ലിവര്‍പൂളിന് ഞെട്ടല്‍, ഇംഗ്ലണ്ടിന് ഷോക്ക് !

Posted on: April 27, 2018 6:13 am | Last updated: April 27, 2018 at 12:03 am
ചാംബര്‍ലെയിന്‍ പരുക്കേറ്റ് കളത്തില്‍ വീണപ്പോള്‍

ലണ്ടന്‍: അലക്‌സ് ഓക്‌സലാഡ്-ചാംബര്‍ലെയിന്റെ കാല്‍മുട്ടിന് ഗുരുതര പരുക്ക്. ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലിന് തയ്യാറെടുക്കുന്ന ലിവര്‍പൂളിനും ലോകകപ്പിന് ഒരുങ്ങുന്ന ഇംഗ്ലണ്ടിനും ഷോക്കിംഗ് ആണ് ഈ വാര്‍ത്ത.

ചാംബര്‍ലെയിന് ശേഷിക്കുന്ന സീസണ്‍ നഷ്ടമാകുമെന്നും ലോകകപ്പിലും കളിക്കാന്‍ സാധിക്കില്ലെന്ന് ലിവര്‍പൂള്‍ ക്ലബ്ബ് അറിയിച്ചു.

ആന്‍ഫീല്‍ഡില്‍ എ എസ് റോമക്കെതിരായ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദസെമി മത്സരം കളിക്കുമ്പോഴാണ് ചാംബര്‍ലെയിന്‍ പരുക്കേറ്റ് വീണത്. മിഡ്ഫീല്‍ഡര്‍ക്ക് കാല്‍മുട്ടിന്റെ കെണുപ്പിന് സാരമായി പരുക്കുണ്ടെന്നും ശസ്ത്രക്രിയ ആവശ്യമായി വന്നേക്കുമെന്നുമാണ് പ്രാഥമിക റിപ്പോര്‍ട്ട്.
ട്വിറ്ററില്‍ ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ വളരെ വേദനയോടെ തന്റെ പരുക്കും ചാമ്പ്യന്‍സ് ലീഗ്, ലോകകപ്പ് നഷ്ടമാകുമെന്നും സ്ഥിരീകരിച്ചു.

ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപിന് ആദ്യപാദം 5-2ന് ജയിച്ചതിന്റെ ആശ്വാസമുണ്ട്. എന്നാല്‍, എമ്‌റെ കാനും ആദം ലല്ലാനയും പരുക്കേറ്റ് പുറത്തിരിക്കുമ്പോള്‍ തന്നെ ചാംബര്‍ലെയിനും പുറത്തായത് നടുക്കമുണ്ടാക്കി.

മിഡ്ഫീല്‍ഡര്‍മാരില്‍ ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സന്‍, ജെയിംസ് മില്‍നര്‍, ജോര്‍ജിനിയോ വിനാല്‍ഡം എന്നിവര്‍ മാത്രമാണ് വലിയ മത്സരങ്ങള്‍ക്ക് അവശേഷിക്കുന്നത്.

ചാമ്പ്യന്‍സ് ലീഗിന് പുറമെ പ്രീമിയര്‍ ലിഗില്‍ അടുത്ത വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് സ്‌പോട് ഉറപ്പിക്കാനുള്ള മത്സരങ്ങളും ലിവര്‍പൂളിന് പ്രധാനപ്പെട്ടതാണ്. സ്റ്റോക് സിറ്റി, ചെല്‍സി, ബ്രൈറ്റണ്‍ ക്ലബ്ബുകളെയാണ് ലീഗില്‍ നേരിടാനുള്ളത്.

ചാംബര്‍ലെയിന്റെ അഭാവത്തില്‍ ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്‌ക്വാഡിലേക്ക് കോച്ച് സൗത്ത് ഗേറ്റ് ഇരുപത്തിരണ്ട് വയസുള്ള റുബെന്‍ ലോഫ്റ്റസിനെ പരിഗണിക്കുമെന്നാണ് സൂചന.

ബ്രസീല്‍, ജര്‍മനി ടീമുകള്‍ക്കെതിരെ സൗഹൃദ മത്സരത്തില്‍ റുബെന്‍ കളിച്ചിരുന്നു.
ചെല്‍സിയുടെ താരമാണ്. ഇപ്പോള്‍ ക്രിസ്റ്റല്‍പാലസിനായി ലോണില്‍ കളിക്കുന്നു.