Connect with us

Editorial

പെട്രോള്‍ ഉത്പന്നങ്ങളുടെ തീരുവ കുറക്കണം

Published

|

Last Updated

അമ്പത് രൂപക്കു താഴെ പെട്രോളും ഡീസലും നല്‍കുമെന്ന് വാഗ്ദാനം നല്‍കിയാണ് നരേന്ദ്രമോദി നാല് വര്‍ഷം മുമ്പ് അധികാരത്തിലേറിയത്. എന്നാല്‍ ഡീസല്‍ വില 71-ഉം പെട്രോള്‍ വില 82ഉം കടന്നു ദക്ഷിണേഷ്യയിലെ ഏറ്റവും കൂടുതല്‍ ഇന്ധന വിലയുള്ള രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ. നോട്ട് നിരോധവും മുന്നൊരുക്കമില്ലാത്ത ജി എസ് ടി സംവിധാനവും സൃഷടിച്ച സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ലെന്നിരിക്കെ ഇന്ധന വിലയിലെ കുതിപ്പ് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുകയും സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളം തെറ്റിക്കുകയും ചെയ്യുകയാണ്. ഒരു മാസത്തിനിടെ പെട്രോളിന് 2.46 രൂപയും ഡീസലിന് 3.27 രൂപയും വര്‍ധിച്ചു.
സാമ്പത്തിക പ്രതിസന്ധി അതിജീവിക്കാന്‍ സഊദി അസംസ്‌കൃത എണ്ണ വിലയില്‍ വരുത്തിയ വര്‍ധനവും ഒപെക് രാജ്യങ്ങള്‍ ഉത്പാദനം കുറച്ചതുമാണ് വിലക്കയറ്റത്തിന് ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ പറയുന്ന കാരണം. ലോകത്തെ പ്രമുഖ എണ്ണ ഉത്പാദന രാജ്യമാണ് സഊദി. എണ്ണ ബാരല്‍ വില നിലവിലെ 73.51 ഡോളറില്‍ നിന്ന് 80 ഡോളറില്‍ എത്തിയതിന് ശേഷം മാത്രം ഉത്പാദനം കൂട്ടിയാല്‍ മതിയെന്നതാണ് അവരുടെ നിലപാട്. റഷ്യയും ഒപെക് രാജ്യങ്ങളും സഊദിയുടെ നീക്കത്തെ പിന്തുണക്കുകയും ചെയ്യുന്നു. ഒപെകിന് പുറത്തുള്ള വെനസ്വേലയുള്‍പ്പെടെ പല രാജ്യങ്ങളും എണ്ണ ഉത്പാദനത്തില്‍ കുറവ് വരുത്തിയിട്ടുണ്ട്. വെനിസ്വേലയിലെ ഉത്പാദനം 30 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണിപ്പോള്‍.

ഇതൊന്നും പക്ഷേ ഇന്ത്യയിലെ എണ്ണ വില കുതിപ്പിന് ന്യായീകരണമല്ല. നേരത്തെ പെട്രോള്‍ ഉത്പന്നങ്ങളുടെ വില ഏറ്റവും ഉയര്‍ന്ന 2013-14 കാലത്തുള്ളതിന്റെ പകുതി മാത്രമാണ് ഇപ്പോള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ അസംസ്‌കൃത എണ്ണവില. 2013ല്‍ അസംസ്‌കൃത എണ്ണവില ബാരലിന് 147 ഡോളര്‍ ആയിരുന്നെങ്കില്‍ ഇന്നലെ 73.51 ഡോളര്‍ മാത്രമാണ്. എന്നിട്ടുമെന്തേ രാജ്യത്തെ പെട്രോളിയം ഉത്പന്നങ്ങളുടെ വിലയില്‍ ഈ മാറ്റം കാണാത്തത്? ഉപഭോക്താക്കളെ പരമാവധി പിഴിഞ്ഞു കൊള്ളലാഭമുണ്ടാക്കാന്‍ അന്താരാഷ്ട്ര മാര്‍ക്കറ്റിലുള്ള വിലമാറ്റങ്ങളെ മറയാക്കുയാണ് എണ്ണക്കമ്പനികള്‍ യഥാര്‍ഥത്തില്‍. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തെ പൊതുമേഖലാ എണ്ണ ക്കമ്പനികള്‍ കേന്ദ്ര സര്‍ക്കാറിനു നല്‍കിയ ലാഭവിഹിതം 44635.22 കോടി രൂപയാണെന്നാണ് പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് മിനിസ്ട്രിയിലെ രേഖകള്‍ വ്യക്തമാക്കുന്നത്. പൊതുമേഖലാ കമ്പനികളെ കവച്ചുവെക്കുന്നതാണ് സ്വകാര്യ എണ്ണക്കമ്പനികളുടെ ലാഭ വിഹിതം. ലാഭവിഹിതത്തില്‍ അല്‍പ്പം കുറവ് വരുത്താന്‍ കമ്പനികള്‍ തയാറായാല്‍ ഇപ്പോഴത്തെ വിലവര്‍ധന പിടിച്ചു നിര്‍ത്താനാകും.

2005നു മുമ്പ് സര്‍ക്കാര്‍ സബ്‌സിഡി നിലവിലുണ്ടായിരുന്ന കാലത്ത് പെട്രോളിയം ഉത്പന്നങ്ങളുടെ വില ക്രൂഡ് ഓയിലിന്റെ വിലയെക്കാള്‍ താഴെയായിരുന്നു. അക്കാലത്ത് രാജ്യത്തെ എണ്ണക്കമ്പനികളെല്ലാം പൊതുമേഖലാ സ്ഥാപനങ്ങളുമായിരുന്നു. വിലകള്‍ സര്‍ക്കാര്‍ നേരിട്ട് നിശ്ചയിക്കുകയായിരുന്നു അന്ന്. സ്വകാര്യ കമ്പനികള്‍ രംഗത്തേക്ക് കടന്നുവന്നതോടെയാണ് സര്‍ക്കാര്‍ സബ്‌സിഡികള്‍ പിന്‍വലിക്കാന്‍ തുടങ്ങിയത്. വില നിശ്ചയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരം ലഭിച്ചതോടെ വില നിയന്ത്രണത്തിലുള്ള സര്‍ക്കാറിന്റെ എല്ലാ പിടിയും നഷ്ടമാവുകയും ചെയ്തു. ഇന്ധന വിലയുടെ ക്രമാതീതമായ വര്‍ധന സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരിക്കെ അടിക്കടി വില വര്‍ധിപ്പിക്കുന്ന പതിവ് അവസാനിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്കു നിര്‍ദേശം നല്‍കിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പറേഷന്‍ തുടങ്ങി രാജ്യത്തെ വന്‍കിട കമ്പനികള്‍ക്കെല്ലാം സര്‍ക്കാര്‍ നിര്‍ദേശം കൈമാറിയതായും കര്‍ണാടക ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണിതെന്നുമായിരുന്നു റിപ്പോര്‍ട്ട്. ഈ വാര്‍ത്ത പുറത്തുവന്നു ഒരാഴ്ച കടന്നു പോയിട്ടും എണ്ണ വില അടിക്കടി ഉയരുക തന്നെയാണ്.

എണ്ണകമ്പനികളെ വഴിക്കു കൊണ്ടു വരുന്നതില്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കുറക്കുകയാണ് ഇനി സര്‍ക്കാറിന്റെ മുമ്പിലുള്ള മാര്‍ഗം. നേരത്തെ രാജ്യാന്തര വിപണിയില്‍ എണ്ണ വില കുറയുകയും ഇതേതുടര്‍ന്നു ഇന്ത്യന്‍ കമ്പനികള്‍ വിലയില്‍ നേരിയ കുറവ് വരുത്താന്‍ തയാറാകുകയും ചെയ്തപ്പോള്‍, എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചു വിലക്കുറവിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് നിഷേധിക്കുകയായിരുന്നു സര്‍ക്കാര്‍. മോദി അധികാരത്തിലേറിയ ശേഷം എട്ട് തവണയാണ് എക്‌സൈസ് തീരുവ ഉയര്‍ത്തിയത്. പെട്രോളിന്റെ എക്‌സൈസ് തീരുവ 9.48 രൂപയായിരുന്നു സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍. ഇപ്പോള്‍ അത് 19.48ലെത്തി. 105 ശതമാനമാണ് വര്‍ധന. ഡീസലിന്റെ തീരുവ 330 ശതമാനമാണു വര്‍ധിപ്പിച്ചത്. 3.56 രൂപയില്‍ നിന്ന് 15.33 രൂപയിലേക്ക് അത് കുതിച്ചുയര്‍ന്നു. ഈ ഇനത്തില്‍ നാല് വര്‍ഷം കൊണ്ട് 4.65 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് കൂടുതലായി വന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിലകൂടുമ്പോള്‍ നികുതി കുറച്ചു ഉപഭോക്താക്കളെ വിലവര്‍ധനവിന്റെ ഭാരത്തില്‍ നിന്ന് രക്ഷപ്പെടുത്താനാണ് അന്നത്തെ നികുതി വര്‍ധനക്കു സര്‍ക്കാര്‍ പറഞ്ഞ ന്യായം. ആ വാഗ്ദാനം പാലിച്ചു എക്‌സൈസ് തീരുവയില്‍ കുറവ് വരുത്താന്‍ തയാറായാല്‍ സാധാരണക്കാരന് അതൊരു വലിയ ആശ്വാസമായിരിക്കും. അതല്ലെങ്കില്‍ പെട്രോള്‍ ഉത്പന്നങ്ങളെ ജി എസ് ടി സംവിധാനത്തിനു കീഴില്‍ കൊണ്ടുവരാനെങ്കിലും സര്‍ക്കാര്‍ സന്നദ്ധമാകേണ്ടതുണ്ട്.

Latest