Connect with us

Gulf

അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം:  സാഹിത്യ-സാംസ്‌കാരിക, പാചക പ്രദര്‍ശനം കൊണ്ട് സമ്പന്നമാകും

Published

|

Last Updated

അബുദാബി: അബുദാബി അന്താരാഷ്ട്ര പ്രദര്‍ശന നഗരിയില്‍ ഇന്ന് ആരംഭിക്കുന്ന പുസ്തകോത്സവം സാഹിത്യ-സാംസ്‌കാരിക പാചക പ്രദര്‍ശനം കൊണ്ട് സമ്പന്നമാകും.

1981 ല്‍ ആരംഭിച്ചതാണ് പുസ്തകോത്സവം. കാലിഗ്രാഫി രൂപകല്‍പന, ചിത്രീകരണം എന്നിവക്ക് പുറമെ ലോകമെമ്പാടുനിന്നുമുള്ള പ്രമുഖ പാചക വിദഗ്ധര്‍ പങ്കെടുക്കുന്ന പാചക മത്സരവും ഉണ്ടാകും. പാചകക്കാരോട് സംവദിക്കാനും, ആശയ വിനിമയം നടത്താനും അവസരം ഒരുക്കിയിട്ടുണ്ട്. 35 രാജ്യങ്ങളിലെ ഭാഷകളിലെ പുസ്തകങ്ങള്‍ കൂടാതെ പ്രദര്‍ശനത്തിന്റെ ഭാഗമായി 830 പരിപാടികളും ഒരുക്കിയിട്ടുണ്ട്.

ശില്പശാലകള്‍, സെമിനാറുകള്‍, പാനല്‍ ചര്‍ച്ചകള്‍, കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍, നാടക, നൃത്ത പരിപാടികള്‍, പാചക പ്രദര്‍ശനങ്ങള്‍ എന്നിവയാണ് പ്രധാന വേദികളില്‍ അരങ്ങേറുക.

സായിദ് വര്‍ഷം

രാജ്യത്തിന്റെ സ്ഥാപക പിതാവായ ശൈഖ് സായിദിനോടുള്ള ആദരസൂചകമായി രാജ്യം ഈ വര്‍ഷം സായിദ് വര്‍ഷമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി പുസ്തകമേളയില്‍ സായിദ് വ്യക്തിത്വ വര്‍ഷമായി ആഘോഷിക്കുന്നതാണ്. യു എ ഇ സമൂഹത്തെ രൂപപ്പെടുത്തുന്നതിന് ശൈഖ് സായിദ് വഹിച്ച പങ്കും അദ്ദേഹത്തിന്റെ ജീവിത മൂല്യങ്ങളും തത്വങ്ങളും വിലയിരുത്തും. സായിദ് നാഷനല്‍ ബില്‍ഡിംഗ് ലീഡര്‍ എന്ന പേരില്‍ ഇതിന്റെ സെമിനാര്‍ നടക്കും. യു എ ഇ യുടെ വികസനം, രൂപകല്‍പന, ശൈഖ് സായിദ് സ്ഥാപിച്ച സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യം എന്നിവ സംബന്ധിച്ച് ചര്‍ച്ച ചെയ്യും. ശൈഖ് സായിദുമായുള്ള രാജ്യത്തിന്റെ ബന്ധം മനസിലാക്കി നല്‍കുന്നതിന് കുട്ടികളുടെ ശില്പശാലയും ഒരുക്കിയിട്ടുണ്ട്.

പോളിഷ് സംസ്‌കാരം

പുസ്തകോത്സവത്തിലെ ഈ വര്‍ഷത്തെ അതിഥി രാജ്യം പോളണ്ടാണ്. നിരവധി പോളിഷ് എഴുത്തുകാര്‍, വിവര്‍ത്തകര്‍, 21 പ്രസാധകര്‍, പാചക വിദഗ്ദ്ധര്‍, നര്‍ത്തകര്‍ എന്നിവര്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന മുഴുവന്‍ പ്രധാന പരിപാടികളിലും പങ്കെടുക്കും. പോളണ്ട് സ്വാതന്ത്ര്യത്തിന്റെ 100-ാം വര്‍ഷവും ഈ വര്‍ഷം ആഘോഷിക്കുന്നു. സാഹിത്യത്തിലെ ആയിരത്തോളം വര്‍ഷത്തെ ചരിത്രവും, നൂറ്റാണ്ടുകളായി പോളിഷ് എഴുത്തുകാരന്റെ കൃതികളുമായുള്ള ബന്ധവും ചര്‍ച്ച ചെയ്യും. പോളിഷ് പവലിയന്‍ രാജ്യത്തിന്റെ സാഹിത്യത്തിലെ ഏറ്റവും പുതിയ പ്രവണതകളെ അവതരിപ്പിക്കും. ചരിത്രത്തില്‍ പതിനാറാം നൂറ്റാണ്ടിലാണ് പോളണ്ടില്‍ മുസ്ലിംലിങ്ങളെത്തുന്നത്. അതിഥികള്‍ക്ക് പോളണ്ടിലെ എഴുത്തുകാരെ കണ്ടുമുട്ടുന്നതിനുള്ള അവസരമുണ്ടായിരിക്കും. കുട്ടികളുടെ ശില്പശാലയും ഒരുക്കിയിട്ടുണ്ട്.

അതിഥി രചയിതാക്കള്‍

നിരവധി അതിഥി രചയിതാക്കളാണ് ഈ സെഷനില്‍ പങ്കെടുക്കുക. പോളണ്ടിലെ അറിയപ്പെടുന്ന കുറ്റാന്വഷേണ എഴുത്തുകാരനായ വോജിയേക് ചീമിയാര്‍സ് പങ്കെടുക്കും. പോളണ്ടില്‍ നിന്ന് 2015ല്‍ രാജ്യത്തിലെ ഏറ്റവും വലിയ കുറ്റകൃത്യങ്ങള്‍ക്കുള്ള അവാര്‍ഡ് ജേതാവാണ് ഇദ്ദേഹം. കഴിഞ്ഞ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ സമ്മാനം നേടിയ നോവലിസ്റ്റും കവിയുമായ വൈയോലെറ്റ ഗ്രെഗും പുസ്തകോത്സവത്തില്‍ പങ്കെടുക്കും. ദി വൈച്ചര്‍ പരമ്പരക്ക് പ്രശസ്തനായ പോളഡിന്റെ ഏറ്റവും പ്രശസ്തമായ ഫാന്റസി എഴുത്തുകാരന്‍ ആന്‍ഡ്രസിജ് സപ്‌കോവ്‌സ്‌കി പങ്കെടുക്കും.

അറബ് പ്രദേശത്തുനിന്ന്, ജോര്‍ദാനിയന്‍ നാടകകൃത്തും കവിയുമായ സുഹൈര്‍ അബു ഷായീബും, ടുണീഷ്യന്‍ കവിയും എഴുത്തുകാരനുമായ ഇന്‍സ് അബോഷി, ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ ഹംസ കെവന്‍വ്, കുവൈത്തി നോവലിസ്റ്റായ ഹദല്‍ അല്‍ ഹസാവി പങ്കെടുക്കും.

അടുക്കള

പോളണ്ടിലെ ഭക്ഷണവിഭവങ്ങളാണ് പ്രധാനമായും ബുക്ക് ഫെയറിലെ അടുക്കളയില്‍ പ്രദര്‍ശിപ്പിക്കുക. പോളണ്ടിലെ ഭക്ഷ്യ വിഭവങ്ങളായ ഉരുളക്കിഴങ്ങ് പാന്‍കേക്കുകള്‍, ബോര്‍ഷ് സൂപ്പ്, പേസ്ട്രി ആന്‍ഡ് കസ്റ്റാഡ് നിറച്ച പാസ്‌കി എന്നിവ ഒരുക്കും. കൂടാതെ പ്രശസ്ത സ്വദേശി പാചക വിദഗ്ധ നൂറ അല്‍ അംരി, ഇന്ത്യയില്‍ നിന്നുള്ള പാചക വിദഗ്ധ ബാംഗ്ലൂരില്‍ നിന്നുള്ള ഷാസിയ ഖാനിലും പങ്കെടുക്കും.

ഇല്ലസ്‌ട്രേറ്റേഴ്‌സ് കോര്‍ണര്‍

ചിത്ര രചന മേഖലയില്‍ നിന്നുള്ള 27 ഓളം അംഗങ്ങള്‍ പങ്കെടുക്കും. പ്രശസ്ത ചിത്രകാരന്മാരായ കോളിഗാപ്ടറുകള്‍, ആനിമേറ്റര്‍മാര്‍, ഗ്രാഫിക് ഡിസൈനര്‍മാര്‍, കോമിക്ക് കലാകാരന്മാര്‍, പരമ്പരാഗത ചിത്രകാരന്മാര്‍ എന്നിവരുടെ ചിത്രരചനകള്‍ കോര്‍ണറില്‍ പ്രദര്‍ശിപ്പിക്കും.
എല്ലാ പ്രായത്തിലുമുള്ള ചിത്രകാരന്മാര്‍ക്കും ചിത്രങ്ങള്‍ വരക്കാനും അവര്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ഇവിടെ സൗകര്യമുണ്ട്. ചിത്രകാരന്മാര്‍ക്കായി ശില്‍പ ശാലയും ഒരുക്കിയിട്ടുണ്ട്.സ്വദേശിയെ അടിസ്ഥാനമാക്കിയുള്ള ചിത്രകാരനും കാര്‍ട്ടൂണിസ്റ്റായ ഹസ്സന്‍ ഇഡല്‍ബി പങ്കെടുക്കും. പ്രശസ്തരായ ക്ലാസിക് നോവലുകളില്‍ നിന്നുള്ള ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.

സിറാജ് പവലിയന്‍

അബുദാബി അന്താരാഷ്ട്ര പുസ്തക മേളയില്‍ സിറാജ് പവലിയന്‍ ഇന്ന് പ്രവര്‍ത്തനം തുടങ്ങും. പത്രത്തിന്റെയും അനുബന്ധ പ്രസിദ്ധീകരണങ്ങളുടെയും പ്രചാരണത്തിന് വിപുലമായ രീതികള്‍ ഇപ്രാവശ്യം അവതരിപ്പിക്കുന്നുണ്ട്. മികച്ച പുസ്തകങ്ങളും പവലിയനില്‍ ലഭ്യമാണ്.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest