേഖലയാണ് ടൈപ്പിംഗ് സെന്ററുകള്‍. വിവിധ തലങ്ങളില്‍ പെട്ട പലതരം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ ടൈപ്പിംഗ് സെന്ററുകള്‍ വഴി സാധ്യമാകുന്നു.

1999ലാണ് ആദ്യമായി കൈകൊണ്ട് എഴുതിയ ലേബര്‍ കാര്‍ഡുകള്‍ക്ക് പകരം കമ്പ്യൂട്ടറില്‍ പ്രിന്റ് ചെയ്ത പ്ലാസ്റ്റിക് കാര്‍ഡുകള്‍ പുറത്തിറങ്ങുന്നത്. ടൈപ്പിംഗ് സെന്ററുകള്‍ കമ്പ്യൂട്ടര്‍ വത്കരിക്കപ്പെടുന്നതിന്റെ തുടക്കമായിരുന്നു അത്. പിന്നീട് 2004ല്‍ കൈ കൊണ്ടെഴുതിയ വിസകള്‍ക്ക് പകരം ഇ ഫോറം സംവിധാനവും നിലവില്‍ വന്നു.

തൊഴില്‍ മന്ത്രായല സേവനങ്ങള്‍ പരിഷ്‌കരിക്കുന്നതിന്റെയും വിപുലപ്പെടുത്തുന്നതിന്റെയും ഭാഗമായി 2009 തസ്ഹീല്‍ സമ്പ്രദായം നിലവില്‍ വന്നതോടെ ടൈപ്പിംഗ് സെന്ററിന്റെ പ്രവര്‍ത്തനം ഊര്ജിതമാകുകയും തിരക്കേറുകയും ചെയ്തു.
2011ല്‍ തസ്ഹീല്‍ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെയും സ്വദേശി വത്കരണത്തിന്റെയും ഭാഗമായി തസ്ഹീല്‍ സെന്റര്‍ നിലവില്‍ വന്നു. നേരത്തെ ടൈപ്പിംഗ് സെന്ററുകളില്‍ ചെയ്തിരുന്ന തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട സേവനങ്ങളെല്ലാം തന്നെ തസ്ഹീല്‍ സെന്ററുകളിലേക്ക് മാറി.

ഇതിനിടെ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്, കോണ്‍സുലേറ്റ് സേവനങ്ങളും സ്വകാര്യ കമ്പനിക്ക് കൈമാറിയതും ടൈപ്പിംഗ് സെന്ററുകള്‍ക്ക് തിരിച്ചടിയായി.
എന്നാല്‍ പിന്നീട് സ്വദേശികള്‍ക്കും വിദേശികള്‍ക്കും എമിറേറ്റ്‌സ് ഐ ഡി നിര്‍ബന്ധമാക്കുകയും അവ ഇലക്ട്രോണിക് വത്കരിക്കുകയും ചെയ്തതോടെ ടൈപ്പിംഗ് സെന്ററുകള്‍ വീണ്ടും ഉത്തേജിതമായി. ഇമിഗ്രേഷന്‍ വിസ നടപടികള്‍ ഓണ്‍ലൈന്‍ ആവുകയും ചെയ്തതോടെ ടൈപ്പിംഗ് സെന്ററുകളില്‍ തിരക്ക് വര്‍ധിക്കുകയും ചെയ്തു. 2015ല്‍ എമിറേറ്റ്‌സ് ഐ ഡി സേവനങ്ങള്‍ ലഭ്യമാകാന്‍ എമിറേറ്റ്‌സ് ഐഡിന്റിറ്റി അതോറിറ്റി പുതിയ മനദണ്ഡങ്ങള്‍ മുന്നോട്ട് വെച്ചതോടെയാണ് ടൈപ്പിംഗ് സെന്ററുകള്‍ ആ മാനദണ്ഡങ്ങള്‍ പ്രകാരം വിസ്തൃതമായ ഓഫീസ് സംവിധാനിക്കുകയും ചെയ്ത് പ്രവര്‍ത്തനം സജീവമാക്കി.

