മോദി ‘മൗനി ബാബ’; രാജ്യതലസ്ഥാനം വിദേശത്തേക്ക് മാറ്റണം: ശിവസേന

Posted on: April 22, 2018 10:47 am | Last updated: April 22, 2018 at 10:47 am
SHARE

മുംബൈ: ആഭ്യന്തര കാര്യങ്ങള്‍ സംബന്ധിച്ച് വിദേശ മണ്ണില്‍ പോയി അഭിപ്രായം പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് എന്‍ ഡി എ സഖ്യകക്ഷിയായ ശിവസേന. സാമ്പത്തിക തട്ടിപ്പ് നടത്തി വിജയ് മല്യ ലണ്ടനില്‍ കഴിയവെ, ഇക്കാര്യത്തില്‍ ഒരു പുരോഗതിയുമുണ്ടാക്കാതെ ഒഴിഞ്ഞ കൈകളുമായാണ് മോദി ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയതെന്നും ശിവസേന കുറ്റപ്പെടുത്തി. പ്രധാനമന്ത്രി മോദി ‘മൗനി ബാബ’യാണെന്നും രാജ്യതലസ്ഥാനം വിദേശത്തേക്ക് മാറ്റണമെന്നും ശിവസേന ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി എപ്പോഴും വിദേശ സന്ദര്‍ശനത്തിലായിരിക്കുന്നതുകൊണ്ട് ഇതാണ് നല്ലതെന്നും ശിവസേന മുഖപത്രമായ സാമ്‌നയുടെ മുഖപ്രസംഗത്തില്‍ പറയുന്നു.

സന്ദര്‍ഭത്തിനനുസരിച്ച് സംസാരിക്കണമെന്ന മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ ഉപദേശം മോദി ചെവികൊള്ളണം. മന്‍മോഹന്‍ പറഞ്ഞത് അര്‍ധസത്യം മാത്രമാണ്. ഇന്ത്യയില്‍ മൗനിബാബ (മൂകസാക്ഷി) മാത്രമാണ് മോദി, പക്ഷെ വിദേശത്ത് വായ തുറക്കും. പ്രതികരിക്കേണ്ട രാജ്യത്തെ പ്രധാന പ്രശ്‌നങ്ങള്‍ വിദേശത്ത് എത്തുമ്പോഴാണ് പ്രധാനമന്ത്രിക്ക് ഓര്‍മ വരുന്നത്. കത്വ, ഉന്നാവോ പീഡനങ്ങളെ കുറിച്ച് മോദിയുടെ പ്രതികരണം വന്നത് ലണ്ടനില്‍ വെച്ചായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ശിവസേനയുടെ പരിഹാസം. മോദി ലണ്ടനില്‍ പോയപ്പോള്‍ ഇന്ത്യക്കാരെല്ലാം സന്തോഷത്തിലായിരുന്നു. വായ്പാ തട്ടിപ്പ് നടത്തി നാടുവിട്ട വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാന്‍ പോകുന്നുവെന്നായിരുന്നു പാവം ഇന്ത്യക്കാര്‍ കരുതിയത്. എന്നാല്‍, ഇന്ത്യയില്‍ നടന്ന കാര്യങ്ങളില്‍ പ്രതികരിക്കാന്‍ ഒരിടം തേടിയായിരുന്നു പ്രധാനമന്ത്രി അങ്ങോട്ട് പോയത്. വെറും കൈയോടെ അദ്ദേഹം മടങ്ങിവരുമ്പോള്‍ മാത്രമേ ഇത് ജനങ്ങള്‍ക്ക് മനസിലാവൂ.

കത്വ, ഉന്നാവോ പീഡനങ്ങളെ രാഷ്ട്രീയവത്കരിക്കുന്ന ബി ജെ പിയുടെ നയത്തെയും സാമ്‌ന വിമര്‍ശിച്ചു. നിര്‍ഭയ കേസില്‍ മോദിയുടെ വിചാരധാര മറ്റൊന്നായിരുന്നുവെന്നും സാമ്‌ന ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി വിദേശത്ത് പോയി സ്ത്രീപീഡനം, അഴിമതി, കള്ളപ്പണം തുടങ്ങിയ വിഷയങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍ രാജ്യത്തിന്റെ പ്രതിച്ഛായയാണ് നഷ്ടമാകുന്നത് എന്ന് മനസ്സിലാക്കണമെന്ന് സാമ്‌ന ഉപദേശിക്കുന്നു. കോണ്‍ഗ്രസിനെ കുറിച്ച് കുറ്റം പറഞ്ഞാണ് മോദി അധികാരത്തിലെത്തിയത്. എന്നാല്‍ മോദിക്ക് ഈ നിലയില്‍ അധിക കാലം തുടരാനാകില്ല. നാട്ടിലെ കാര്യങ്ങളില്‍ വിദേശത്ത് പോയി പ്രതികരിക്കുന്നത് അദ്ദേഹത്തിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്ന സദുപദേശം നല്‍കാനും സാമ്‌ന മുഖപ്രസംഗം മറന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here