Connect with us

Sports

ഇതാ സൂപ്പര്‍ സെമി

Published

|

Last Updated

റോമയെ നേരിടാന്‍ തയ്യാറെടുക്കുന്ന ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ് ചിന്തയില്‍

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളും ഇറ്റാലിയന്‍ അട്ടിമറിക്കാര്‍ എ എസ് റോമയും തമ്മിലാണ് ആദ്യ സെമി. ലിവര്‍പൂളിന്റെ തട്ടകത്തില്‍ ഇന്ന് ആദ്യ പാദം നടക്കും. രണ്ടാം സെമി നാളെ റയല്‍ മാഡ്രിഡ്-ബയേണ്‍ മ്യൂണിക്.

ചാമ്പ്യന്‍സ് ലീഗിലെ സര്‍പ്രൈസ് പാക്കേജ് ആണ് ലിവര്‍പൂള്‍-റോമ സെമി. വലിയ സാധ്യത കല്പിക്കപ്പെട്ടിരുന്നില്ല ഇവര്‍ക്ക്. പെപ് ഗോര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെ ഇരുപാദത്തിലുമായി 5-1ന് തരിപ്പണമാക്കിയാണ് യുര്‍ഗന്‍ ക്ലോപിന്റെ ചാണക്യബുദ്ധിയില്‍ ലിവര്‍പൂള്‍ കുതിച്ചത്. എ എസ് റോമ കടത്തിവെട്ടിയത് മെസിയുടെ ബാഴ്‌സലോണയെ. ചാമ്പ്യന്‍സ് ലീഗിലെ ഗംഭീര തിരിച്ചുവരവുകളിലൊന്ന് നടത്തിയാണ് റോമ സെമിയിലെത്തിയത്.

എതിരാളിയെ ബഹുമാനിക്കണം..

കളത്തിനകത്ത് നിശ്ചിത സമയത്ത് മാത്രമാണ് ടീമുകള്‍ എതിരാളികളാകുന്നത്. അത് കഴിഞ്ഞാല്‍ സൗഹൃദമാണ്. കളത്തിനകത്തെ വാശിയും വീറും കളത്തിന് പുറത്തേക്ക് പോകുന്നത് ദൗര്‍ഭാഗ്യകരമാണ്. എതിര്‍ടീമിന്റെ ബസിന് നേരെ ആക്രമണം അഴിച്ചു വിടുന്നത് തെറ്റാണ്. റോം മനോഹരമായ ഇടമാണ്. അതിനേക്കാള്‍ മനോഹരവും ശാന്തവുമായ സ്ഥലമാണ് ലിവര്‍പൂളെന്ന് നമ്മള്‍ കാണിച്ചു കൊടുക്കണം. അതിന് എതിരാളിയെ ബഹുമാനിക്കുക – ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ് വാര്‍ത്താ സമ്മേളനത്തില്‍ ആദ്യം പറഞ്ഞത് ഇക്കാര്യമായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി ടീമിന്റെ ബസിന് നേരെ ലിവര്‍പൂള്‍ ആരാധകര്‍ കല്ലേറ് നടത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്ലോപ് ആദ്യമേ ഇക്കാര്യം സൂചിപ്പിച്ചത്.

മുഹമ്മദ് സാല മുന്‍ ക്ലബ്ബിനെതിരെ..

എ എസ് റോമയില്‍ നിന്നാണ് മുഹമ്മദ് സാല ലിവര്‍പൂളിലെത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ തന്റെ ക്ലബ്ബുകള്‍ മുഖാമുഖം വരുമെന്ന് ഈജിപത് താരം സ്വപ്‌നേപി കരുതിയിരുന്നില്ല. റോമക്കെതിരെ കളിക്കുന്നത് സാലക്ക് ചെറിയ പ്രശ്‌നം സൃഷ്ടിക്കില്ലേ എന്ന ചോദ്യത്തിന് സാല പ്രൊഫഷണലാണെന്നായിരുന്നു കോച്ചിന്റെ മറുപടി. ക്ലബ്ബ് ഫുട്‌ബോളില്‍ ഇത് സര്‍വസാധാരണമാണ്. പരിശീലകരും താരങ്ങളും മുന്‍ ക്ലബ്ബിനെതിരെ കളിക്കേണ്ട സാഹചര്യമുണ്ടാകും. ഏത് ടീമിന്റെ ജഴ്‌സിയാണോ ധരിച്ചിരിക്കുന്നത് അതാണ് നമ്മളുടെ ടീം. രണ്ട് വര്‍ഷം മുമ്പ് ബൊറുസിയ ഡോട്മുണ്ടിനെതിരെ എനിക്ക് തന്ത്രമൊരുക്കേണ്ടി വന്നില്ലേ- ക്ലോപ് ചോദിക്കുന്നു.

