Connect with us

Gulf

വേള്‍ഡ് എക്‌സ്‌പോ 2020 സ്വാഗതം ചെയ്യുന്നു

Published

|

Last Updated

എ ടി എമ്മില്‍ ദുബൈ പവലിയനിലെ എക്‌സ്‌പോ 2020 മാതൃക

ദുബൈ വേള്‍ഡ് എക്‌സ്‌പോ 2020ക്ക് ഇനി രണ്ടു വര്‍ഷം മാത്രം. വേള്‍ഡ് ട്രേഡ് സെന്ററില്‍ എ ടി എമ്മില്‍ ഇതിന്റെ പ്രചാരണം തകൃതി. ലോക സഞ്ചാര മേഖലയുടെ ഈ പ്രദര്‍ശനത്തിന് എത്തിയവരെ വേള്‍ഡ് എക്‌സ്‌പോ പവലിയന്‍ ഏറെ ആകര്‍ഷിക്കുന്നു.

യാത്ര, വിനോദ സഞ്ചാരം തുടങ്ങിയവ സംബന്ധിച്ച അവസരങ്ങളെക്കുറിച്ചു രാജ്യാന്തര കമ്പനികള്‍ക്ക് എക്‌സ്‌പോ 2020 ദുബൈ വിശദീകരിക്കുന്നു. 1,60,000 ഹോട്ടല്‍ മുറികളാണ് എക്‌സ്‌പോയോടനുബന്ധിച്ചു ദുബൈ സന്ദര്‍ശകരെ സ്വാഗതം ചെയ്യാന്‍ അണിയിച്ചൊരുക്കുന്നത്. മധ്യപൗരസ്ത്യദേശം, ആഫ്രിക്ക, ദക്ഷിണ ഏഷ്യ മേഖലയിലെ വേള്‍ഡ് എക്‌സ്‌പോയാണ് 2020ല്‍ ദുബൈയില്‍ അരങ്ങേറുന്നത്. സന്ദര്‍ശകരില്‍ 70 ശതമാനവും യു എ ഇക്കു പുറത്തു നിന്നുള്ളവരായിരിക്കുമെന്നാണു പ്രതീക്ഷ.

2.5 കോടി സന്ദര്‍ശകരെയാണ് എക്‌സ്‌പോ അവസരത്തില്‍ ദുബൈ പ്രതീക്ഷിക്കുന്നതെന്ന് എക്‌സ്‌പോ 2020 ദുബൈ കമേഴ്‌സ്യല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഗില്ലിയന്‍ ഹാംബര്‍ഗര്‍ പറഞ്ഞു.

എക്‌സ്‌പോ സന്ദര്‍ശനം സംബന്ധിച്ച ടിക്കറ്റുകള്‍ നേരിട്ടും രാജ്യാന്തര തലത്തില്‍ ഏജന്‍സികള്‍ ഉള്‍പ്പെടെ മറ്റുമാര്‍ഗങ്ങളിലൂടെയും വില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ പവലിയന്‍ ഉദ്ഘാടന ശേഷം സ്ഥാനപതി നവ്ദീപ് സിംഗ് സൂരി വാര്‍ത്താലേഖകരോട് സംസാരിക്കുന്നു

“ഇന്ത്യ പ്രദര്‍ശിപ്പിക്കുന്നത്
സാംസ്‌കാരിക ബഹുസ്വരത”

സാംസ്‌കാരിക ബഹുസ്വരതയാണ് ലോകത്തിനു മുമ്പില്‍ ഇന്ത്യ പ്രദര്‍ശിപ്പിക്കുന്നതെന്ന് യു എ ഇ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി പറഞ്ഞു.

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ ഇന്‍ക്രഡിബിള്‍ ഇന്ത്യ പവലിയന്‍ ഉദ്ഘാടനത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീര്‍ മുതല്‍ കേരളം വരെ അനേകം സംസ്‌കാരങ്ങളുണ്ട്. ഇത്രയധികം വൈവിധ്യത ഇന്ത്യക്കു മാത്രം അവകാശപ്പെട്ടതാണെന്നും സ്ഥാനപതി പറഞ്ഞു.

ഈയിടെ ഇന്ത്യയിലുണ്ടായ അതിക്രമങ്ങള്‍ അങ്ങേയറ്റം വേദനാജനകമാണ്. പക്ഷേ, ഇന്ത്യ ഒറ്റക്കെട്ടായി അതിനെ എതിര്‍ത്തു. 120 കോടി ജനങ്ങളാണുള്ളതെന്ന കാര്യം കൂടി രാജ്യാന്തര വിമര്‍ശകര്‍ ഓര്‍ക്കണമെന്നും സ്ഥാനപതി ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ടൂറിസം മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മാനസ് രഞ്ജന്‍ പട്‌നായിക്ക്, ദുബൈ ഇന്ത്യ ടൂറിസം അസി ഡയറക്ടര്‍ ബ്രജ ബിഹാരി മുഖര്‍ജി പങ്കെടുത്തു. കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് എ ടി എമ്മിന് എത്തും.

 

Latest