ജി സി എ എക്ക് കുരുന്നു ഡയറക്ടര്‍; പ്രായം എട്ട് മാസം മുഹമ്മദ് അല്‍ ഹാഷിം

Posted on: April 25, 2018 10:34 pm | Last updated: April 25, 2018 at 10:34 pm

ദുബൈ: ദുബൈ സിവില്‍ എവിയേഷന്‍ അതോറിറ്റിക്ക് ഇനി കുരുന്നു ഡയറക്ടര്‍. ദുബൈ ജനറല്‍ സിവില്‍ എവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ സൈഫ് മുഹമ്മദ് അല്‍ സുവൈദിയാണ് എട്ട് മാസം പ്രായമുള്ള കുരുന്നു മുഹമ്മദ് അല്‍ ഹാഷിമിനെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിച്ചത്. ഡിപാര്‍ട്‌മെന്റില്‍ സന്തോഷവും ക്രിയാത്മകതയും പ്രദാനം ചെയ്യുന്നതിനാണ് കുരുന്നു ഡയറക്ടറുടെ സാന്നിധ്യമെന്ന് അദ്ദേഹം പറഞ്ഞു.

എട്ട് മാസക്കാരന്റെ ‘ഉദ്യോഗ ദിനങ്ങളുടെ’ വീഡിയോ ഇതിനോടകം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ഡിപാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥരോട് കുരുന്നു മുഹമ്മദ് സംവദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. അതോറിറ്റി ജീവനക്കാരുടെ സംതൃപ്തി വര്‍ധിപ്പിക്കുന്നതിന് വിവിധങ്ങളായ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. സാമൂഹിക, ആരോഗ്യ, കലാ കായിക മേഖലയില്‍ സന്തോഷം പ്രധാനം ചെയ്യാനും പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജി സി എ എയുടെ ജീവനക്കാരന്റെ പുത്രനാണ് കുരുന്നു ഡയറക്ടര്‍. ദൈന്യം ദിന പ്രവര്‍ത്തികളില്‍ മറ്റ് ജീവനക്കാരോടൊപ്പം കുരുന്നു മുഹമ്മദ് ചേരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.