Connect with us

Sports

ബയേണിനെ വീഴ്ത്തി റയല്‍ മാഡ്രിഡ്

Published

|

Last Updated

മാര്‍സലോ റയലിന്റെ സമനിലഗോള്‍ നേടുന്നു

മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ആദ്യപാദ സെമി ഫൈനലില്‍ ബയേണിനെതിരെ റയലിന് ആധിപത്യം. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് അലയന്‍സ് അരീനയില്‍ സിനദിന്‍ സിദാന്റെ മാഡ്രിഡ് ടീം വിജയം കരസ്ഥമാക്കി.

ജര്‍മന്‍ ക്ലബ്ബിന്റെ തട്ടകത്തിലെ ജയം റയലിന്റെ ഫൈനല്‍ സാധ്യത വര്‍ധിപ്പിക്കുന്നു. മെയ് ഒന്നിന് റയലിന്റെ തട്ടകമായ സാന്റിയാഗോ ബെര്‍നാബുവിലാണ് രണ്ടാംപാദ സെമി ഫൈനല്‍ അരങ്ങേറുന്നത്. ഇതില്‍ സമനില പിടിച്ചാലും ഒരു ഗോളിന് തോറ്റാല്‍ പോലും റയലിന് ഫൈനലിലെത്താനാവൂം. എന്നാല്‍, എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കോ, എവേ ഗോളില്‍ റയല്‍ നേടിയ രണ്ട് ഗോളുകള്‍ മറികടക്കുന്ന മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമേ ബയേണിന് മുന്നേറാന്‍ സാധിക്കൂ.

ഒരു ഗോളിനു പിന്നില്‍ നിന്നതിനു ശേഷമാണ് ബയേണിനെതിരേ റയല്‍ തിരിച്ചടിച്ചത്. 28ാം മിനിറ്റില്‍ ജോഷ്വ കിമ്മിച്ചാണ് ബയേണിനു വേണ്ടി ഗോള്‍ നേടിയത്. എന്നാല്‍, 44ാം മിനിറ്റില്‍ മാര്‍സെലോയും 57ാം മിനിറ്റില്‍ മാര്‍കോ അസെന്‍ഷ്യോയും റയലിനെ മുന്നിലെത്തിക്കുകയായിരുന്നു.
സൂപ്പര്‍ താരങ്ങളായ കരീം ബെന്‍സെമ, ഗരെത് ബേല്‍ എന്നിവരെ ആദ്യ ഇലവനില്‍ ടീമില്‍ ഉള്‍പ്പെടുത്താതെയാണ് റയലിനെ സിദാന്‍ കളത്തിലിറക്കിയത്. മാന്വല്‍ നൂയറിന്റെ അഭാവത്തില്‍ വെന്‍ ഉള്‍റിച്ചായിരുന്നു ബയേണിന്റെ ഗോള്‍വല കാത്തത്. കളിയുടെ അഞ്ചാം മിനിറ്റില്‍ ആര്യന്‍ റോബന് പരിക്കേറ്റത് ബയേണിന് തിരിച്ചടിയായി.

പരിക്കേറ്റ റോബനു പകരം എട്ടാം മിനിറ്റില്‍ തിയാഗോ അല്‍കാന്ററയെയാണ് ബയേണ്‍ കളത്തിലിറക്കിയത്. തുടക്കത്തില്‍ തന്നെ ഗോളിനായി മികച്ച ശ്രമങ്ങള്‍ നടത്തിയത് ബയേണായിരുന്നു. ചില ഒറ്റപ്പെട്ട നീക്കങ്ങള്‍ മാത്രമാണ് ആദ്യ 25 മിനിറ്റുകളില്‍ റയലിന് നടത്താനായത്. 27ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയുടെ ഹെഡ്ഡര്‍ ഭീഷണി ഉയര്‍ത്താതെ ഗോള്‍ പോസ്റ്റിനു പുറത്തേക്കു പോയി. 34ാം മിനിറ്റില്‍ ഗോളി മാത്രം മുന്നിലുണ്ടായിരിക്കെ ലഭിച്ച മികച്ചൊരു അവസരം ബയേണ്‍ താരം ഫ്രാങ്ക് റിബറി നഷ്ടപ്പെടുത്തി.

തൊട്ടുപിന്നാലെ 28ാം മിനിറ്റില്‍ ബയേണ്‍ കിമ്മിച്ചിലൂടെ മല്‍സരത്തിലെ ആദ്യ ഗോള്‍ നിറയൊഴിച്ചു. ജെയിംസ് റോഡ്രിഗസ് നല്‍കിയ പാസ് സ്വീകരിച്ച കിമ്മിച്ച് മികച്ചൊരു കുതിപ്പിനൊടുവില്‍ തര്‍പ്പന്‍ ഷൂട്ടിലൂടെ റയല്‍ വലയ്ക്കുള്ളിലേക്ക് പന്ത് അടിച്ചുകയറ്റുകയായിരുന്നു. 34ാം മിനിറ്റില്‍ പരിക്കിനെ തുടര്‍ന്ന് ബയേണിന്റെ ജെറോം ബോട്ടെങും കളംവിട്ടു.

44ാമം മിനിറ്റില്‍ ബയേണ്‍ ഗോള്‍മുഖത്തെ കൂട്ടപൊരിച്ചിനിടയില്‍ മാര്‍സെലോ റയലിനു വേണ്ടി ആദ്യ ഗോള്‍ തിരിച്ചടിച്ചു. കാര്‍വജലിന്റെ ഹെഡ്ഡ് പാസ് മാര്‍സെലോ ഇടതുകാല്‍ ഷോട്ടിലൂടെ ബയേണ്‍ പ്രതിരോധനിരയെയും ഗോളിയെയും കാഴ്ചക്കാരനാക്കി പന്ത് ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

കളിയുടെ രണ്ടാംപകുതിയില്‍ പകരക്കാരന്റെ റോളിലെത്തി ടീമിന്റെ വിജയഗോള്‍ നേടി അസെന്‍ഷ്യോ റയലിന് നിര്‍ണായക ഒരു ഗോളിന്റെ ലീഡ് നേടിക്കൊടുക്കുകയായിരുന്നു. ലുകാസ് വാസ്‌ക്വസ് നല്‍കിയ ത്രൂബോള്‍ ഇടംകാല്‍ ഷോട്ടിലൂടെ ബയേണ്‍ ഗോളിക്ക് ഒരു പഴുതും നല്‍കാതെ അസെന്‍ഷ്യോ വലയ്ക്കുള്ളിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

പിന്നീട് റിബറിയിലൂടെയും തിയാഗോ അല്‍കാന്ററയിലൂടെയും ജാവി മാര്‍ട്ടിനെസിലൂടെയും മികച്ച ശ്രമങ്ങള്‍ ബയേണ്‍ നടത്തികൊണ്ടിരുന്നെങ്കിലും അവയൊന്നും ഗോളില്‍ കലാശിച്ചില്ല. പകരക്കാരനായിറങ്ങിയ കരീം ബെന്‍സെമ 76ാം മിനിറ്റില്‍ ഗോള്‍ പോസ്റ്റിലേക്ക് ഷോട്ടുതീര്‍ത്തെങ്കിലും ബയേണ്‍ ഗോളി പന്ത് കൈകളിലൊതുക്കുകയായിരുന്നു.

Latest