Connect with us

Sports

ഡിബ്രൂയിനെ പിന്തള്ളി സാല പ്രീമിയര്‍ ലീഗ് താരം

Published

|

Last Updated

പ്രീമിയര്‍ ലീഗ് പ്ലെയര്‍ പുരസ്‌കാരവുമായി മുഹമ്മദ് സാല

ലണ്ടന്‍: 2018 ലെ മികച്ച പ്രീമിയര്‍ ലീഗ് താരത്തിനുള്ള പ്ലെയേഴ്‌സ് പ്ലെയര്‍ പുരസ്‌കാരം ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌െ്രെടക്കര്‍ മുഹമ്മദ് സാലക്ക്. ലണ്ടനിലെ ഗ്രോസ്‌വെന്നോര്‍ ഹോട്ടലില്‍ വച്ചുനടന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതും കൈമാറിയതും.

മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങളായ കെവിന്‍ ഡി ബ്രൂയിന്‍,ലിറോയ് സാനെ,ഡേവിഡ് സില്‍വ എന്നിവരെ പിന്തള്ളിയാണ് സാല പുരസ്‌കാരം നേടിയത്. 2016 ല്‍ ലെസ്റ്റര്‍ സിറ്റി താരം റിയാദ് മഹീറസിന് ശേഷം ഈ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ആഫ്രിക്കന്‍ താരമായി സാല. ഇതൊരു വലിയ അംഗീകാരമാണ്. കഠിനാധ്വാനം ചെയ്തതിനുള്ള പ്രതിഫലം. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഈജിപ്ഷ്യന്‍ താരമെന്നതിലും അഭിമാനമുണ്ടെന്നും പുരസ്‌കാരമേറ്റുവാങ്ങിയതിനു ശേഷം സാല മാധ്യമങ്ങളോട് പറഞ്ഞു.

ലിവര്‍പൂളിനായി പ്രഥമ സീസണില്‍ തന്നെ 41 ഗോളുകള്‍ സാല നേടിക്കഴിഞ്ഞു. വെസ്റ്റ് ബ്രോമിനെതിരെ ശനിയാഴ്ച മുപ്പത്തൊന്നാം പ്രീമിയര്‍ ലീഗ് ഗോള്‍ നേടി സാല റെക്കോര്‍ഡിട്ടു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്ലേ മേക്കര്‍ ഡി ബ്രൂയിന്‍ ആയിരുന്നു സീസണിന്റെ ആദ്യ ഘട്ടത്തില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ചത്. സാലയും ബ്രൂയിനും ഒപ്പത്തിനൊപ്പം മത്സരിച്ചു.

എന്നാല്‍, യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബ്രൂയിന്റെ സിറ്റിയെ ലിവര്‍പൂള്‍ തകര്‍ത്തു വിട്ടത് സാലയുടെ മികവിലായിരുന്നു. എട്ട് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളാണ് ഈജിപ്ത് സ്‌ട്രൈക്കര്‍ കണ്ടെത്തിയത്.

മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം മാഞ്ചസ്റ്റര്‍ സിറ്റിയുടെ ജര്‍മന്‍ ലെഫ്റ്റ വിങ്ങര്‍ ലിറോയ് സാനെ സ്വന്തമാക്കി.ചെല്‍സി താരം ഫ്രാന്‍ കിര്‍ബിക്കാണ് മികച്ച വനിതയ്ക്കുളള പുരസ്‌കാരം.വിമന്‍സ് ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍സിയെ സെമി ഫൈനലുവരെ എത്തിച്ചതില്‍ നിര്ണ്ണായക പങ്കുവഹിച്ച താരമാണ് കിര്‍ബി.ബ്രിസ്‌റ്റോള്‍ സിറ്റി എഫ് സിയുടെ ലൗറേന്‍ ഹെമ്പിനാണ് മികച്ച യുവ വനിതാതാരത്തിനുള്ള പുരസ്‌കാരം.

സാലയുടെ പ്രീമിയര്‍ ലീഗ് അരങ്ങേറ്റം തികച്ചും അവിസ്മരണീയമെന്നുതന്നെ പറയാം.ഇതിനോടകം തന്നെ പല പ്രീമിയര്‍ ലീഗ് റെക്കോര്‍ഡുകളും ഈ ഇരുപത്തിയഞ്ചുകാരന്‍ സ്വന്തം പേരിലാക്കിക്കഴിഞ്ഞു.

---- facebook comment plugin here -----

Latest