നവജാതശിശുവിനെ കൊന്നു കുറ്റിക്കാട്ടില്‍ തള്ളിയ സംഭവം: മാതാവ് പിടിയില്‍

Posted on: April 23, 2018 12:31 pm | Last updated: April 23, 2018 at 12:31 pm

കൊല്ലം: പൂത്തൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് മാതാവ് അറസ്റ്റില്‍. പുത്തൂര്‍ സ്വദേശി അമ്പിളിയാണ് പോലീസ് പിടിയിലായത്. പ്രസവിച്ചയുടനെ കൊലപ്പെടുത്തിയ ശേഷം കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു. അമ്മയുടെ സഹായത്തോടെയാണ് ഇവര്‍ കുഞ്ഞിനെക്കൊന്നത്.

കൊല്ലം പവിത്രേശ്വരം പഞ്ചായത്തിലെ ഗുരുനാഥ മഹാദേവക്ഷേത്രത്തിന് സമീപത്തുള്ള പറമ്പില്‍ നിന്നാണ് കഴിഞ്ഞ ദിവസം കുട്ടിയുടെ മൃതദേഹം കണ്ടത്. കൈകാലുകള്‍ മുറിഞ്ഞ നിലയില്‍ കാണപ്പെട്ട മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് അമ്പിളി പിടിയിലായത്. കേസില്‍ അമ്പിളിയുടെ അമ്മ ഉഷ, ഭര്‍ത്താവ് മഹേഷ് എന്നിവര്‍ പോലീസ് കസ്റ്റഡിയിലാണ്.

രണ്ട് വര്‍ഷം മുമ്പ് വിവാഹിതയായ അമ്പിളിക്ക് മറ്റൊരു കുഞ്ഞുണ്ട്. രണ്ടാമതൊരു കുട്ടി വേണ്ടെന്നായിരുന്നു തീരുമാനമെങ്കിലും വീണ്ടും ഗര്‍ഭിണിയായി. തുടര്‍ന്ന് ഗര്‍ഭഛിത്രം നടത്താന്‍ ശ്രമിച്ചെങ്കിലും ആശുപത്രി അധികൃതര്‍ തയ്യാറായില്ല. തുടര്‍ന്ന് കുഞ്ഞ് ജനിച്ചാലുടന്‍ കൊലപ്പെടുത്താന്‍ അമ്പിളിയും അമ്മയും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. പ്രസവസമയത്ത് വീട്ടില്‍ ഇല്ലാതിരുന്ന അമ്പിളിയുടെ ഭര്‍ത്താവ് മഹേഷ് പിന്നീട് വീട്ടിലെത്തിയപ്പോള്‍ ചോരക്കറ കാണുകയും ഇതെന്താണെന്ന് ചോദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗര്‍ഭം അലസിപ്പോയെന്നും കുഞ്ഞിനെ ഒരു തുണിയിലാക്കി കളഞ്ഞെന്നുമാണ് ഇരുവരും മഹേഷിനോട് പറഞ്ഞത്.