Connect with us

Kerala

വില സര്‍വകാല റെക്കോര്‍ഡിലേക്ക്; ഇന്ധന വില പൊള്ളിക്കും

Published

|

Last Updated

കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍ ഡീസല്‍ വില സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിക്കുന്നു. അടുത്ത കാലത്തെങ്ങുമില്ലാത്ത വിധത്തിലാണ് ഇന്ധന വില കുതിക്കുന്നത്. ഇന്നലെ പെട്രോളിന് 13 പൈസയും ഡീസലിന് 16 പൈസയും വര്‍ധിച്ചതോടെ ഇന്ധനവിലയില്‍ സമാനതകളില്ലാത്ത വര്‍ധനവാണുണ്ടായിരിക്കുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തും പെട്രോളിന് 78.17 രൂപയും ഡീസലിന് 71.02 രൂപയുമാണ് ഇന്നലത്തെ വില. പെട്രോളിന് 77.12 ഉം ഡീസലിന്70.02 രൂപയുമാണ് കോഴിക്കോട്ടെ വില.

കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ രണ്ട് രൂപക്ക് മുകളിലാണ് പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിച്ചത്. ഈ മാസം 11ന് പെട്രോളിന് 76.62 ഉം ഡീസലിന് 69.161 രൂപയുമായിരുന്നു വിലയുണ്ടായിരുന്നത്. കഴിഞ്ഞ മാര്‍ച്ച് 17 മുതല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഓരോ ദിവസവും കൂടുകയാണ്. ഒരു മാസത്തിനുള്ളില്‍ മാത്രം ഡീസല്‍ വിലയില്‍ ശരാശരി രണ്ടര രൂപയും പെട്രോളിന് രണ്ട് രൂപക്കും മുകളിലായിരുന്നു വര്‍ധന. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ഒന്നിന് ഡീസലിന് 59.65 രൂപയും പെട്രോളിന് 69.19 രൂപയുമായിരുന്നു വില. ഒരു വര്‍ഷത്തിനിടെ ഡീസലിന് 10 രൂപയോളവും പെട്രോളിന് ഏഴ് രൂപക്കു മുകളിലുമാണ് വില വര്‍ധിച്ചത്. ഈ വര്‍ഷം ഇതുവരെ നാല് രൂപയോളമാണ് പെട്രോളിന് വര്‍ധിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് ഇന്നലെ 74.21 രൂപയിലെത്തി. ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വെബ്‌സൈറ്റ് അനുസരിച്ച് ഡല്‍ഹിയില്‍ ഡീസല്‍ വില ഇന്നലെ 65.46 രൂപയാണ്. കൊല്‍ക്കത്ത, മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും ഇന്ധനവില ഉയരുകയാണ്. ദിനേന വില പുനഃക്രമീകരണം വന്നതോടെ ഇന്ധന വില ദിവസേന മാറുന്നതിനാല്‍ വിലവര്‍ധന ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്. ദിവസവും അഞ്ചോ പത്തോ പൈസ മാത്രമാകും മാറുന്നത്. എന്നാല്‍, ഒരുമാസത്തെ കണക്കെടുക്കുമ്പോഴാണ് വന്‍മാറ്റം വ്യക്തമാവുന്നത്.

ഇന്ധന വിലവര്‍ധന നാള്‍ക്കുനാള്‍ കൂടിയതോടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും അധികം ഇന്ധന വില ഈടാക്കുന്ന രാജ്യമായി ഇന്ത്യ മാറുകയും ചെയ്തു. ഇന്ത്യ ഏറ്റവും കൂടുതല്‍ ഇന്ധനം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ്. സാധാരണക്കാരന്റെ കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് ഇന്ധനവില കുതിച്ചുയരുന്നത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കും. സ്വന്തമായി വാഹനം ഉള്ളവരുടെ യാത്രാചെലവ് ദിനംപ്രതി വര്‍ധിക്കുകയാണ്. പെട്രോള്‍ വില കുതിച്ചുയരുന്നത് ഇരുചക്രവാഹനമുള്ളവരെയാണ് ഏറ്റവും അധികം ബാധിക്കുന്നത്. നിരത്തില്‍ ഏറ്റവുമധികം ഉള്ളതും ഇരുചക്രവാഹനങ്ങളാണ്. ഇന്ധനവില വര്‍ധനവ് ഏറ്റവും തിരിച്ചടിയായിരിക്കുന്നത് സ്വന്തം സംരംഭങ്ങളുമായി സേവനമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാധാരണക്കാരെയാണ്. മത്സ്യവില്‍പനക്കാര്‍ ഉള്‍പ്പെടെയുള്ള സ്‌കൂട്ടറിനേയും ബൈക്കിനേയും ആശ്രയിക്കുന്ന സാധാരണക്കാര്‍ക്ക് അക്ഷരാര്‍ഥത്തില്‍ ഇത് കനത്ത പ്രഹരമാണ്. കാര്‍ വാങ്ങുന്നവരില്‍ പലരും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് വണ്ടി പുറത്തേക്ക് എടുക്കുന്നത്. കടബാധ്യതയില്‍ നട്ടം തിരിയുന്ന കെ എസ് ആര്‍ ടി സിക്കും ഡീസല്‍ വില വര്‍ധനവ് ഇരട്ടി പ്രഹരമാണ്.സ്വകാര്യബസുകളുടെ കാര്യവും വ്യത്യസ്തമല്ല.

അതേസമയം, സംസ്ഥാനത്ത് ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 20,000 യാനങ്ങളുടെ പ്രവര്‍ത്തനത്തെ ഡീസലിന്റെ ക്രമാതീതമായ വില വര്‍ധന അവതാളത്തിലാക്കിയിരിക്കുകയാണ്. കൊച്ചിയില്‍ നിന്നും വിദൂര മത്സ്യബന്ധനത്തിന് പോകുന്ന 600 ഓളം ബോട്ടുകളുണ്ട്. 3500 ട്രോള്‍ ബോട്ടുകളും, 60 ഓളം ഇന്ധന വില പൊള്ളിക്കുന്ന പേഴ്‌സ്‌സീന്‍ ബോട്ടുകളും, 400 ഓളം ഇന്‍ബോര്‍ഡ് വള്ളങ്ങളും ഇന്ധനമായി ഡീസലാണുപയോഗിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഡീസലിന്റെ വില വര്‍ധന മൂലം വിദൂര മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകള്‍ക്ക് ഒരു തവണ മീന്‍ പിടിക്കാന്‍ പോകുമ്പോള്‍ 40,000 രൂപ മുതല്‍ 60,000 രൂപ വരെ അധിക ചെലവു വരുത്താനിടയാക്കുന്നുണ്ടെന്നാണ് മത്സ്യമേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.
രാജ്യത്തെ ചരക്കുഗതാഗതം പ്രധാനമായും ആശ്രയിക്കുന്ന ഡീസലിന് ഒരുമാസത്തിനിടെ രണ്ടര രൂപ കൂടിയത് അവശ്യസാധനങ്ങള്‍ക്കുള്‍പ്പെടെ വിലവര്‍ധനക്ക് കാരണമാകും.

 

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി