Connect with us

Kerala

സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതനം നഴ്‌സുമാര്‍ക്ക് നല്‍കാനാകില്ലെന്ന് സ്വകാര്യ ആശുപത്രി ഉടമകള്‍

Published

|

Last Updated

കൊച്ചി: ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം അംഗീകരിക്കാനാകില്ലെന്ന് സ്വകാര്യ ആശുപത്രി ഉടമകള്‍. നേഴ്‌സുമാരുള്‍പ്പെടെയുള്ള ജോലിക്കാരുടെ ശമ്പളം സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വര്‍ദ്ധിപ്പിച്ചാല്‍ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖല വന്‍പ്രതിസന്ധിയിലാകുമെന്ന് ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ (കെ പി എച്ച് എ) യോഗം ചൂണ്ടിക്കാട്ടി. വേതനം കൂട്ടിയ സര്‍ക്കാര്‍ വിജ്ഞാപനത്തെ നിയമപരമായി ചോദ്യം ചെയ്യാനാണ് സംഘടനയുടെ തീരുമാനം. അതിന് മുമ്പ്് ഉത്തരവ് നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് സര്‍ക്കാറിനെ അറിയിക്കുന്നതിനായി തൊഴില്‍ മന്ത്രിയുമായി കൂടികാഴ്ച നടത്തും. സമ്മര്‍ദം ചെലുത്തി ഉത്തരവ് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ആശുപത്രികള്‍ അനിശ്ചിതകാലത്തേക്ക് അടിച്ചിടുന്നതടക്കമുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ആശുപത്രി ഉടമകള്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 രൂപയായും മറ്റ് ജീവനക്കാരുടെ ശമ്പളം 16,000 രൂപയുമാക്കി നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. മിനിമം വേജസ് ആക്ട് നിലനില്‍ക്കെ സര്‍ക്കാറിന്റെ ഉത്തരവ് അന്യായമാണെന്ന് കെപി എച്ച് എ ആരോപിക്കുന്നു. നഴ്‌സുമാരുടെ സമരത്തെ ഭയന്നാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കാന്‍ നിര്‍ബന്ധിതരായത്. സംസ്ഥാന മിനിമം വേജസ് കമ്മിറ്റിക്ക് മുമ്പാകെ ശമ്പളവ് വര്‍ധനവ് നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ നിരവധി തവണ ആശുപത്രി മാനേജ്‌മെന്റുകള്‍ അറിയിച്ചതാണ് . എന്നിട്ടും ആശുപത്രി ഉടമകളുടെ പരാതികള്‍ കേള്‍ക്കാതെ ഏകപക്ഷീയമായി വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് അംഗീകരിക്കാന്‍ സാധിക്കുകയില്ലെന്ന് കെപി എച്ച് എ ജനറല്‍ സെക്രട്ടറി ഹസന്‍ കോയ തങ്ങള്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം ഏറെ ബാധിക്കുന്നത് സാധാരണക്കാര്‍ ആശ്രയിക്കുന്ന ചെറുകിട ആശുപത്രികളെയാണ്. സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ 60 ശതമാനവും ചെറുകിട ആശുപത്രികളാണെന്നിരിക്കെ ആരോഗ്യമേഖലയാകെ താളം തെറ്റിക്കുന്ന നടപടികള്‍ക്കാണ് സര്‍ക്കാര്‍ ചുക്കാന്‍ പിടിക്കുന്നത്. ശമ്പള വര്‍ധനവ് നിലവില്‍ വന്നാല്‍ ആശുപത്രികളുടെ വരുമാനത്തിന്റെ 64 ശതമാനവും ശമ്പളം നല്‍കുന്നതിനായി മാറ്റിവെക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ ചികിത്സാ ചെലവില്‍ 100 ശതമാനംവരെ വര്‍ധനവ് ഏര്‍പ്പെടുത്താന്‍ ആശുപത്രികള്‍ നിര്‍ബന്ധിതരാകും. സാധാരണക്കാരില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്ന നടപടിയായതിനാലാണ് സര്‍ക്കാര്‍ വിജ്ഞാപനത്തെ എതിര്‍ക്കുന്നതെന്നും ഹസന്‍കോയ തങ്ങള്‍ പറഞ്ഞു.

നഴ്‌സുമാരുടെ ശമ്പളത്തില്‍ ന്യായമായ വര്‍ധനവ് നടപ്പാക്കാന്‍ ആശുപത്രി ഉടമകള്‍ തയാറാണ്. നിലവില്‍ ഉന്നയിക്കുന്ന വര്‍ധനവ് അപ്രായോഗികമാണ്. വീണ്ടും സമര നടപടികളുമായി നഴ്‌സുമാര്‍ മുന്നോട്ടുവന്നാല്‍ നേരിടുമെന്നും ആശുപത്രി ഉടമകളുടെ സംഘടന അറിയിച്ചു.

കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന് പുറമെ ഐ എം എ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഹെല്‍ത്ത് പ്രൊവൈഡേഴ്‌സ് തുടങ്ങിയ സംഘടനകളും യോഗത്തില്‍ പങ്കെടുത്തു.