Connect with us

Kerala

സിനിമകളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമ ദൃശ്യങ്ങള്‍: നിയമപ്രകാരം ശിക്ഷാര്‍ഹം എന്ന മുന്നറിയിപ്പ് നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Published

|

Last Updated

തിരുവനന്തപുരം: സിനിമകളിലും സീരിയലുകളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമ രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം നിയമപ്രകാരം ശിക്ഷാര്‍ഹം എന്ന മുന്നറിയിപ്പ് കൂടി ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് റീജിയനല്‍ ഓഫീസര്‍ക്കും സാംസ്‌കാരിക വകുപ്പ് സെക്രട്ടറിക്കുമാണ് കമ്മീഷന്‍ ആക്ടിംഗ് അധ്യക്ഷന്‍ പി മോഹനദാസ് നിര്‍ദേശം നല്‍കിയത്.

സ്ത്രീകളെ ബഹുമാനിക്കണമെന്ന ഭരണഘടനാ വ്യവസ്ഥയുടെ ലംഘനമാണ് സിനിമകളിലും സീരിയലുകളിലും കാണുന്നതെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ളവ പ്രദര്‍ശിപ്പിക്കുന്നത് യുവജനങ്ങളെ വഴിതെറ്റിക്കുന്നതിന് കാരണമായേക്കാം. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം നിയമപ്രകാരം ശിക്ഷാര്‍ഹമാണെന്ന മുന്നറിയിപ്പ് പ്രേക്ഷകരില്‍ ചലനമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

മനുഷ്യാവകാശ പ്രവര്‍ത്തകനായ ശഫിന്‍ കവടിയാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കുന്ന കാര്യം കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കമ്മീഷനെ സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.

 

Latest