National
കുട്ടികളെ പീഡിപ്പിച്ചാല്‍ വധശിക്ഷ: ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം
ന്യൂഡല്‍ഹി: കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം. ഓര്‍ഡിനന്‍സില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവെച്ചു. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിന് ക്രിമിനല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്തുള്ള ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ ഇന്നലെയാണ് അംഗീകാരം നല്‍കിയത്. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ശിക്ഷ നല്‍കുന്നതിനുള്ള പോക്സോ, സി ആര്‍ പി സി, ഐ പി സി, എവിഡന്‍സ് ആക്ട് എന്നിവയുടെ ഭേദഗതി തേടിയാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തുന്നതാണ് ഭേദഗതി. ഓര്‍ഡിനന്‍സ് പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പരിഗണിക്കും.
പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് കുറഞ്ഞത് ഇരുപത് വര്‍ഷം കഠിന തടവോ ജീവപര്യന്തമോ അല്ലെങ്കില്‍ വധശിക്ഷയോ നല്‍കും. കൂട്ടബലാത്സംഗത്തിന് ഇരയാക്കുന്നവര്‍ക്ക് ജീവപര്യന്തം തടവോ വധശിക്ഷയോ നല്‍കും. പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്കുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ പത്ത് വര്‍ഷത്തെ തടവില്‍ നിന്ന് ഇരുപത് വര്‍ഷമാക്കി ഉയര്‍ത്തി. ഇത് ജീവിതാവസാനം വരെ നല്‍കാമെന്നും വ്യക്തമാക്കുന്നുണ്ട്. സ്ത്രീകളെ പീഡിപ്പിക്കുന്നവര്‍ക്കുള്ള ഏറ്റവും കുറഞ്ഞ ശിക്ഷ ഏഴ് വര്‍ഷത്തെ കഠിന തടവില്‍ നിന്ന് പത്ത് വര്‍ഷമാക്കി ഉയര്‍ത്തി. ഇത്തരം കേസുകളില്‍ വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നുണ്ട്. ലൈംഗിക പീഡന കേസുകളിലെ വിചാരണയും രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. ഇത്തരം കേസുകളില്‍ ആറ് മാസത്തിനുള്ളില്‍ വിധിപ്രഖ്യാപനം നടത്തി തീര്‍പ്പ് കല്‍പ്പിക്കണമെന്നും വ്യക്തമാക്കുന്നുണ്ട്.
പതിനാറ് വയസ്സിന് താഴെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് വ്യവസ്ഥയില്ലെന്നും ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നുണ്ട്. കൂടാതെ പതിനാറ് വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ ഉള്‍പ്പെട്ട ലൈംഗിക പീഡന കേസുകളിലെ പ്രതികളുടെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുന്നതിന് പതിനഞ്ച് ദിവസം മുമ്പ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും ഇരയുടെ അഭിഭാഷകനും കോടതി നോട്ടീസ് നല്‍കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. കത്വ, ഉന്നാവോ ബലാത്സംഗ കേസുകളുടെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ അരങ്ങേറിയതോടെയാണ് സര്‍ക്കാര്‍ നിയമ ഭേദഗതിയുമായി രംഗത്തെത്തിയത്. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമമായ പോക്സോയില്‍ ഭേദഗതി വരുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യാന്‍ ഉദ്ദേശിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.




