Connect with us

Kerala

മുഖ്യശത്രു ആര്‍ എസ് എസും സംഘ്പരിവാറും: കാനം രാജേന്ദ്രന്‍

Published

|

Last Updated

കൊല്ലം: ഇടതുപക്ഷ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കാന്‍ ഈ മാസം 25 മുതല്‍ 29 വരെ കൊല്ലത്ത് നടക്കുന്ന സി പി ഐയുടെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ വഴിയൊരുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഫാസിസത്തെ എതിര്‍ക്കുന്നതിന് വിശാലമായ അടിത്തറയുള്ള പ്രതിരോധം തീര്‍ക്കാന്‍ കരട് പ്രമേയം ആഹ്വാനം ചെയ്യുന്നു. മതനിരപേക്ഷ ജനാധിപത്യശക്തികളുടെ പൊതുവേദിയായിരിക്കും ഇതെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കൂടിയായ കാനം രാജേന്ദ്രന്‍.

ആര്‍ എസ് എസും സംഘ്പരിവാറും തന്നെയാണ് മുഖ്യശത്രു. ഈ ഭീഷണിയെ എതിര്‍ക്കാന്‍ സ്വതന്ത്രമായി ചിന്തിക്കുന്നവരെയെല്ലാം മതേതരത്വത്തിന്റെ വിശാലമായ ഫഌറ്റ്‌ഫോമില്‍ അണിനിരത്തും. ഈ സഖ്യത്തെ പാര്‍ട്ടിയുടെ ചട്ടക്കൂടില്‍ തളച്ചിടാന്‍ ഉദ്ദേശിക്കുന്നില്ല. ജനാധിപത്യകക്ഷികളെയാകെ കൂടെകൂട്ടും. അവരുടെയൊന്നും ജാതകം നോക്കില്ല.

കരടില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു പാര്‍ട്ടിയുടെയും പേര് പറഞ്ഞിട്ടില്ല. മാര്‍ച്ചില്‍ ചേര്‍ന്ന ദേശീയ എക്‌സിക്യുട്ടീവ് അംഗീകരിച്ച പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് കരട് തയ്യാറാക്കിയിട്ടുള്ളത്. ഇത് സംബന്ധിച്ച നിലപാട് പരസ്യപ്പെടുത്തിയിട്ടുമുണ്ട്.

ഇടതുപക്ഷ കക്ഷികളുടെ യോജിപ്പാണ് പ്രധാനമെന്ന് ചോദ്യത്തിന് മറുപടിയായി സംസ്ഥാന സെക്രട്ടറി പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭിന്നിച്ചത് ഏറെ ദുരന്തം ഉണ്ടാക്കിയിട്ടുണ്ട്. വേറിട്ടു നില്‍ക്കുന്ന 60ഓളം കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുണ്ട്. എല്ലാവരുമായും പരസ്പരം ചര്‍ച്ച ചെയ്യുന്നുണ്ട്. തീവ്ര ഇടതുപക്ഷ സ്വഭാവമുള്ള സംഘടനകളെ ഒരിക്കലും ശത്രുതയോടെ കാണാറില്ല. വഴിതെറ്റിപ്പോയ സഹോദരങ്ങള്‍ എന്ന മനോഭാവമേ പാര്‍ട്ടിക്കുള്ളൂ. ഇതിന്റെ ഭാഗമായാണ് (സി പി ഐ-മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) നേതാവ് ദീപാങ്കര്‍ ഭട്ടാചാര്യയെ പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചിട്ടുള്ളത്. ഭരണഘടനാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന തീവ്ര ആഭിമുഖ്യമുള്ള കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളോട് സിപിഐക്ക് ബന്ധമില്ല. എന്നാല്‍ അവരെ അടിച്ചമര്‍ത്താനുള്ള ഭരണകൂടത്തിന്റെ നയത്തോട് യോജിക്കില്ല. ഇത്തരം സംഘടനകള്‍ ഉടലെടുത്തതിന് പിന്നിലെ സാമൂഹിക യാഥാര്‍ഥ്യത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്നാണ് സിപി ഐയുടെ അഭിപ്രായം.

എല്‍ ഡി എഫ് സര്‍ക്കാറിന്റെ പോലീസ് നയം ശരിയാണ്. അതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടി വേണം. 2011ലെ പോലീസ് ആക്ടില്‍ പറയുന്നതുപോലെ പ്രമാദമായ കേസുകള്‍ അന്വേഷിക്കാന്‍ ആവശ്യമെങ്കില്‍ സര്‍ക്കാറിന് പ്രത്യേക സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കാമെന്നും കാനം പറഞ്ഞു.

10 പകരം പ്രതിനിധികള്‍ ഉള്‍പ്പെടെ 110 പ്രതിനിധികള്‍ കേരളത്തെ പ്രതിനിധീകരിക്കും. ആകെ 906 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വിദേശ പ്രതിനിധികള്‍ പങ്കെടുക്കുന്ന പതിവ് ഇപ്പോഴില്ല. ഇവരുടെ സന്ദേശവും അനുഭവങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കും.
സംഘാടകസമിതി ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. കെ പ്രകാശ് ബാബു, ജില്ലാ സെക്രട്ടറി അഡ്വ. എന്‍ അനിരുദ്ധന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest