ബലാത്സംഗ കേസ്: ആള്‍ദൈവം ആശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

  • മരണം വരെ തടവില്‍ കഴിയണം
  • കൂട്ടാളികള്‍ക്ക് 20 വര്‍ഷം തടവ്
  • രണ്ട് പേരെ വെറുതെ വിട്ടു
Posted on: April 25, 2018 10:58 am | Last updated: April 26, 2018 at 8:29 pm

ജോധ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്വയംപ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപുവിന് ജീവപര്യന്തം തടവ്. ജോധ്പൂരിലെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. 2013ല്‍ രാജസ്ഥാനിലെ ആശ്രമത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് മരണം വരെയുള്ള തടവിന് കോടതി ശിക്ഷിച്ചത്. ആസാറാം കഴിയുന്ന ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളില്‍ വെച്ചാണ് പട്ടികജാതി, വര്‍ഗ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജി മധുസൂദന്‍ ശര്‍മ വിധി പ്രഖ്യാപിച്ചത്. കേസില്‍ ആസാറാമിന്റെ വാര്‍ഡന്‍ ശില്‍പ്പി, സഹായി ശരത് എന്നിവരെ ഇരുപത് വര്‍ഷം തടവിനും ശിക്ഷിച്ചു. ആസാറാമിന്റെ മറ്റൊരു സഹായി, പാചകക്കാരന്‍ എന്നിവരെ കോടതി വെറുതെ വിട്ടു.

ആസാറാമിനെ മരണം വരെയുള്ള തടവിന് ശിക്ഷിച്ചതായും മറ്റ് രണ്ട് പേര്‍ ഒരു ലക്ഷം രൂപ വീതം പിഴയടക്കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. രാജസ്ഥാന്‍ ഹൈക്കോടതി നിര്‍ദേശങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചത്. ഐ പി സി 376 ഡി, ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന പോക്‌സോ നിയമം, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് എഴുപത്തിയേഴ് വയസ്സുള്ള ആസാറാം ബാപുവിനെ ശിക്ഷിച്ചത്. പ്രത്യേക കോടതി വിധിക്കെതിരെ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് ആസാറാമിന്റെ അഭിഭാഷകന്‍ പറഞ്ഞു.

2013 നവംബര്‍ ആറിനാണ് ആസാറാമിനും മറ്റ് നാല് പേര്‍ക്കുമെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഈ മാസം ഏഴിനാണ് കേസില്‍ വിചാരണ പൂര്‍ത്തിയായത്. ജോധ്പൂരിലെ മനായി പ്രദേശത്തുള്ള ആശ്രമത്തിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഉത്തര്‍പ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടി മധ്യപ്രദേശിലുള്ള ആസാറാമിന്റെ ആശ്രമത്തില്‍ നിന്ന് പഠിക്കുകയായിരുന്നു. നീതിന്യായ സംവിധാനത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

വിധി കാത്ത് ഒരു കേസ് കൂടി

2013 സെപ്തംബര്‍ ഒന്നിന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്ന് അറസ്റ്റിലായ ആസാറാം ബാപു, സെപ്തംബര്‍ രണ്ട് മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. സുപ്രീം കോടതിയില്‍ ഉള്‍പ്പെടെ പന്ത്രണ്ട് തവണ ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും എല്ലാം തള്ളുകയായിരുന്നു. ഗുജറാത്തില്‍ മറ്റൊരു ലൈംഗിക പീഡന കേസിലും ആസാറാം വിചാരണ നേരിടുന്നുണ്ട്. ഈ കേസില്‍ അഞ്ച് ആഴ്ചക്കകം വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രോസിക്യൂഷന് ഈ മാസം ആദ്യം സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.

വിധി പ്രഖ്യാപനത്തിന് മുമ്പ് ജോധ്പൂരിലും സമീപ പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിനെ ബലാത്സംഗ കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളില്‍ വ്യാപകമായി കലാപമുണ്ടായ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കിയത്. ജോധ്പൂരില്‍ നിരോധനാജ്ഞ നിലവിലുണ്ട്. ക്രമസമാധാനനില തകരാറിലാകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന സര്‍ക്കാറുകളോട് കൂടുതല്‍ സേനയെ വിന്യസിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നത് ഉള്‍പ്പെടെയുള്ള നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചതിനു പിന്നാലെയാണ് ഇത്തരമൊരു കേസില്‍ വിധി വരുന്നത്. ഒരു വര്‍ഷത്തിനിടെ ലൈംഗിക പീഡന കേസില്‍ ശിക്ഷിക്കപ്പെടുന്ന രണ്ടാമത്തെ സ്വയം പ്രഖ്യാപിത ആള്‍ദൈവമാണ് ആസാറാം ബാപു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹീം സിംഗിനെ ബലാത്സംഗ കേസില്‍ ഇരുപത് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു.