National
മാധ്യമ സ്വാതന്ത്ര്യം: പട്ടികയില്‍ ഇന്ത്യ 138ാം സ്ഥാനത്ത്

ന്യൂഡല്‍ഹി: രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ട്. മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച പട്ടികയില്‍ ഇന്ത്യ 138ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബംഗളൂരുവിലെ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധവും രാജ്യത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുമാണ് പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം പിന്നിലാക്കിയത്.
പാരിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (ആര്‍ എസ് എഫ്) എന്ന സംഘടനയാണ് 180 രാജ്യങ്ങളെ ഉള്‍പ്പെടുത്തി പട്ടിക തയ്യാറാക്കിയത്. മാധ്യമങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കി നോര്‍വേ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഉത്തരകൊറിയ പട്ടികയില്‍ ഏറ്റവും പിന്നിലായി. എരിത്രിയ, തുര്‍ക്കുമനിസ്ഥാന്‍, ചൈന, സിറിയ രാജ്യങ്ങള്‍ യഥാക്രമം 175 മുതല്‍ 179 വരെ സ്ഥാനങ്ങളിലാണ്.
ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം തീവ്ര ഹിന്ദുത്വ സംഘടനകളില്‍ നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. സംഘ്പരിവാറിനെതിരെയുള്ള വിമര്‍ശവും ഭരണകക്ഷികള്‍ക്കെതിരായ വിമര്‍ശങ്ങളും കേന്ദ്ര സര്‍ക്കാറിനെ പിന്തുണക്കുന്നവര്‍ നേരിടുന്നത് മാധ്യമ സ്വാതന്ത്ര്യത്തിനെ ഇല്ലാതാക്കുന്ന വിധത്തിലാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ബംഗളൂരുവിലെ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെടാനിടയായ സംഭവം പരാമര്‍ശിച്ചാണ് റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ഇന്ത്യയെ കുറ്റപ്പെടുത്തിയിരിക്കുന്നത്. ഈ ചുരുങ്ങിയ കാലയളവില്‍ കുറഞ്ഞത് മൂന്ന് മാധ്യമപ്രവര്‍ത്തകരെങ്കിലും ഇന്ത്യയില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.