പിണറായിയിലെ ദുരൂഹ മരണം: കുട്ടികളുടെ മാതാവ് അസ്റ്റിൽ; കുറ്റം സമ്മതിച്ചു

Posted on: April 24, 2018 9:18 pm | Last updated: April 25, 2018 at 10:47 am

തലശ്ശേരി: മൂന്ന് മാസത്തിനകം മൂന്ന് ദുരുഹ മരണങ്ങള്‍ നടന്ന പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ സൗമ്യയെ (28) അറസ്റ്റ് ചെയ്തു. തലശ്ശേരി റസ്റ്റ് ഹൗസില്‍ പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് മാസത്തിനിടെ സൗമ്യയുടെ മകളും മാതാപിതാക്കളുമാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. മകള്‍ക്ക് ചോറിലും പിതാവിന് രസത്തിലും മാതാവിന് മീന്‍ കറിയിലും എലിവിഷം കലര്‍ത്തി നല്‍കിയാണ് കൊലപാതകം ചെയ്തതെന്ന് യുവതി പോലീസിനോട് വെളിപ്പെടുത്തി.

ചോദ്യം ചെയ്യലിന്റെ ആദ്യ ഘട്ടത്തില്‍ സഹകരിക്കാതിരുന്ന യുവതി പോലീസുകാരുടെ തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. ഭര്‍ത്താവുമായി നേരത്തെ അകന്ന് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന സൗമ്യ വഴിവിട്ട ജിവിതം നയിക്കുകയായിരുന്നു. അവിഹിത ബന്ധത്തിന് മക്കളും മാതാപിതാക്കളും തടസ്സമാണെന്ന് കണ്ടെത്തിയതിനാലാണ് ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് അവരെ വകവരുത്തിയതെന്നാണ് യുവതിയുടെ മൊഴി.

ജനവരി 31നാണ് സൗമ്യയുടെ രണ്ടാമത്തെ മകള്‍ ഐശ്വര്യ (എട്ട്) കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഛര്‍ദിയും വയറുവേദനയുമായിരുന്നു അസുഖം. മൃതദേഹം വീട്ടിലെത്തിച്ചു മറവ് ചെയ്തു. പിന്നീട് മാര്‍ച്ച് ഏഴിന് സൗമ്യയുടെ മാതാവ് കമലയും (65) തുടര്‍ന്ന് നാല്‍പ്പതാം ദിവസം പിതാവ് കുഞ്ഞിക്കണ്ണനും (76) സമാന അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. ഇരുവരുടെയും പോസ്റ്റ്‌മോര്‍ട്ടത്തിലും ആന്തരികാവയവ പരിശോധനയിലും എലിവിഷം നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന മാരക രാസവസ്തുവായ അലുമിനിയം ഫോസ്‌ഫൈഡ് കണ്ടെത്തിയിരുന്നു. 2012 സെപ്തംബറില്‍ മരിച്ച ഒന്നര വയസ്സുകാരി മകളുടെ മരണം കൊലപാതകമല്ലെന്നാണ് സൗമ്യ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

അതേസമയം, വണ്ണത്താന്‍ വീട്ടില്‍ തുടര്‍ച്ചയായി നടന്ന മരണങ്ങളുടെ അന്വേഷണം ലോക്കല്‍ പോലീസിനെ ഒഴിവാക്കി ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ തീരുമാനമായി. ഇതിനായി ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി രഘുറാമിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ തലശ്ശേരി റസ്റ്റ് ഹൗസിലെത്തി.