സലാഹ് താരമായി: ചെമ്പടക്ക് ജയം

  • ലിവര്‍പൂള്‍ 5-2 റോമ
  • റോമക്ക് നിര്‍ണായക എവേ ഗോളുകള്‍
Posted on: April 26, 2018 6:25 am | Last updated: April 25, 2018 at 11:32 pm

മുന്‍ ക്ലബ്ബായ റോമകകെതിരെ ഗോള്‍ നേടിയ ലിവര്‍പൂള്‍ താരം മുഹമ്മദ് സാല ആഘോഷം വേണ്ടെന്ന് വെച്ചു. പക്ഷേ, സഹതാരം ഫിര്‍മിനോ ആഘോഷത്തിന്റെ മൂഡിലായിരുന്നു

ലണ്ടന്‍: ആന്‍ഫീല്‍ഡിലെ യുദ്ധം ജയിച്ചത് ലിവര്‍പൂള്‍. ഇറ്റലിയില്‍ നിന്നെത്തിയ എ എസ് റോമയുടെ പടയാളികളെ ഹോം ടീമായ ലിവര്‍പൂള്‍ 5-2ന് തകര്‍ത്തു. എന്നാല്‍, രണ്ട് എവേ ഗോളുകള്‍ അവസാന മിനുട്ടുകളില്‍ നേടിയതിന്റെ ആത്മവിശ്വാസവുമായാണ് റോമ നാട്ടിലേക്ക് മടങ്ങിയത്.

ഇരട്ട ഗോള്‍ വീതം നേടിയ മുഹമ്മദ് സലാഹും റോബര്‍ട്ടോ ഫിര്‍മിനോയുമാണ് സ്വന്തം കാണികള്‍ക്കു മുന്നില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. സാദിയോ മാനെയാണ് ലിവര്‍പൂളിന്റെ മറ്റൊരു സ്‌കോറര്‍. എഡിന്‍ സെക്കോ, ഡീഗോ പെറോറ്റി എന്നിവരാണ് രണ്ടാംപാദ സെമിഫൈനലിലേക്ക് പ്രതീക്ഷയേകി റോമയുടെ ഗോളുകള്‍ തിരിച്ചടിച്ചത്. അടുത്ത മാസം രണ്ടിന് റോമയുടെ തട്ടകത്തിലാണ് രണ്ടാംപാദ സെമി ഫൈനല്‍ പോരാട്ടം അരങ്ങേറുന്നത്.

രണ്ടാം പാദത്തില്‍ മൂന്ന് ഗോള്‍ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നാല്‍ 11 വര്‍ഷങ്ങള്‍ക്കു ശേഷം ലിവര്‍പൂളിന് ചാംപ്യന്‍സ് ലീഗ് ഫൈനലിന് ടിക്കറ്റെടുക്കാനാവും. എന്നാല്‍, സ്പാനിഷ് അതികായന്‍മാരായ ബാഴ്‌സലോണയ്‌ക്കെതിരേ ക്വാര്‍ട്ടറില്‍ പുറത്തെടുത്ത തിരിച്ചുവരവ് റോമ ആവര്‍ത്തിച്ചാല്‍ കഥ മാറും.

പ്രീമിയര്‍ ലീഗ് സീസണിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയതിനു പിന്നാലെ കളത്തിലിറങ്ങിയ സലാഹ് അവിസ്മരണീയ ഫോം റോമയ്‌ക്കെതിരേയും തുടരുകയായിരുന്നു. മല്‍സരത്തില്‍ രണ്ട് ഗോള്‍ നേടുന്നതിനൊപ്പം രണ്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്താണ് ഈജിപ്ഷ്യന്‍ സ്‌െ്രെടക്കര്‍ അന്‍ഫീല്‍ഡില്‍ ലിവര്‍പൂളിന്റെ ഹീറോയായത്. കളിയുടെ 36ാം മിനിറ്റിലാണ് സലാ റെഡ്‌സിനെ ആദ്യം മുന്നിലെത്തിച്ചത്. 36ാം മിനിറ്റില്‍ ഫിര്‍മിനോയുടെ പാസില്‍ മുന്നേറിയ സലാഹ് റോമന്‍ ഗോളിയെ കാഴ്ചക്കാരനാക്കി ഇടതുകാലിലൂടെ മനോഹരമായ ഷോട്ടിലൂടെ പന്ത് വലയ്ക്കുള്ളിലാക്കുകയായിരുന്നു. ആദ്യപകുതിയിലെ എക്‌സ്ട്രാ ടൈമില്‍ സലാ ലിവര്‍പൂളിന്റെ രണ്ടാം ഗോളും നിറയൊഴിച്ചു.
രണ്ടാംപകുതിയിലെ 56ാം മിനിറ്റില്‍ മാനെയിലൂടെ ലിവര്‍പൂള്‍ മല്‍സരത്തിലെ മൂന്നാം ഗോളും നേടി. സലാ നല്‍കിയ മികച്ചൊരു പാസ് മാനെയ്ക്ക് വലയിലേക്ക് തിരിച്ചുവിടാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 61ാം മിനിറ്റില്‍ ഫിര്‍മിനോയുടെ ഊഴമായിരുന്നു. സലാ തന്നെയായിരുന്നു ലിവര്‍പൂളിന്റെ നാലാം ഗോളിനും വഴിയൊരുക്കിയത്. റോമന്‍ പ്രതിരോധനിരയെ കബളിപ്പിച്ച് സലാ നല്‍കിയ മനോഹരമായ പാസ് ഫിര്‍മിനോ അനായാസം പന്ത് വലയ്ക്കുള്ളിലാക്കുകയായിരുന്നു. 68ാം മിനിറ്റില്‍ ഫിര്‍മിനോ മല്‍സരത്തിലെ രണ്ടാം ഗോളും നേടി.

ജെയിംസ് മില്‍നറെടുത്ത കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെ ഫിര്‍മിനോ പന്ത് റോമന്‍ വലയ്ക്കുള്ളിലാക്കുകയായിരുന്നു. 81ാം മിനിറ്റില്‍ റാഡ്ജ നൈന്‍ഗോളന്‍ നല്‍കിയ ലോങ് ത്രൂപാസ് സ്വീകരിച്ച സെക്കോ ലിവര്‍പൂള്‍ ഗോളിക്ക് ഒരുപഴുതും നല്‍കാതെ പന്ത് വലയ്ക്കുള്ളിലേക്ക് അടിച്ചുകയറ്റുകയായിരുന്നു.

85ാം മിനിറ്റില്‍ പെനാല്‍റ്റി കിക്കിലൂടെയായിരുന്നു റോമയുടെ രണ്ടാം ഗോള്‍. ബോക്‌സില്‍വച്ച് ലിവര്‍പൂള്‍ താരം ജോര്‍ദന്‍ ഹെന്‍ഡേഴ്‌സന്റെ കൈയില്‍ പന്ത് തട്ടിയതിനെ തുടര്‍ന്നാണ് റോമയ്ക്ക് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചത്. പകരക്കാരന്റെ റോളിലെത്തിയ പെറോറ്റി പെനാല്‍റ്റി കിക്ക് അനായാസം പന്ത് ലിവര്‍പൂള്‍ വലയ്ക്കുള്ളിലാക്കി.