Connect with us

National

കത്വ കേസ്: ആവശ്യമെങ്കില്‍ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റും: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ നിഷ്പക്ഷ വിചാരണ നടക്കുന്നില്ലെങ്കില്‍ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുമെന്ന് സുപ്രീം കോടതി. കേസിന്റെ വിചാരണ ചണ്ഡിഗഢിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹരജിയില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ സത്യവാങ്മൂലം പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. അനാവശ്യമായ തര്‍ക്കങ്ങളിലേക്ക് പോയി കേസിന്റെ പ്രാധാന്യം നഷ്ടപ്പെടുത്തരുത്. ആവശ്യം ബോധ്യപ്പെട്ടാല്‍ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുന്നതില്‍ വിയോജിപ്പില്ലെന്നും ബഞ്ച് വ്യക്തമാക്കി. കോടതി പ്രഥമവും ഭരണഘടനാപരവുമായ പ്രാധാന്യം നല്‍കുന്നത് സ്വതന്ത്രമായ വിചാരണയും നടപടികളും ഉറപ്പുവരുത്തുന്നതിനും ഇരയുടെ അഭിഭാഷകര്‍ക്ക് സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വാക്കാല്‍ നിരീക്ഷിച്ചു. അതിനാല്‍, നീതിക്ക് തടസ്സമുണ്ടാകില്ല. ആവശ്യമെങ്കില്‍ കേസ് പുറത്തേക്ക് മാറ്റാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

അതേസമയം, പ്രതികളെ അനുകൂലിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രംഗത്ത്. സി ബി ഐ അന്വേഷണം വേണമെന്ന പ്രതികളുടെ ആവശ്യം ന്യായമാണെന്ന് ബാര്‍ കൗണ്‍സില്‍ നിലപാടെടുത്തു. ഇരയുടെ അഭിഭാഷകയെയോ പോലീസിനെയോ അഭിഭാഷകര്‍ തടഞ്ഞിട്ടില്ലെന്നും സുപ്രീം കോടതില്‍ ബാര്‍ കൗണ്‍സില്‍ പ്രതിനിധി നിലപാടറിയിച്ചു. സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടഞ്ഞു എന്നതുള്‍പ്പെടെ അഭിഭാഷകര്‍ക്കെതിരായ മുഴുവന്‍ ആരോപണങ്ങളും നിഷേധിച്ചാണ് ബാര്‍ കൗണ്‍സില്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. അക്രമത്തെ സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വാര്‍ത്തകളെല്ലാം മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ബാര്‍ കൗണ്‍സില്‍ വ്യക്തമാക്കിയിരിക്കുന്നത്.

ബാര്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് വെറും വൈറ്റ് വാഷല്ലാതെ ഒന്നുമല്ലെന്ന് ഇരയുടെ അഭിഭാഷകന്‍ പി വി ദിനേഷ് പറഞ്ഞു. ബാര്‍ കൗണ്‍സില്‍ എന്തു പറയുന്നുവെന്നതല്ല നമ്മള്‍ എടുക്കുകയെന്നായിരുന്നു ഇതിന് ചീഫ് ജസ്റ്റിസിന്റെ മറുപടി. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ വിചാരണ നടത്തണമെന്ന് കുട്ടിയുടെ പിതാവിന്റെ അഭിഭാഷക ആവശ്യപ്പെട്ടു.

Latest