എസ് വൈ എസ് സ്ഥാപകദിനം ആചരിച്ചു

Posted on: April 25, 2018 6:13 am | Last updated: April 24, 2018 at 11:46 pm
എസ് വൈ എസ് സ്ഥാപക ദിനമായ ഇന്നലെ കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി സമസ്ത സെന്ററില്‍ പതാക ഉയര്‍ത്തുന്നു

കോഴിക്കോട്: കേരളത്തിലെ ഏറ്റവും വലിയ ധാര്‍മിക യുവജന പ്രസ്ഥാനമായ സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) ധന്യവും സക്രിയവുമായ 63 വര്‍ഷത്തെ ചരിത്രങ്ങളയവിറക്കി 64 ാം സ്ഥാപക ദിനം സമുചിതമായി ആചരിച്ചു.

പ്രാദേശിക ഘടകങ്ങളായ യൂനിറ്റുകളില്‍ ഇന്നലെ കാലത്ത് എട്ടിന് പതാക ഉയര്‍ത്തി. തുടര്‍ന്ന് രോഗീ സന്ദര്‍ശനം, ആതുര സേവനം, കുടിവെള്ള വിതരണം തുടങ്ങി പ്രാദേശിക മുന്‍ഗണനയനുസരിച്ചുള്ള സേവന പ്രവര്‍ത്തനങ്ങള്‍ ഘടകങ്ങളുടെ നേതൃത്വത്തില്‍ നടന്നു. 1954 ഏപ്രില്‍ 24നാണ് സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ മുഖ്യ കീഴ്ഘടകമായി എസ് വൈ എസ് രൂപവത്കരിക്കപ്പെട്ടത്. 60 വര്‍ഷക്കാലം പ്രസ്ഥാനത്തിന്റെ ബഹുജന- യുവജന ഘടകമായി പ്രവര്‍ത്തിച്ച സംഘടന, 60 ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പുനഃക്രമീകരണങ്ങളെ തുടര്‍ന്ന് ബഹുജന ഘടകമായി കേരള മുസ്‌ലിം ജമാഅത്ത് രൂപം കൊണ്ട സാഹചര്യത്തില്‍ സമ്പൂര്‍ണ യുവജന ഘടകമായി മാറി കര്‍മരംഗത്ത് മുന്നേറുകയാണ്.

സമസ്ത സെന്ററില്‍ കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി പതാക ഉയര്‍ത്തി. എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട്, സെക്രട്ടറിമാരായ മുഹമ്മദ് പറവൂര്‍, മുഹമ്മദ് സ്വാദിഖ് വെളിമുക്ക്, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല, ഇ വി അബ്ദര്‍റഹ്മാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.