എമിറേറ്റ്‌സ് ഐഡിന്റിറ്റി അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ ആവാത്ത ചെറിയ ടൈപ്പിംഗ് സെന്ററുകള്‍ ഉപഭോക്താക്കളില്‍ നിന്ന് ആവശ്യമായ രേഖകള്‍ സ്വീകരിച്ച് ഐ ഡി സെന്ററുകളുമായി ബന്ധപ്പെട്ട സേവനം തുടര്‍ന്നു. എന്നാല്‍ 2017 ഒക്ടോബറില്‍ മെഡിക്കല്‍ സേവനം പൂര്‍ണമായും ടൈപ്പിങ് സെന്ററുകളില്‍ നിന്ന് നീക്കപ്പെട്ടു. മലയാളികള്‍ ഉള്‍പ്പെടെയുള്ള ടൈപ്പിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് അതിജയിക്കാനായില്ല.

കൃത്രിമ വിസകളും വിസക്ക് വേണ്ടിയുള്ള വ്യാജരേഖകളും പൂര്‍ണമായും തടയുക എന്ന ലക്ഷ്യത്തോടെ 2015ല്‍ തുടക്കം കുറിച്ച അതിനൂതന സാങ്കേതിക വിദ്യകളോടെയുള്ള “ഇ വിഷന്‍” സേവനം ലഭ്യമായതോടെ ടൈപ്പിംഗ് സെന്ററുകള്‍ക്ക് പുതുജീവന്‍ വന്നു. എന്നാല്‍ ഏറെ പ്രതീക്ഷയോടെ സ്വീകരിച്ചിരുന്ന “ഇ വിഷന്‍” സംവിധാനത്തിന് അധികം ആയുസ്സുണ്ടായില്ല. 2017 അവസാനത്തോടെ “ഇ വിഷന്‍” പൂര്‍ണമായും നിലച്ച് അമര്‍ സേവനം നിലവില്‍ വന്നു.

2018ല്‍ അമര്‍ സേവനം ലഭ്യമാക്കാന്‍ വലിയ മാനദണ്ഡങ്ങളാണ് താമസ കുടിയേറ്റ വകുപ്പ് മുന്നോട്ട് വെച്ചത്. അമര്‍ എന്ന സേവന കേന്ദ്രങ്ങളിലൂടെ മാത്രമേ വിസ സംബന്ധമായ അപേക്ഷകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാനാവുകയുള്ളൂ. 4,000 ചതുരശ്രയടി വിസ്തീര്‍ണം, പ്രാഥമിക ഘട്ടത്തില്‍ 20 ശതമാനം സ്വദേശി ജീവനക്കാരും എന്നിവ അനിവാര്യം. അഞ്ച് വര്‍ഷം കൊണ്ട് മുഴുവന്‍ സ്വദേശി ജീവനക്കാരെ നിയമിക്കുക തുടങ്ങിയവയാണ് അമര്‍ സേവനം ലഭ്യമാകാന്‍ താമസ കുടിയേറ്റ വകുപ്പ് മുന്നോട്ട് വെക്കുന്ന പ്രധാന നിര്‍ദേശങ്ങള്‍.

ചുരുക്കത്തില്‍ വിസ, ലേബര്‍ കാര്‍ഡ്, എമിറേറ്റ്‌സ് ഐ ഡി, മെഡിക്കല്‍, ഹെല്‍ത് കാര്‍ഡ് തുടങ്ങിയ എല്ലാസേവനങ്ങളും ചെയ്യാനാകാതായതോടെ ഒരു പാട് കുതിപ്പും കിതപ്പും അനുഭവിച്ച ടൈപ്പിങ് സെന്ററുകളും ചരിത്രമാവുകയാണ്. ആയിരക്കണക്കിന് മലയാളികളുള്‍പ്പെടെയുള്ള ജീവനക്കാരും ഉടമസ്ഥരും മറ്റു മാര്‍ഗങ്ങള്‍ തേടുകയാണ്.
റിപ്പോര്‍ട്ട്:
അമീന്‍ പുറത്തീല്‍