സാലയെ മികച്ച താരമാക്കി മാറ്റുന്നതില്‍ റോമ ക്ലബ്ബിന് വലിയ പങ്കുണ്ട്. അതിന് സാല റോമയിലെ സഹതാരങ്ങളോടും പരിശീലകരോടും കടപ്പെട്ടിരിക്കുന്നു. സാലയുടെ ശൈലി പരിചയമുള്ളവര്‍ റോമയിലുണ്ട്. പ്രത്യേകിച്ച് ഇറ്റാലിയന്‍ ഡിഫന്‍ഡര്‍മാര്‍. വളരെ പ്രയാസമാണ് അവരെ മറികടക്കുക എന്നത്.

ക്ലോപ്പിന്റെ നിരീക്ഷണങ്ങള്‍..

റോമ കോച്ച് യുസേബിയോ ഡി ഫ്രാന്‍സെസ്‌കോയുമായി തനിക്കേറെ സാമ്യതകളുണ്ടെന്നാണ് യുര്‍ഗന്‍ ക്ലോപ്പിന്റെ നിരീക്ഷണം. ഞങ്ങള്‍ രണ്ട് പേരും കണ്ണടധാരികള്‍. ദിവസവും താടി വടിക്കാത്തവര്‍. ചെറിയ ക്ലബ്ബുകളിലൂടെയാണ് രണ്ട് പേരും വലിയ ക്ലബ്ബിലെത്തിയത്. ഫുട്‌ബോളിനെ അതിയായി സ്‌നേഹിക്കുന്നവരാണ് ഞങ്ങള്‍ – മാധ്യമങ്ങളുടെ ചോദ്യത്തിന് ക്ലോപ് നല്‍കിയ രസികന്‍ മറുപടിയായിരുന്നു ഈ നിരീക്ഷണം.

ഫുട്‌ബോളില്‍ അപ്രതീക്ഷിതമായി ചിലത് സംഭവിക്കും..

ഭൂരിഭാഗം പേരും ബാഴ്‌സലോണ- മാഞ്ചസ്റ്റര്‍ സിറ്റി സെമിഫൈനല്‍ ആയിരിക്കും പ്രതീക്ഷിച്ചത്. സംഭവിച്ചത് ലിവര്‍പൂള്‍-റോമ സെമി. ഇതാണ് ഫുട്‌ബോളിന്റെ സൗന്ദര്യം. ബാഴ്‌സക്കെതിരെ റോമ മൂന്ന് ഗോളുകള്‍ അടിച്ചുവെന്ന് ആരോ പറഞ്ഞപ്പോള്‍ ക്ലോപ് അത് വിശ്വസിച്ചില്ല. പക്ഷേ, അത് സത്യമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ക്ലോപ് സന്തോഷിച്ചു. കാരണം, ഫുട്‌ബോള്‍ നല്‍കുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ ലിവര്‍പൂള്‍ കോച്ച് ആസ്വദിക്കുന്നു.

റോമയെ താനേറെ ബഹുമാനിക്കുന്നുവെന്ന് ക്ലോപ്. സാലയും എമേഴ്‌സനും പോയിട്ടും അവര്‍ ടീം എന്ന നിലയില്‍ പിറകോട്ട് പോയില്ല. ലിവര്‍പൂളിന് ഫിലിപ് കോട്ടീഞ്ഞോ ബാഴ്‌സയിലേക്ക് പോയെങ്കിലും ഇടിവ് സംഭവിച്ചില്ല. രണ്ട് ക്ലബ്ബും ആവേശത്തോടെ കളിക്കുന്നു – ക്ലോപ് പറയുന്നു.

Latest