വരാപ്പുഴ കസ്റ്റഡി മരണം: അന്വേഷണത്തില്‍ മനുഷ്യാവകാശ കമ്മീഷന് അതൃപ്തി

Posted on: April 24, 2018 6:12 am | Last updated: April 23, 2018 at 11:46 pm
SHARE

ആലുവ: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന്റെ അന്വേഷണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി മോഹന്‍ദാസ് അതൃപ്തി അറിയിച്ചു. ആലുവ റൂറല്‍ എസ് പിയായിരുന്ന എ വി ജോര്‍ജിനെ പോലീസ് അക്കാദമയിലേക്ക് മാറ്റിയ സര്‍ക്കാര്‍ നടപടിയെയും അദ്ദേഹം വിമര്‍ശിച്ചു. അദ്ദേഹം ആ സ്ഥാനത്തിന് യോഗ്യനല്ലെന്നും സര്‍ക്കാറിന്റെത് തെറ്റായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

കുറ്റാരോപിതനായ ഉദ്യോഗസ്ഥന്‍ പോലീസ് സേനകളെ പരിശീലിപ്പിക്കുന്നത് പോലീസുകാരെ കൂടുതല്‍ കുഴപ്പത്തിലേക്ക് കൊണ്ടെത്തിക്കും. ജനങ്ങളുടെ സേവനത്തിനും സംരക്ഷണത്തിനുമാണ് പോലീസ് സേന. അതിനാല്‍ പരിശീലനം നല്‍കുന്നവരും മികച്ചവരായിരിക്കണം. പോലീസിലെ കുറ്റവാളികളെ കണ്ടെത്തി അച്ചടക്ക നടപടിക്ക് വിധേയമാക്കണം. പോലീസിനെതിരെയായ കേസ് പോലീസ് തന്നെ അന്വേഷിക്കുന്നതില്‍ കാര്യമില്ല. കുറ്റം നടന്നുവെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. കേസില്‍ ആരെ പ്രതിയാക്കണമെന്ന കാര്യം പ്രതി സ്ഥാനത്തുള്ളവര്‍ തന്നെ തീരുമാനിക്കുന്ന അവസ്ഥയാണ്. ഈ അവസരത്തില്‍ സി ബി ഐ പോലുള്ള സ്വതന്ത്ര ഏജന്‍സികളെ കൊണ്ട് കേസ് അന്വേഷിക്കുന്നതാണ് നല്ലത്. ശ്രീജിത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരവും വിധവക്ക് ജോലിയും നല്‍കണമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. ഇത്രയും നാളായിട്ടും സര്‍ക്കാര്‍ ഇത് നല്‍കാത്തത് പാപ്പരായത് കൊണ്ടാണോയെന്നും അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയം നോക്കിയല്ല ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. ജനങ്ങളെ സേവിക്കാനാണ് സര്‍ക്കാറുള്ളത്. ശ്രീജിത്തിന്റെ മരണത്തില്‍ പ്രഥമദൃഷ്ട്യാ സര്‍ക്കാറിന് ഉത്തരവാദിത്വമുള്ളതിനാല്‍ നഷ്ടപരിഹാരം കൊടുത്തേ മതിയാകൂ. സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നത് കൂടാതെ ശ്രീജിത്തിന്റെ കുടുംബത്തിന് നിയമപരമായി നഷ്ടപരിഹാരം അവകാശപ്പെടാന്‍ കഴിയും. വാസുദേവന്റെ വീടാക്രമിച്ച കേസില്‍ പ്രതി ചേര്‍ത്ത് റിമാന്‍ഡില്‍ കഴിഞ്ഞ ശേഷം പിന്നീട് പ്രതിയല്ലെന്ന് കണ്ട് വെറുതെ വിട്ടവര്‍ക്കും പോലീസിനെതിരെ നിയമനടപടികള്‍ സ്വീകരിക്കാമെന്നും കമ്മീഷന്‍ പറഞ്ഞു.

ശ്രീജിത്തിനെ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതില്‍ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ച് കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here