പിണറായിയിലെ കാലപാതക പരമ്പര: സൗമ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

Posted on: April 25, 2018 7:00 pm | Last updated: April 26, 2018 at 9:45 am
സൗമ്യയെ തെളിവെടുപ്പിനായി
കൊണ്ടുപോകുന്നു

തലശ്ശേരി: പിണറായി പടന്നക്കരയില്‍ മകളെയും മാതാപിതാക്കളെയും ആസൂത്രിതമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വണ്ണത്താന്‍ വീട്ടില്‍ സൗമ്യയെ കോടതി നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൊല നടന്ന പടന്നക്കരയിലെ വീട്ടിലെത്തിച്ച് സൗമ്യയില്‍ നിന്ന് പോലീസ് തെളിവെടുത്തു. കൂകിവിളിച്ചാണ് സൗമ്യയെ നാട്ടുകാര്‍ എതിരേറ്റത്.

ഇന്നലെ ഉച്ചയോടെയാണ് സൗമ്യയെ വണ്ണത്താന്‍ വീട്ടിലെത്തിച്ചത്. തെളിവെടുപ്പിനായി കൊണ്ടുവരുന്നതറിഞ്ഞ് നാട്ടുകാരടക്കം വന്‍ സംഘം സ്ഥലത്തെത്തിയിരുന്നു. ഏതാണ്ട് ഇരുപത് മിനുട്ടോളം വീട്ടിനകത്ത് നിന്ന് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ജനങ്ങള്‍ക്കിടയിലൂടെ പോലീസ് സംഘം സൗമ്യയുമായി ജീപ്പിനടുത്തേക്ക് നീങ്ങവെ ആള്‍ക്കൂട്ടം കൂകി വിളിച്ച് രോഷം പ്രകടിപ്പിച്ചു. വനിതാ പോലീസിന്റെ കനത്ത സുരക്ഷയില്‍ നാട്ടുകാര്‍ക്കിടയിലൂടെ ഏറെ പണിപ്പെട്ടാണ് ഇവരെ തിരിച്ച് ജീപ്പില്‍ കയറ്റിയത്.

ഇന്നലെ രാവിലെ എസ് പി. ജി ശിവവിക്രം ടൗണ്‍ സ്റ്റേഷനിലെത്തി സൗമ്യയെ ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് തെളിവെടുപ്പിനായി പിണറായി പടന്നക്കരയിലേക്ക് കൊണ്ടുപോയത്. ഇവിടെ നിന്ന് തിരികെ തലശ്ശേരി എ എസ് പി ഓഫീസിലെത്തിച്ച പ്രതിയെ, എ എസ് പിയും എസ് പിയും വീണ്ടും ചോദ്യം ചെയ്തു. തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോയി വൈദ്യപരിശോധനക്ക് വിധേയയാക്കിയ ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്നും ഇതിനാല്‍ പ്രതിയെ വീണ്ടും ചോദ്യം ചെയ്യണമെന്നും പോലീസ് കോടതിയില്‍ അറിയിച്ചു. ഇത് പരിഗണിച്ചാണ് തലശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടത്.
ചൊവ്വാഴ്ച രാവിലെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത യുവതിയെ റസ്റ്റ് ഹൗസില്‍ എത്തിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം കഴിഞ്ഞ ദിവസം രാത്രിയിലാണ് അറസ്റ്റ് ചെയ്തത്.

എട്ട് വയസ്സുകാരി ഐശ്വര്യ കിഷോര്‍, മാതാവ് കമല (65), പിതാവ് കുഞ്ഞിക്കണ്ണന്‍ (70) എന്നിവര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിലാണ് സൗമ്യയെ അറസ്റ്റ് ചെയ്തത്. വിഷാംശം ഉള്ളില്‍ച്ചെന്നാണ് കമലയും കുഞ്ഞിക്കണ്ണനും മരിച്ചതെന്ന് കോഴിക്കോട് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മൂന്ന് മാസം മുമ്പ് മരിച്ച ഐശ്വര്യയുടെ മൃതദേഹം തിങ്കളാഴ്ചയാണ് പുറത്തെടുത്ത് പരിശോധിച്ചത്. ഇതിന്റെ ഫലം പുറത്തുവന്നിട്ടില്ല.