Connect with us

International

ചരിത്രമെഴുതി ഉന്‍-ഇന്‍ കൂടിക്കാഴ്ച

Published

|

Last Updated

പുതുകാല്‍വെപ്പ് : ഉത്തര- ദക്ഷിണ കൊറിയന്‍ അതിര്‍ത്തിയിലെ മിലിട്ടറി ഡിമാര്‍ക്കേഷന്‍ ലൈനിലെത്തി കിം ജോംഗ് ഉന്നിനെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ സ്വീകരിക്കുന്നു

സിയോള്‍: കൊറിയന്‍ ഉപദ്വീപില്‍ സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന് ധാരണ. ലോക രാഷ്ട്രങ്ങളെ തന്നെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാനും ഉത്തര- ദക്ഷിണ കൊറിയന്‍ നേതാക്കളുടെ കൂടിക്കാഴ്ചയില്‍ ധാരണയായി. കൊറിയന്‍ മേഖലയില്‍ പുതുചരിതം എഴുതി ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നും നടത്തിയ കൂടിക്കാഴ്ചയിലാണ് ആറര പതിറ്റാണ്ടായി ഇരു കൊറിയകള്‍ തമ്മില്‍ നിലനിന്ന യുദ്ധാവസ്ഥക്ക് അന്ത്യം കുറിക്കാന്‍ തീരുമാനമായത്. ഈ വര്‍ഷം തന്നെ സമാധാന ഉടമ്പടി ഒപ്പുവെക്കും. 1953ല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായെങ്കിലും സമാധാന സന്ധി ഒപ്പുവെക്കാത്തതിനാല്‍ സാങ്കേതികമായി ഉത്തര- ദക്ഷിണ കൊറിയകള്‍ തമ്മില്‍ ഇന്നും യുദ്ധത്തിലാണ്.

1953ല്‍ കൊറിയന്‍ യുദ്ധം അവസാനിച്ച ശേഷം ദക്ഷിണ കൊറിയ സന്ദര്‍ശിക്കുന്ന ആദ്യ ഉത്തര കൊറിയന്‍ നേതാവാണ് കിം ജോംഗ് ഉന്‍. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കിം ജോംഗ് ഉന്‍ അടുത്ത മാസം നടത്താനിരിക്കുന്ന കൂടിക്കാഴ്ചക്ക് മുന്നോടിയായാണ് കൊറിയന്‍ നേതാക്കള്‍ സമാധാന ചര്‍ച്ച നടത്തിയത്.

സുസ്ഥിരമായ സമാധാനത്തിന് അമേരിക്കയും ചൈനയുമായി സഹകരിച്ച് യുദ്ധവിരാമ ഉടമ്പടി ഒപ്പുവെക്കാനാണ് കൂടിക്കാഴ്ചയില്‍ ധാരണയായത്. ആയുധങ്ങള്‍ കുറക്കുക, ശത്രുതാപരമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക, പ്രഖ്യാപിത അതിര്‍ത്തി സമാധാന മേഖലയാക്കി മാറ്റുക, യു എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ചര്‍ച്ച നടത്തുക തുടങ്ങിയ കാര്യങ്ങളിലും ധാരണയായി. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോംഗ്‌യാംഗില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ ഈ വര്‍ഷം സന്ദര്‍ശനം നടത്താനും തീരുമാനമായി.

അതിര്‍ത്തി ഗ്രാമമായ പാന്‍മുന്‍ജോമില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മിലിട്ടറി ഡിമാര്‍ക്കേഷന്‍ ലൈന്‍ കടന്നെത്തിയ ഉന്നിനെ മൂണ്‍ ജെ ഇന്‍ സ്വീകരിച്ചു. ഇരുവരും ചേര്‍ന്ന് വൃക്ഷം നട്ട് സമാധാനത്തിന്റെ പാതയിലേക്കെന്ന സൂചന നല്‍കി. “ഞങ്ങള്‍ ഒന്നാകാന്‍ പോകുകയാണ്. ഞങ്ങള്‍ ഒരേ ചരിത്രം പേറുന്നവരാണ്. ഒരേയൊരു ഭാഷ, ഒരേയൊരു സംസ്‌കാരം, ഒരേ രക്തം. ശോഭനമായ ഭാവിയിലേക്ക് നോക്കുമ്പോള്‍ പഴയ കഠിന കാലം ഞങ്ങള്‍ ഓര്‍ക്കുന്നു. വേദനയില്ലാതെ നേട്ടമില്ല. നമുക്ക് മുന്നോട്ട് പോകാം” – കിം ജോംഗ് ഉന്‍ പറഞ്ഞു.

കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗ്, സുപ്രീം പീപ്പിള്‍സ് അസംബ്ലി പ്രസീഡിയം പ്രസിഡന്റ് കിം യോംഗ് നാം, മുന്‍ സൈനിക ഇന്റലിജന്റ്‌സ് മേധാവി കിം യോംഗ് ചാല്‍ തുടങ്ങിയവരും ഉത്തര കൊറിയന്‍ സംഘത്തിലുണ്ടായിരുന്നു. അതേസമയം, എങ്ങനെയാണ് ആണവ നിരായുധീകരണം നടപ്പാക്കുകയെന്നതിനെ കുറിച്ച് വ്യക്തമാക്കിയിട്ടില്ല. അടുത്തിടെ സ്ഥാപിച്ച ഹോട്ട്‌ലൈന്‍ വഴി ഇരുനേതാക്കളും ബന്ധം തുടരുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ കൂടിക്കാഴ്ച നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കെയ്‌സൂംഗ് സംയുക്ത വ്യവസായ കേന്ദ്രത്തോട് ചേര്‍ന്ന് സ്ഥിരം വാര്‍ത്താവിനിമയ കാര്യാലയം തുറക്കും. കൊറിയന്‍ യുദ്ധത്തില്‍ വേര്‍പിരിഞ്ഞവരുടെ ബന്ധുക്കള്‍ക്ക് കൂടിച്ചേരാന്‍ ഇവിടെ അവസരമൊരുക്കും.

കൊറിയന്‍ നേതാക്കള്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ സ്വാഗതം ചെയ്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, കൊറിയന്‍ യുദ്ധം അവസാനിച്ചതായി ട്വീറ്റ് ചെയ്തു. കൂടിക്കാഴ്ചയെ ചൈനയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെയും സ്വാഗതം ചെയ്തു. അതേസമയം, ദക്ഷിണ കൊറിയയിലെ യാഥാസ്ഥിതിക പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനക്കെതിരെ രംഗത്തുവന്നു. ഉത്തര കൊറിയയെ നിരായുധീകരിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത പ്രസ്താവനയിലില്ലെന്ന് ലിബര്‍ട്ടി കൊറിയ പാര്‍ട്ടി അധ്യക്ഷന്‍ ഹോംഗ് ജൂണ്‍ പ്യോ പറഞ്ഞു. സമാധാനത്തിന്റെ കെട്ടുകാഴ്ച മാത്രമാണ് ഉച്ചകോടിയെന്ന് അദ്ദേഹം ആരോപിച്ചു.

വിഭജന  ശേഷം മൂന്നാം ഉച്ചകോടി

ദക്ഷിണ കൊറിയയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കിം ജോംഗ് ഉന്‍ ജനുവരിയില്‍ വ്യക്തമാക്കിയതോടെയാണ് ചര്‍ച്ചക്ക് വഴിയൊരുങ്ങിയത്. ദക്ഷിണ കൊറിയയില്‍ നടന്ന ശൈത്യകാല ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ഉത്തര കൊറിയ തയ്യാറായതോടെ ചര്‍ച്ചകള്‍ക്ക് വേഗം കൂടി. കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യോ ജോംഗാണ് ശൈത്യകാല ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന സംഘത്തിന് നേതൃത്വം നല്‍കി ദക്ഷിണ കൊറിയയിലെത്തിയത്. ഒരേ പതാകക്ക് കീഴിലാണ് ഇരു കൊറിയയിലെയും ടീമുകള്‍ അണിനിരന്നത്.

കൊറിയന്‍ വിഭജനത്തിന് ശേഷം രണ്ട് തവണ മാത്രമേ ഇരു കൊറിയയിലെയും ഭരണാധികാരികള്‍ കൂടിക്കാഴ്ച നടത്തിയിട്ടുള്ളൂ. 2000ത്തില്‍ ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഇലും ദക്ഷിണ കൊറിയയുടെ കിം ഡേ ജുംഗും കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം 2007ല്‍ കിം ജോംഗ് ഇലും ദക്ഷിണ കൊറിയയുടെ റോഹ് മ്യു ഹ്യൂണും കൂടിക്കാഴ്ച നടത്തിയിരുന്നു. രണ്ട് കൂടിക്കാഴ്ചകളും ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോംഗ്‌യാംഗിലായിരുന്നു.

 

---- facebook comment plugin here -----

Latest