വീണ്ടും കൊടും ക്രൂരത; ഇന്‍ഡോറില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നു

Posted on: April 21, 2018 10:51 am | Last updated: April 21, 2018 at 12:34 pm

ഇന്‍ഡോര്‍: രാജ്യത്ത് കുരുന്നുകളോടുള്ള ക്രൂരത അവസാനിക്കുന്നില്ല. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്നു. നാടോടി ദമ്പതികളുടെ കുഞ്ഞിനെ ഇന്ന് പുലര്‍ച്ചെയോടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് സുനില്‍ ഭീല്‍ (21) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായത്.

അമ്മക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ ഇയാള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പിന്നീട് 50 മീറ്റര്‍ മാറി ഒഴിഞ്ഞ സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു. ബലൂണ്‍ കച്ചവടക്കാരായ കുട്ടിയുടെ മാതാപിതാക്കള്‍ രാജ്‌വാഡെ കോട്ടയുടെ വെളിയില്‍ കിടന്നുറങ്ങുകയായിരുന്നു. പ്രതിയും ഇവര്‍ക്കൊപ്പമാണ് കിടന്നുറങ്ങിയിരുന്നത്.

ഒരു കടയുടെ മുന്നിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ തലയില്‍ മുറിവ് ഉണ്ടായിരുന്നു. പീഡിപ്പിച്ച ശേഷം കുഞ്ഞിനെ നിലത്തെറിഞ്ഞെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.