ബിഡിജെഎസ് യോഗം ഇന്ന്;കടുത്ത തീരുമാനങ്ങളുണ്ടാകില്ലെന്ന പ്രതീക്ഷയോടെ ബിജെപി

Posted on: April 29, 2018 8:53 am | Last updated: April 29, 2018 at 9:45 am

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇന്ന് ചേരുന്ന ബിഡിജെഎസ്്് സംസ്ഥാന കൗണ്‍സില്‍ യോഗം ബിജെപിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാകും. ബിഡിജെഎസ് കടുത്ത നിലപാട് സ്വീകരിക്കില്ലെന്ന പ്രതീക്ഷയിലാണ് ബിജെപി.

ബിഡിജെഎസിന് ബോര്‍ഡ്,കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ കിട്ടാതെവന്നതോടെയാണ് ഇരുകൂട്ടര്‍ക്കുമിടയില്‍ അകല്‍ച്ചയുണ്ടായത്. പ്രതിഷേധമെന്നോണം ചെങ്ങന്നൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്നും ബിഡിജെഎസ് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ് . ഈ സാഹചര്യത്തിലാണ് ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട് ചര്‍ച്ച ചെയ്യാന്‍ ബിഡിജെഎസ് യോഗം ചേരുന്നത്.

തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ബിജെപിയെ സമ്മര്‍ദത്തിലാക്കി കാര്യസാധ്യം നേടുകയെന്ന ലക്ഷ്യത്തോടെയാണ് ബിഡിജെഎസ് മുന്നോട്ട് പോകുന്നത്. നേരത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും പരിഹാരമായിരുന്നില്ല. ഇനിയും പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യണമെന്നാണ് ബിജെഡിഎസില്‍ ഉയരുന്ന പൊതുവികാരം. ഇന്ന് വൈകിട്ട് മൂന്നിനാണ് യോഗം ചേരുന്നത്.