ഐ പി എല്ലിനെ രക്ഷിച്ചതാരെന്ന് ഗെയില്‍ പറഞ്ഞ് തരും !

Posted on: April 21, 2018 6:03 am | Last updated: April 21, 2018 at 12:01 am

ന്യൂഡല്‍ഹി: ഐ പി എല്ലില്‍ അഞ്ച് സെഞ്ച്വറികള്‍. റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി 91 മത്സരങ്ങളില്‍ നിന്ന് അടിച്ച് കൂട്ടിയത് 3420 റണ്‍സ്. താരലേലത്തില്‍ ഈ കണക്കുകളൊന്നും ഫ്രാഞ്ചൈസികള്‍ മുഖവിലക്കെടുത്തില്ല. വിന്‍ഡീസിന്റെ എക്കാലത്തേയും മികച്ച ട്വന്റി20 ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്ല്‍ എടുക്കാചരക്കായി മാറിയപ്പോള്‍ ക്രിക്കറ്റ് ലോകം ഒന്നമ്പരന്നു.

ഒടുവില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് രണ്ട് കോടി രൂപക്ക്, അടിസ്ഥാന വില നല്‍കി ഗെയ്‌ലിനെ ടീമില്‍ ചേര്‍ത്തു. ഐ പി എല്ലിന്റെ പതിനൊന്നാം എഡിഷനില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ക്കും പഞ്ചാബ് ഇറങ്ങിയത് ഗെയ്‌ലിനെ കരക്കിരുത്തിയിട്ട്. മൂന്നാം മത്സരം വിജയയാത്ര ആരംഭിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ. ഗെയിലിന് അവസരം. 33 പന്തുകളില്‍ 63 റണ്‍സുമായി ഗെയില്‍ പഞ്ചാബിന് ജയമൊരുക്കി. അടുത്ത മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ തകര്‍പ്പന്‍ സെഞ്ച്വറി. ഐ പി എല്ലിലെ ആറാമത്തേത്. ട്വന്റി20യില്‍ ഗെയില്‍ നേടുന്ന ഇരുപത്തൊന്നാമത്തെ സെഞ്ച്വറി !

മാന്‍ ഓഫ് ദ മാച്ച് പട്ടം നേടിയ ശേഷം ഗെയില്‍ പറഞ്ഞു. വിരേന്ദര്‍ സെവാഗിന് നന്ദി, അയാള്‍ ഐ പി എല്ലിനെ രക്ഷിച്ചു !
ഐ പി എല്ലിന് ആവേശം പകരാന്‍ ഒടുവില്‍ താന്‍ തന്നെ വേണ്ടി വന്നുവെന്ന് മറ്റ് ഫ്രാഞ്ചൈസികളോട് ഗെയില്‍ പരിഹാസച്ചുവയോടെ മറുപടി നല്‍കിയിരിക്കുന്നു.

പഞ്ചാബിന്റെ ക്രിക്കറ്റ് ഓപറേഷന്‍സ് മേധാവിയായ വിരേന്ദര്‍ സെവാഗിന്റെ നിര്‍ബന്ധമായിരുന്നു ഗെയില്‍ ടീമില്‍ വേണമെന്ന്.