വീട്ടില്‍ കയറി ദമ്പതികളെ തലക്കടിച്ചു കൊന്നു

സംഭവം ആറ് വയസുകാരന്റെ കണ്‍മുന്നില്‍ ; അയല്‍വാസി പിടിയില്‍
Posted on: April 23, 2018 7:56 pm | Last updated: April 24, 2018 at 8:11 am

മാന്നാര്‍: അയല്‍വാസിയുടെ ആക്രമണത്തില്‍ ആറ് വയസുകാരന്റെ കണ്‍മുന്നില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കമ്പിവടിക്ക് അടിയേറ്റും കല്ലിനിടിച്ച് തലതകര്‍ക്കുന്നതും നോക്കിനിന്ന കുട്ടി അയല്‍ക്കാരെ വിവരമറിയിച്ച് എത്തിയപ്പോഴേക്കും മാതാവ് മരിച്ചിരുന്നു. പിതാവ് ആശുപത്രിയിലെത്തിയശേഷവും മരണമടഞ്ഞു. മാവേലിക്കര തെക്കേക്കര പല്ലാരിമംഗലത്താണ് നാടിയ നടുക്കിയ ഇരട്ടകൊലപാതകം നടന്നത്. പല്ലാരിമംഗലം ദേവു ഭവനത്തില്‍ ബിജു (50), ഭാര്യ ശശികല (42) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇവരുടെ മകന്‍ ആറുവയസുള്ള ദേവന്റെ മുന്നില്‍ ഇന്നലെ പകല്‍ 2.45 നായിരുന്നു സംഭവം. അയല്‍വാസിയായ പ്രതി പല്ലാരിമംഗലം തിരുവമ്പാടി വീട്ടില്‍ സുധീഷിനെ (39) മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടികൂടി. കമ്പിവടി കൊണ്ട് തലക്കടിച്ച് താഴെ വീഴ്ത്തിയ ശേഷം ഇഷ്ടിക കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ബിജുവും മകനും മാവേലിക്കരയില്‍ പോയി മടങ്ങി വീട്ടിലെത്തിയപ്പോള്‍ സുധീഷ്, ബിജുവിനെ അസഭ്യം പറഞ്ഞു.

ചോദ്യം ചെയ്ത ബിജുവിനെ സുധീഷ് കമ്പിവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ ബിജുവിന്റെ ഭാര്യ ശശികലയെയും സുധീഷ് ആക്രമിച്ചു. അടി കൊണ്ടു നിലത്തു വീണ ഇരുവരെയും ഇഷ്ടിക കൊണ്ട് പലതവണ തലക്കടിച്ചു. ആക്രമണം കണ്ടു ഭയന്ന ദേവന്‍ അയല്‍വീട്ടിലേക്ക് ഓടി. അയല്‍വാസികളെത്തിയപ്പോള്‍ അടിയേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ബിജുവിനെയും ഭാര്യയെയുമാണ് കണ്ടത്.
വാഹനത്തില്‍ കൊണ്ടുപോകാന്‍ പറ്റാത്ത നിലയിലായതിനാല്‍ ഇരുവരെയും ആംബുലന്‍സില്‍ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചു. ശശികല സംഭവസ്ഥലത്തും ബിജു കായംകുളം താലൂക്ക് ആശുപത്രിയിലുമാണ് മരിച്ചത്.

ആക്രമണത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സുധീഷ് നേരത്തെയും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. ദേവന് പുറമെ ദേവിക, ബിജു-ശശികല ദമ്പതികളുടെ മകളാണ്.